മേക്കപ് ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തല്ലേ; സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് പറയുന്നു

common-makeup-mistakes-revealed-by-celebrity-makeup-artist
Image Credit : Vladimir Gjorgiev / Shutterstock.com
SHARE

മേക്കപ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർ പരീക്ഷണങ്ങൾ ചെയ്യാനും താൽപര്യമുള്ളവരായിരിക്കും. മേക്കപ്പിലെ പുതുമകള്‍ക്കായി യുട്യൂബ് മേക്കപ് ട്യൂട്ടോറിയൽസ് നോക്കിയോ എവിടെയെങ്കിലും വായിച്ചതോ കേട്ടതോ ആയ അറിവുകൾ വച്ചോ ആണ് പലരും മേക്കപ് പരീക്ഷണങ്ങൾ നടത്താറുള്ളത്. എന്നാൽ അത്തരം പരീക്ഷണങ്ങൾ പല അബദ്ധങ്ങളിലേക്കും നയിക്കും. മാത്രമല്ല, മേക്കപ്പിന്റെ അടിസ്ഥാന കാര്യങ്ങളിൽ വരെ തെറ്റുകൾ പറ്റുന്നവരുണ്ട്. മേക്കപ്പിന്റെ അടിസ്ഥാന കാര്യങ്ങളിലെ തെറ്റുകൾ മുഖത്തെ വികലമാക്കി മാറ്റുമെന്നാണ് പ്രശസ്ത സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആഞ്ചൽ ചൂങ് പറയുന്നത്.

സാധാരണയായി അങ്ങനെ സംഭവിക്കുന്ന ഏഴ് മേക്കപ് അബദ്ധങ്ങളെക്കുറിച്ച് ആഞ്ചൽ വിശദീകരിക്കുന്നതിങ്ങനെ:

1. പുരികത്തിൽ അധികം പരീക്ഷണങ്ങൾ വേണ്ട

മേക്കപ്പിനെക്കുറിച്ച് അധികം ധാരണയൊന്നുമില്ലാത്തവർ സാധാരണയായി പരീക്ഷണങ്ങൾ തുടങ്ങുന്നത് പുരികത്തിൽ നിന്നാണ്. പുരികം നല്ല കട്ടിയിലങ്ങു വരയ്ക്കും. ഇത് നിങ്ങളുടെ സൗന്ദര്യം വർധിപ്പിക്കില്ലെന്നു മാത്രമല്ല കാണാൻ വളരെ അരോചമായിരിക്കുകയും ചെയ്യും. വളരെ ലളിതമായി വേണം പുരികത്തിൽ മേക്കപ് ചെയ്യാൻ. അൽപം ബ്രോ മസ്കാര മാത്രം മതി പുരികം ഭംഗിയാക്കാൻ. ഇത് പുരികത്തിന് നാച്ചുറൽ ലുക്ക് നൽകുകയും പുരികം വൃത്തിയായിരിക്കാൻ സഹായിക്കുകയും ചെയ്യും.

2. കണ്ണെഴുതുമ്പോഴും ശ്രദ്ധ വേണം

കൈയിൽക്കിട്ടുന്ന ഐലൈനറെടുത്ത് കനത്തിൽ കൺപോളയിൽ വരച്ചു കളയും ചിലർ. സ്മഡ്ജിങ് ഇഫക്റ്റ് കിട്ടാനാണെന്ന് വാദിക്കുകയും ചെയ്യും. അങ്ങനെ ചെയ്താൽ കണ്ണിന്റെ ലുക്ക് മൊത്തത്തിൽ കുളമാവുകയാണ് ചെയ്യുന്നത്. ഐലൈനറുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ഐലൈനറിന്റെ അറ്റത്തായി സ്മഡ്ജ് സ്റ്റിക് ഉള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അങ്ങനെയായാൽ നേർത്ത ലൈനിൽ കണ്ണെഴുതിയാലും അത് സ്മഡ്ജ് ആയി കണ്ണിന് വളരെ നല്ല ലുക്ക് തരാൻ സഹായിക്കും.

