ADVERTISEMENT

ആവിയിൽ വേവുന്ന പുട്ടും ഇടിയപ്പവും കറുമുറെ കൊറിക്കാനുള്ള മുറുക്കും അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കാൻ മാത്രമല്ല അരിപ്പൊടി. ചർമസംരണത്തിനുള്ള പ്രകൃതിദത്ത കൂട്ടുകൂടിയാണിത്. ചർമത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ അരിപ്പൊടിക്കു കഴിയും. സൂര്യതാപവും ചർമത്തിലെ കറുത്ത പാടുകളുമകറ്റാൻ അരിപ്പൊടി കഴിഞ്ഞേയുള്ളൂ മറ്റെന്തും. 

അരിപ്പൊടിയിലടങ്ങിയിരിക്കുന്ന അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവയാണ് സൂര്യതാപത്തിൽനിന്ന് ചർമത്തെ സംരക്ഷിക്കുന്നത്. അരിപ്പൊടി പ്രകൃതിദത്തമായ ഒരു സൺസ്ക്രീൻ പോലെ പ്രവർത്തിക്കും. ചർമത്തിലെ കറുത്ത പാടുകൾ, പ്രായമേറുന്തോറും ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവയെ പ്രതിരോധിക്കാനും അരിപ്പൊടി സഹായിക്കുന്നു. ഇത് ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ വലിച്ചെടുക്കുന്നു. അതുകൊണ്ടു തന്നെ എണ്ണമയമുള്ള ചർമക്കാർക്കും ഈ അരിപ്പൊടി വിദ്യ ധൈര്യമായി പരീക്ഷിക്കാം. അരിപ്പൊടിയിൽ നിറയെ വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമത്തിൽ പുതിയ കോശങ്ങളുടെ നിർമിതിക്ക് സഹായിക്കുന്നു.

അരിപ്പൊടി ഫെയ്സ്പാക്ക് ഇങ്ങനെ തയാറാക്കാം

രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി, രണ്ട് ടേബിൾ സ്പൂൺ തണുത്ത പാൽ, അരസ്പൂൺ മിൽക്ക് ക്രീം, അരസ്പൂൺ കാപ്പിപ്പൊടി എന്നിവയാണ് ഫെയ്സ്പാക് തയാറാക്കാൻ വേണ്ടത്.

മുകളിൽ പറഞ്ഞ ചേരുവകളെല്ലാം ഒരു ബൗളിലെടുത്ത് നന്നായി ഇളക്കുക. മൃദുവായ ഒരു പേസ്റ്റ് കിട്ടുന്നതുവരെ അതുതുടരുക. കണ്ണിനു തൊട്ടു താഴെയുള്ള ഭാഗം ഒഴിവാക്കി വേണം ഇത് പുരട്ടുവാൻ. 20 മിനിറ്റിനു ശേഷം മിശ്രിതം ഉണങ്ങിക്കഴിയുമ്പോൾ ശുദ്ധമായ തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകാം. ഇതിനു ശേഷം മുഖത്ത് ഏതെങ്കിലും മോയ്സചറൈസിങ് ക്രീം പുരട്ടാൻ മറക്കരുത്.

ചർമത്തിലെ പിഎച്ച് മൂല്യം നിലനിർത്തി പ്രകൃതിദത്തമായ ഒരു ക്ലെൻസർ പോലെ പ്രവർത്തിക്കാനുള്ള കഴിവ് മിൽക്ക് ക്രീമിനുണ്ട്. ചർമത്തിലെ അനാവശ്യമായ എണ്ണമയത്തെ അരിപ്പൊടി വലിച്ചെടുക്കുമ്പോൾ മിൽക്ക് ക്രീമിലുള്ള മിൽക്ക് ഫാറ്റ് ചർമത്തെ മോയ്സചറൈസ് ചെയ്യുന്നു. തണുത്ത പാൽ ചർമത്തെ മൃദുവാക്കുന്നതിനൊപ്പം സൂര്യതാപം മൂലമുണ്ടായ ചർമപ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. കാപ്പിപ്പൊടി രക്തയോട്ടം വർധിപ്പിക്കുകയും അതുവഴി ചർമത്തിന് കൂടുതൽ തിളക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

English Summary : Rice flour is a MIRACLE ingredient you need in your skincare routine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com