ADVERTISEMENT

മാറിയ ജീവിതശൈലിയും മാനസിക സമ്മർദ്ദവും മൂലം പലർക്കും കൂടുതൽ പ്രായം തോന്നിപ്പിക്കാറുണ്ട്. എന്നാലിനി അകാല വാർധക്യത്തെ പേടിക്കണ്ട. ദിനചര്യകളിൽ കുറച്ചു മാറ്റം വരുത്താൻ തയാറായാൽ അകാലവാർധക്യത്തെ തടയാം. ശീലമാക്കാം ഈ ആറു കാര്യങ്ങൾ

1. അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ശരീരത്തെ സംരക്ഷിക്കാം

അൾട്രാവയലറ്റ് രശ്മികൾ നേരിട്ടു ശരീരത്തിലേക്ക് പതിക്കുന്ന സാഹചര്യം കഴിവതും ഒഴിവാക്കണം. അതു ശരീരത്തിൽ നിറംമാറ്റം ഉണ്ടാക്കുന്നതിനു പുറമേ പൊള്ളലും പാടുകളും വരാനും കാരണമാകും. ചർമത്തിൽ ചുളിവുകൾ വീഴാനും അതുവഴി പ്രായക്കൂടുതൽ തോന്നാനും ഇടയാക്കും. ഇതൊഴിവാക്കാൻ, പകൽ പുറത്തു പോകുമ്പോൾ എസ്പിഎഫ് 30 നു മുകളിലുള്ള സൺസ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

2. വിറ്റാമിനുകൾ നിറഞ്ഞ ഭക്ഷണം കഴിക്കുക

വിറ്റമിൻ സി, വിറ്റമിൻ ഇ തുടങ്ങിയവ അടങ്ങിയ ആഹാരം ശീലമാക്കുക. അതു ശരീരത്തിന്റെ ഇലാസ്തികത വർധിപ്പിക്കാൻ സഹായിക്കുന്നു. നട്ട്സ്, പാലുൽപന്നങ്ങൾ, സസ്യ എണ്ണകൾ, പച്ചിലക്കറികൾ, നാരങ്ങ, ഓറഞ്ച്, കിവി പോലെയുള്ള ഫലവർഗ്ഗങ്ങൾ എന്നിവയിൽ ഈ വിറ്റമിനുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ നിത്യവും ഭക്ഷണത്തിലുൾപ്പെടുത്താൻ ശ്രദ്ധിക്കുക.

3. മാനസിക സമ്മർദ്ദമകറ്റാം

മാനസിക സമ്മർദ്ദം വല്ലാതെ വർധിക്കുമ്പോൾ അതിന്റെ മാറ്റം മുഖത്തും മുടിയിലുമാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്. അതുകൊണ്ട് ഏതുപ്രതിസന്ധി ഘട്ടത്തിലും മനസ്സിനെ റിലാക്സ് ചെയ്തു നിർത്താനുള്ള കാര്യങ്ങൾ പരിശീലിക്കാം. യോഗ, മെഡിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവ ഒരു പരിധി വരെ മാനസിക സമ്മർദ്ദങ്ങളെ അകറ്റാൻ സഹായിക്കും. അതുകൂടാതെ മനസ്സിന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വിനോദങ്ങളിലും ഏർപ്പെടാം. പടം വരയ്ക്കാം, ഇഷ്ടമുള്ള ആഹാരം പാകം ചെയ്യാം, പാട്ടുപാടാം, വ്യായാമം ചെയ്യാം.

4. ഉറങ്ങുന്നതിനു മുൻപ് മേക്കപ് മാറ്റാം

എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് തീർച്ചയായും മേക്കപ് മാറ്റണം. അല്ലാത്ത പക്ഷം അത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകാൻ കാരണമാകുകയും അതുവഴി നിരവധി ചർമ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. ചർമത്തിൽ പാടുകൾ, ചുളിവുകൾ എന്നിവയുണ്ടാകാൻ ഇത് കാരണമാകും. എല്ലാദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് മേക്കപ് മാറ്റിയാൽ മാത്രമേ ചർമത്തിന് നന്നായി ശ്വസിക്കാനും അതുവഴി മുഖചർമത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും സാധിക്കൂ.

5. മോയ്സചറൈസ് ചെയ്യാം

കുളികഴിഞ്ഞാലുടൻ ശരീരത്തിൽ മോയ്സചറൈസിങ് ക്രീമുകൾ പുരട്ടാൻ ശ്രദ്ധിക്കണം. ചർമത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും വേണ്ടിയാണ് ഇത്. ഗ്ലിസറിൻ, മിനറൽ ഓയിൽ, ഹൈലുറോണിക് ആസിഡ് തുടങ്ങിയവ ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.

6. ധാരാളം വെള്ളം കുടിക്കാം

ദിവസവും കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിച്ചാൽ അതിന്റെ പ്രതിഫലനം ശരീരത്തിലുമുണ്ടാകും. ശരീരത്തിന് വഴക്കവും മയവും വരാൻ വെള്ളംകുടി സഹായിക്കും. ചർമത്തിലെ വരൾച്ച കുറയുമെന്നതിനാൽ ശരീരത്തിലെ പാടുകളും ചുളിവുകളും മാറുകയും ചെയ്യും. 

English Summary : Anti ageing skin tips to have best skin in your 40s

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com