ADVERTISEMENT

മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ പലതാണ്. നിത്യജീവതത്തിൽ നമുക്ക് വരുന്ന തെറ്റുകള്‍ മുതൽ ഗുരുതരമായ മറ്റു പ്രശ്നങ്ങൾ വരെ മുടി കൊഴിച്ചിലിന് വഴിയൊരുക്കുന്നു. നമുക്ക് വരുന്ന തെറ്റുകൾ ഒഴിവാക്കി കൊഴിച്ചിലിനുള്ള സാധ്യതകൾ ഇല്ലാതാക്കുകയും ഒപ്പം മുടിക്ക് മികച്ച പരിചരണം നടത്തുകയുമാണ്. നമ്മുടെ ചെറിയ തെറ്റുകൾ കാരണം പൊട്ടിപ്പോവുകയും കൊഴിയുകയും ചെയ്യുന്ന മുടി പലരും കാര്യമാക്കാറില്ല. എന്നാൽ ഇത് അത്ര നിസ്സാരമല്ല. അത് ഒഴിവാക്കി യാതൊരു ചെലവുകളുമില്ലാതെ മുടി കൊഴിച്ചിൽ തടയാനുള്ള എട്ടു മാർഗങ്ങളാണ് ഇവിടെ പറയുന്നത്.

ചൂടെണ്ണ കൊണ്ടൊരു ഉഗ്രൻ മസാജ്

മുടി കൊഴിച്ചിൽ തടയാൻ ഫലപ്രദമായ മാർഗമാണ് ചൂടെണ്ണ കൊണ്ടുള്ള മസാജ്. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയോ ഒലിവെണ്ണയോ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് അൽപസമയത്തേക്കു കെട്ടിവയ്ക്കാം. ശേഷം ഒരുമണിക്കൂർ സമയം എണ്ണ തേച്ചുപിടിപ്പിച്ച് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

മുടി തുവർത്തുമ്പോൾ ശ്രദ്ധിക്കാം

നനഞ്ഞിരിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോകും. അതിനാൽ കുളി കഴി‍ഞ്ഞാലുടന്‍ മുടി ശരിയായ രീതിയിൽ ഉണക്കാൻ ശ്രമിക്കണം. ടവൽ വച്ച് മൃദുവായി വേണം നനവു കളയാന്‍. അല്ലാത്തപക്ഷം മുടി പെട്ടെന്നു പൊട്ടുകയും കൊഴിയുകയും ചെയ്യും. ഡ്രയർ ഉപയോഗിച്ച് മുടിയുണക്കുന്നതു ശീലമാക്കുന്നവരിലും മുടി കൊഴിച്ചിൽ വർധിക്കും.

ചീപ്പിലും കാര്യമുണ്ട്

മുടി ചീവുകയല്ലേ വേണ്ടൂ ചീപ്പ് ഏതായാലെന്താ എന്നു കരുതല്ലേ. മുടി കൊഴിച്ചിലിൽ ചീപ്പിനും പ്രധാന പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ശരിയായ ചീപ്പ് വേണം ഉപയോഗിക്കാൻ. പല്ലകലം കുറഞ്ഞ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം പല്ലകലം കൂടിയ ചീപ്പാണ് ഉപയോഗിക്കേണ്ടത്.

സ്റ്റൈലാകാം കരുതലോടെ

പാർട്ടിയ്ക്കു പോകുമ്പോൾ സ്റ്റൈലിഷ് ആകാൻ മുടി ചുരുട്ടാനും നീട്ടാനുമൊക്കെ മുതിരുന്നവരാണോ നിങ്ങൾ? എന്നാൽ സംശയിക്കേണ്ട മുടിയു‌െട ആരോഗ്യവും അതിനനുസരിച്ചു ക്ഷയിക്കുകയാണ്. ഇവ ഫാഷനബിൾ ലുക് തരുമെങ്കിലും മുടിയെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. ഇനിയിപ്പോ സ്റ്റൈൽ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ ആയിക്കോ, പക്ഷേ,  എണ്ണയും ഷാംപൂവും കണ്ടീഷനിംഗും ഉൾപ്പെടെയുള്ള പരിചരണം നൽകാൻ മറക്കല്ലേ.

ഗ്രീൻ ടീ കുടിക്കാൻ മാത്രമല്ല

ശരീര സംരക്ഷണത്തിന് മാത്രമല്ല മുടിയെ പരിചരിക്കാനും ഗ്രീൻ ടീ ഉത്തമമാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുടി പിളരുന്നതിനെ തടയും. ഒരുകപ്പു വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗിട്ട് തിളപ്പിക്കാം. ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.

കണ്ടീഷനിങ് അത്യാവശ്യം

മുടിയുടെ പരിചരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങൾക്കും വലിയ പങ്കുണ്ട്. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്

ഡയറ്റും പണി തരും

മെലിഞ്ഞു സുന്ദരിയാകുവാൻ ഡയറ്റ് ചെയ്യുമ്പോൾ മുടിയെക്കുറിച്ചു മറക്കല്ലേ. വണ്ണം കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കുംതോറും നിങ്ങളു‌െട മുടി കൊഴിച്ചിൽ വർധിക്കുകയേയുള്ളു. ആരോഗ്യകവും പോഷകവുമായ ഭക്ഷണം ലഭിച്ചാൽ മാത്രമേ മുടിയും തഴച്ചു വളരൂ. 

ടെൻഷന് നോ പറയാം

മാനസിക സമ്മർദ്ദം നാൾക്കുനാൾ വർധിക്കുന്ന ജീവിതരീതിയാണോ നിങ്ങളുടേത്. എന്നാൽ സംശയിക്കേണ്ട മുടി കൊഴിച്ചിൽ കൂടുകയേയുള്ളു. മാനസിക സമ്മർദ്ദം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. അനാവശ്യമായ പ്രശ്നങ്ങളും ടെൻഷനും ഒഴിവാക്കി സന്തോഷവും സമാധാനത്തോടെയും ഇരിക്കൂ, മുടികൊഴിച്ചിൽ പമ്പ കടക്കുന്നതു കാണാം.

English Summary : Tips to Help Save Your Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com