3.  ബ്ലെൻഡ് ചെയ്തോളൂ പക്ഷേ കുളമാക്കരുത്

മേക്കപ് വസ്തുക്കൾ ബ്ലെൻഡ് ചെയ്തുള്ള പരീക്ഷണങ്ങൾ എല്ലാവർക്കുമിഷ്ടമാണ്. ബ്ലെൻഡ് ചെയ്യുമ്പോൾ ഒരു കാര്യം തീർച്ചയായും ശ്രദ്ധിക്കണം. ബ്ലെൻഡ് ചെയ്യാൻ നിലവാരമുള്ള ബ്രഷുകൾ ഉപയോഗിക്കണം. അത് വൃത്തിയുള്ളതായിരിക്കണം. മുഖത്തുപയോഗിക്കുന്ന അതേ സൗന്ദര്യവർധക വസ്തുക്കൾ തന്നെ കഴുത്തിലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

4. ബ്ലഷിടുമ്പോൾ ചിരിക്കല്ലേ

മുഖം ഫ്രഷ് ആയും ബ്രൈറ്റ് ആയും തോന്നാനാണ് സാധാരണയായി ബ്ലഷ് ഉപയോഗിക്കുന്നത്. സ്കിൻ കോംപ്ലക്‌ഷൻ നന്നായിരിക്കാൻ പുരട്ടുന്ന ബ്ലഷിന്റെ ഉപയോഗം ശരിയായ രീതിയിലല്ലെങ്കിൽ അത് മുഖത്തിന്റെ ലുക്ക് തന്നെ മാറ്റും. ബ്ലഷ് ചെയ്യുമ്പോൾ വെറുതെ ചിരിക്കുന്ന ശീലം പല സ്ത്രീകൾക്കുമുണ്ട്. അങ്ങനെ ചെയ്താൽ, പ്രായം മുന്നോട്ടു ചെല്ലുന്തോറും മുഖം വലിഞ്ഞ് താഴോട്ടു തൂങ്ങും. ബ്ലഷ് ചെയ്യുമ്പോൾ ചിരിക്കുന്ന ശീലമുണ്ടെങ്കിൽ എത്രയും വേഗം ആ സ്വഭാവം മാറ്റണം.

5. ഫൗണ്ടേഷൻ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക

മുഖത്തിന്റെ നിറത്തിനു ചേരുന്ന ഫൗണ്ടേഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ മുഖത്തിന് വളരെ മോശം ലുക്ക് തരും. മുഖത്തിന്റെ പോരായ്മകൾ മറയ്ക്കാനാണ് ഫൗണ്ടേഷൻ എന്നതിനാൽ ആ കാര്യം മനസ്സിൽ വച്ച് സൂക്ഷ്മമായി അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കുക.

6. മേക്കപ് കിറ്റിലും വേണം ശ്രദ്ധ

വൃത്തി മേക്കപ്പിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്. മേക്കപ്പിനുപയോഗിക്കുന്ന ബ്രഷും മേക്കപ് കിറ്റും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ ഇൻഫെക്‌ഷൻ, റാഷസ് പോലെയുള്ള ചർമപ്രശ്നങ്ങൾക്ക് കാരണമാകും. ഡിസ്പോസ് ചെയ്യേണ്ടവ ഒറ്റ ഉപയോഗത്തിനു ശേഷം ഉപേക്ഷിക്കുക. അല്ലാത്തവ ചെറുചൂടുവെള്ളത്തിൽ കഴുകിയുണക്കി വൃത്തിയായി സൂക്ഷിക്കുക. കഴിവതും സ്വന്തം മേക്കപ് കിറ്റ് മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

7. ഗ്ലിറ്ററുകൾ ശരിയായി ഉപയോഗിക്കുക

പകൽസമയത്ത് മേക്കപ്പിനൊപ്പം ഗ്ലിറ്ററുകളുപയോഗിക്കുന്നതു പോലെയുള്ള ആനമണ്ടത്തരം വേറെയില്ല. രാത്രി പാർട്ടികൾക്കോ മറ്റോ അത് നിർബന്ധമാണെങ്കിൽ വളരെ കുറച്ചുമാത്രം ഉപയോഗിക്കുക. ഗ്ലിറ്ററിന്റെ അളവു കൂടിയാൽ അത് അഭംഗിയായിരിക്കുമെന്നു മാത്രമല്ല, മൊത്തം മേക്കപ്പിനെയും ലുക്കിനെയും തന്നെ മോശമായി ബാധിക്കും.

English Summary : These are common makeup mistakes, revealed  by celebrity makeup artist 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA