ലോക്ഡൗൺ ചിലർക്ക് സൗന്ദര്യ പരീക്ഷണങ്ങളുടെ കാലം കൂടിയായിരുന്നു. കർശന നിയന്ത്രണങ്ങൾ കൊണ്ട് പുറത്തു പോകാൻ കഴിയാതെ വന്നപ്പോൾ സ്വന്തം മുടി സ്വയം മുറിച്ചാണ് ചിലർ പരീക്ഷണങ്ങൾക്കു തിരികൊളുത്തിയത്. മറ്റു ചിലരാവട്ടെ കണ്ണിൽക്കണ്ടതും കൈയിൽ കിട്ടിയതുമായ സകലമാന എണ്ണകളും തലയിൽ വാരിപ്പൊത്തുകയും ചെയ്തു. സ്വന്തം നിലയ്ക്ക് തലമുടിയിൽ പരീക്ഷണം നടത്തും മുൻപ് തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അത് തലയോട്ടിക്കും തലമുടിക്കും ഒരുപോലെ ദോഷം ചെയ്യും.
ഉപയോഗിക്കും മുൻപ് അലർജി ടെസ്റ്റ് നടത്തണം
ചർമത്തിലോ തലമുടിയിലോ എന്തെങ്കിലും പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കും മുൻപ് കർശനമായും അലർജി ടെസ്റ്റ് നടത്തണം. പുതിയ ഉത്പന്നത്തിൽനിന്ന് വളരെ കുറച്ച് അളവെടുത്ത് കൈയിലോ മറ്റോ പുരട്ടി അരമണിക്കൂറോളം കാത്തിരിക്കണം. ചൊറിച്ചിൽ, തടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അത് ഉപയോഗിക്കരുത്. പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ സ്വയം പരീക്ഷിക്കുമ്പോഴും ഇക്കാര്യങ്ങൾ മനസ്സിൽ വയ്ക്കണം. അലർജിയുണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമത്തോടും മുടിയോടും ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.
വീര്യം കുറച്ച് ഉപയോഗിക്കുക
ഹെയർമാസ്ക്കിനായി എസൻഷ്യൽ ഓയിൽ ഉപയോഗിക്കുമ്പോൾ നേരിട്ട് ഉപയോഗിക്കാതെ ഡയല്യൂട്ട് ചെയ്ത് ഉപയോഗിക്കുക. ടീ ട്രീ ഓയിൽ, ആപ്പിൾ സിഡർ വിനഗർ തുടങ്ങിയവ വീര്യം കുറച്ച് നേർപ്പിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഒരു പക്ഷേ ഇവ പൊള്ളലുകൾക്കും ചൊറിച്ചിലിനും കാരണമാകും. എങ്ങനെയാണ് ഇവ നേർപ്പിച്ച് ഉപയോഗിക്കേണ്ടതെന്ന് നന്നായി മനസ്സിലാക്കിയ ശേഷമേ പരീക്ഷണത്തിനു മുതിരാവൂ.
ഏതുതരം മുടിയാണെന്നു തിരിച്ചറിഞ്ഞ് പരീക്ഷണം നടത്താം
പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകൾ തയാറാക്കുന്നതിനു മുൻപു തന്നെ മുടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകുന്നത് നല്ലതാണ്. ചിലപ്പോൾ തിരഞ്ഞെടുക്കുന്ന വസ്തുക്കൾ നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് തീരെ യോജിക്കാത്തവയായിരിക്കും. അത്തരം പരീക്ഷണങ്ങൾ സമയനഷ്ടമുണ്ടാക്കുകയും മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പരീക്ഷണത്തിനു മുതിരുന്നതിനു മുൻപ് മുടിയുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
ഓവർ ആയി മസാജ് ചെയ്ത് കുളമാക്കല്ലേ
തലയോട്ടിയിൽ മസാജ് ചെയ്യുമ്പോൾ രക്തയോട്ടം കൂടുമെന്നും അത് മുടിവളർച്ചയെ ത്വരിതപ്പെടുത്തുമെന്നും എല്ലാവർക്കുമറിയാം. എന്നാൽ പരിധിവിട്ട മസാജ് വിപരീത ഫലമേ ചെയ്യൂ. ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം മസാജ് ചെയ്യുന്നത് നല്ലതാണ്. പക്ഷേ അതിശക്തിയായി ദീർഘനേരം മസാജ് ചെയ്താൽ അത് മുടികൊഴിച്ചിലിന് കാരണമാകും. വളരെ പതുക്കെ അഞ്ചോ പത്തോ മിനിറ്റ് മസാജ് ചെയ്യുന്നതാണ് നല്ലത്.
മുടിയിൽ എണ്ണ പുരട്ടുമ്പോൾ ശ്രദ്ധിക്കാം
മുടിയിൽ എണ്ണ പുരട്ടുന്നത് വളരെ നല്ലകാര്യമാണ്. എന്നാൽ അതിനു മുൻപ് നിങ്ങളുടെ മുടി ഏതു ടൈപ്പിലുള്ളതാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. എണ്ണമയമുള്ള മുടിയാണെങ്കിൽ വീണ്ടും വാരിക്കോരി എണ്ണ പുരട്ടേണ്ട ആവശ്യമില്ല. ഇത് ശിരോചർമത്തിലെ സുഷിരങ്ങളെ ബ്ലോക്ക് ചെയ്യും. ശിരോചർമം വരണ്ടതാണെങ്കിൽ മാത്രം അൽപം എണ്ണയുപയോഗിച്ച് മസാജ് ചെയ്യാം. അതുപോലെ തന്നെ പ്രധാനമാണ് ഷാംപൂ ചെയ്യുന്നതും. അമിതമായി ഷാംപൂ ചെയ്താൽ അതും മുടികൊഴിച്ചിലിന് കാരണമാകും.
English Summary : These DIY hair care mistakes might be ruining your scalp and hair