ADVERTISEMENT

സൗന്ദര്യസംരക്ഷണത്തിൽ നിങ്ങൾ ഒരുപാടു ശ്രദ്ധിക്കാറുണ്ടോ?. അതിന്റെ ഫലങ്ങളിൽ വല്ലാതെ അഭിരമിക്കാറുണ്ടോ? എന്നിട്ടും എന്തൊക്കെയോ പോരായ്മകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സൗന്ദര്യ സംരക്ഷണത്തിലുള്ള നിങ്ങളുടെ ചിട്ടകൾ മാറ്റാൻ സമയമായി എന്നാണർഥം.

സൗന്ദര്യസംരക്ഷണ രീതികളിലെ പിഴവുകൊണ്ടു മാത്രമായിരിക്കില്ല അങ്ങനെ സംഭവിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ, കാലാവസ്ഥാ മാറ്റം ഇവയെല്ലാം നിങ്ങൾ പിന്തുടരുന്ന സൗന്ദര്യ സംരക്ഷണ മാർഗങ്ങളെ മോശമായി ബാധിച്ചേക്കാം.

ചർമ സംരക്ഷണത്തിനും വേണം ഒരിടവേള

സൗന്ദര്യ സംരക്ഷണത്തിനുപയോഗിക്കുന്ന പല ഉൽപന്നങ്ങളിൽനിന്ന് ഒരു ബ്രേക്ക് ചർമം ആഗ്രഹിക്കുന്നുണ്ട്. ചർമത്തിനു നല്ലതാണെന്നു കരുതി നിങ്ങൾ ഉപയോഗിക്കുന്ന പലതരം സിറങ്ങളിൽനിന്നും ആസിഡുകളിൽനിന്നും അൽപകാലത്തേക്കെങ്കിലുമൊരു മുക്തി ചർമം പോലും ആഗ്രഹിക്കുന്നുണ്ട്.

ക്ലെൻസിങ്, മോയിസ്ചറൈസിങ്, സൺപ്രൊട്ടക്‌ഷൻ ലോഷൻ എന്നിവ ഉപയോഗിക്കുന്നത് ചിലർക്ക് ഹരമാണ്. ഇതൊക്കെ ഉപയോഗിക്കുമ്പോൾ ചർമത്തിന് യഥാർഥത്തിൽ എന്താണ് വേണ്ടത് എന്നതിനെപ്പറ്റി ഒരു ധാരണ മനസ്സിലുണ്ടാവണം. എല്ലാത്തരം സൗന്ദര്യ പരീക്ഷണങ്ങളിൽനിന്നും ഒരൽപകാലത്തേക്ക് ചർമത്തിന് ബ്രേക്ക് നൽകിയാൽ ഫലം അദ്ഭുതപ്പെടുത്തും.

കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ 

കണ്ണിൽ കാണുന്ന സൗന്ദര്യവർധക വസ്തുക്കളെല്ലാം വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്കുണ്ട്. അവ ഉപയോഗിക്കുന്നതിനു മുൻപ് കാലാവധി കഴിഞ്ഞതാണോയെന്ന് തീർച്ചയായും പരിശോധിക്കണം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തിന് ഹാനികരമാണ്. ചർമ സംരക്ഷണത്തിൽ പോരായ്മകൾ തോന്നുകയാണെങ്കിൽ ഉൽപന്നങ്ങളുടെ കാലാവധി പരിശോധിക്കണം. കാലാവധി കഴിഞ്ഞതാണെങ്കിൽ എത്രയും വേഗം മാറ്റുകയും വേണം.

ഹോർമോണ്‍ വില്ലനായേക്കാം

ജീവിതശൈലിയിലും ഡയറ്റിലും വരുത്തുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ആദ്യം പ്രതിഫലിക്കുക ഹോർമോൺ വ്യതിയാനത്തിലൂടെയാകും. ഇത് പിന്നീട് പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്കും കാരണമാകാം. അതും സൗന്ദര്യസംരക്ഷണ മാർഗങ്ങൾ ഫലപ്രദമാകാതിരിക്കാനുള്ള ഒരു കാരണമാകാം.

ഉൽപന്നങ്ങളുടെ തെറ്റായ ഉപയോഗം

ശരിയായ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല, അവ ശരിയായി ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ. സൗന്ദര്യസംരക്ഷണ മാർഗങ്ങൾ ശീലമാക്കുമ്പോൾ പലപ്പോഴും അതിന് ഒരു ക്രമം ഉണ്ടായിരിക്കും. അടുക്കും ചിട്ടയുമില്ലാതെയാണ് മേക്കപ് ഉൽപന്നങ്ങളുടെ ഉപയോഗമെങ്കിൽ വിപരീത ഫലമേ ചെയ്യൂ.

ചർമം സഹകരിച്ചില്ലെങ്കിൽ

എത്ര നല്ല ഉൽപന്നമാണെങ്കിലും ചർമത്തിന് ചിലപ്പോൾ അതുമായി ഇണങ്ങാൻ സാധിക്കില്ല. നിങ്ങളുടെ ശീലങ്ങൾ തന്നെയാകും അതിന് കാരണം. അതുകൊണ്ട് പുതിയ ഉൽപന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ചർമത്തിന് നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം വരുന്നുണ്ടോയെന്ന് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല എങ്കിൽ ഉൽപന്നം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

English Summary : reasons for failure of skin care routines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com