ADVERTISEMENT

എണ്ണമയമുള്ള ചർമക്കാർക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ടെന്ന്. മുഖം ഒപ്പിയും ഇടയ്ക്കിടെ മുഖം കഴുകിയും ചർമത്തെ വൃത്തിയായി സൂക്ഷിക്കാൻ അവർ വല്ലാതെ വലയാറുണ്ട്. എണ്ണമയമുള്ള ചർമമാണെന്ന് തിരിച്ചറിഞ്ഞാൽ ഈ അഞ്ചു തെറ്റുകൾ ആവർത്തിക്കരുത്.

എപ്പോഴും മുഖം കഴുകല്ലേ

എണ്ണമയമുള്ള ചർമമുള്ളവരുടെ സ്ഥിരം പരിപാടിയാണ് എപ്പോഴും മുഖം കഴുകുന്നത്. അതുകൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ലെന്നു മാത്രമല്ല ദോഷം മാത്രമേയുള്ളൂ. ഇടവിട്ട് മുഖം കഴുകുന്നതുകൊണ്ട് ചർമത്തിലെ എണ്ണമയം കുറയില്ല. അത്ര അത്യാവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ മാത്രം മുഖം കഴുകാം. 

ചർമത്തിലെ ജലാംശം നഷ്ടപ്പെടും

ചർമത്തിൽ തീരെ ജലാംശമില്ലെങ്കിൽ അത് എണ്ണയുൽപാദിപ്പിക്കുന്ന ഗ്രന്ഥിക്ക് ചില സൂചനകൾ നൽകും. അതനുസരിച്ച് ചർമത്തെ മോയിസ്ചറൈസ് ചെയ്യാൻ എണ്ണഗ്രന്ഥി കൂടുതൽ എണ്ണ ഉൽപാദിപ്പിക്കുകയും ചർമം വീണ്ടും എണ്ണമയമുള്ളതാവുകയും ചെയ്യും. അതിനാൽ വെള്ളം കുടിക്കാൻ മടി കാണിക്കരുത്.

മോയ്സചറൈസ് ചെയ്യാതിരിക്കല്ലേ

ചർമത്തെ മോയ്സചറൈസ് ചെയ്യാതിരുന്നാൽ എണ്ണമയം പൊയ്ക്കൊള്ളുമെന്ന മിഥ്യാധാരണ പുലർത്തുന്നവർ ഏറെയുണ്ട്. എന്നാൽ അത് തെറ്റിദ്ധാരണ മാത്രമാണ്. മോയ്സചറൈസിങ് ഒഴിവാക്കുന്നത് വലിയ മണ്ടത്തരമാണ്. എണ്ണമയത്തെ നിയന്ത്രിക്കാനുള്ള ഫെയ്സ്‌വാഷോ ടോണറോ ഉപയോഗിച്ചാൽ തീർച്ചയായും വളരെ നേർത്ത, വാട്ടർ ബേസ്ഡായ ഒരു മോയ്സചറൈസർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ചർമം വരളാതെ കാക്കാൻ അതു സഹായിക്കും. മോയ്സചറൈസിങ് തീർത്തും ഒഴിവാക്കുന്നതുകൊണ്ട് ചർമത്തിലെ എണ്ണമയം മാറില്ല.

മേക്കപ് പ്രോഡക്ട്സ്  പരീക്ഷണം

എണ്ണമയമുള്ള ചർമത്തിൽനിന്ന് എത്രയും വേഗം മുക്തി നേടാൻ പലവിധത്തിലുള്ള മേക്കപ് ഉൽപന്നങ്ങൾ മാറി മാറി പരീക്ഷിക്കാറുണ്ട് പലരും. ഇത് ശരിയായ പ്രവണതയല്ല. അത് ചർമത്തിലെ സുഷിരങ്ങളടയാനും ചർമം കൂടുതൽ എണ്ണമയമുള്ളതാകാനും മാത്രമേ ഇടയാക്കൂ. സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്സ്‌വാഷോ ടോണറോ ഉപയോഗിച്ചാൽ ചർമത്തിലെ എണ്ണമയത്തെ വരുതിയിലാക്കാം. ചർമത്തിലെ എണ്ണമയം അനിയന്ത്രിതമാണെങ്കിൽ മാത്രം അഡപാലെയിൻ അല്ലെങ്കിൽ അസലെയിക് ആസിഡ് അടങ്ങിയ നൈറ്റ് ക്രീമുകൾ ഉപയോഗിക്കാം.

മാനസിക സമ്മർദ്ദത്തെ അകറ്റി നിർത്തുക

ചർമത്തിലെ എണ്ണമയം കൂടാനുള്ള ഒരു പ്രധാന കാരണം ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനമാണ്. ഇത് ഏറ്റവും പ്രകടമാകുന്നത് ആർത്തവാരംഭം, ഗർഭകാലം, ആർത്തവവിരാമം തുടങ്ങിയ കാലഘട്ടങ്ങളിലാണ്. മാനസിക സമ്മർദ്ദവും ശരീരത്തിലെ കോർട്ടിസോളിന്റെ അളവു കൂടുന്നതും സെബത്തിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചർമത്തിലുണ്ടാകുന്ന അമിത വിയർപ്പ് രോമകൂപങ്ങളിലടിഞ്ഞു കൂടുകയും ഇത് ചർമത്തിലെ രക്തചംക്രമണത്തെ സാവധാനത്തിലാക്കുകയും ചെയ്യുന്നു. ആന്തരികാവയവങ്ങളിലേക്കും തലച്ചോറിലേക്കുമുള്ള രക്തയോട്ടം കുറയുന്നത് സെബത്തിന്റെ അളവ് വർധിക്കാൻ കാരണമാകുകയും അത് ചർമത്തെ എണ്ണമയമുള്ളതാക്കി തീർക്കുകയും ചെയ്യുന്നു. ഒരുപാട് അനാവശ്യമായി ചിന്തിക്കുന്നതും ടെൻഷൻ അടിക്കുന്നതും ചർമത്തിനു മാത്രമല്ല ആരോഗ്യത്തിന് തന്നെ ഹാനികരമാണ്.

English Summary : mistakes that makes oily skin oilier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com