ADVERTISEMENT

കൊറോണ വൈറസിനെ തുരത്താൻ മാസ്ക് അണിഞ്ഞു തുടങ്ങിയതോടെ പലരും ചുണ്ടുകളെ പാടേ മറന്ന മട്ടാണ്. മാസ്ക്കണിഞ്ഞു കൊണ്ട് ചുണ്ടുകളിൽ ചായം പുരട്ടിയാൽ അത് മാസ്കിൽ പടർന്ന് ഉപദ്രവമുണ്ടാക്കുമെന്നല്ലാതെ വലിയ പ്രയോജനമൊന്നും ചെയ്യില്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ ലിപ്സ്റ്റിക് അണിഞ്ഞ് മോടികൂട്ടിയില്ലെങ്കിലും ചുണ്ടുകൾ വരളാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലിരുന്ന് എങ്ങനെ ചുണ്ടുകളുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാമെന്നു നോക്കാം.

ചൂടുകാലത്ത് ചുണ്ടുകൾക്ക് പതിവിലും ഏറെ ശ്രദ്ധ നൽകണം. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ലിപ് ബാം പുരട്ടാം. പ്രകൃതിദത്തമായ ലിപ് ബാം വീട്ടിൽത്തന്നെ തയാറാക്കാം. പാൽപാട മാത്രമായോ അതിലൽപം നാരങ്ങാനീരു കലർത്തിയോ ലിപ് ബാം ആയി ഉപയോഗിക്കാം. അല്ലെങ്കിൽ ഒരൽപം വെണ്ണ പുരട്ടിയാലും മതി.

ചുണ്ടുകൾ വല്ലാതെ വരണ്ടുപൊട്ടിയാലും അതിന് പ്രതിവിധി വീട്ടിൽനിന്നു തന്നെ കണ്ടെത്താം. അൽപം പാൽപാടയും മുട്ടയുടെ വെള്ളയും ചേർന്ന മിശ്രിതം ചുണ്ടിൽ പുരട്ടിയാൽ മതിയാകും.

ചുണ്ടുകൾക്ക് ചുവപ്പു പോരാ എന്നാണോ പരാതി. അതിനും പരിഹാരമുണ്ട്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഏതാനും തുള്ളി ഒലിവ് ഓയിലോ ബദാം ഓയിലോ ചുണ്ടുകളിൽ പുരട്ടി നന്നായി മസാജ് ചെയ്യാം.

ചുണ്ടുകൾക്ക് നിറം വർധിപ്പിക്കാൻ ബീറ്റ്റൂട്ടും സഹായിക്കും. ഒരു ചെറിയ കഷണം ബീറ്റ്‌റൂട്ട് എടുത്ത് നന്നായി അരയ്ക്കുക. അതിലേക്ക് കുറച്ചു വെണ്ണ കലർത്തുക. ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്തവെള്ളത്തിൽ മുഖം കഴുകുക.

ചുവന്നുള്ളിനീരും തേനും ഗ്ലിസറിനും ചേർന്ന മിശ്രിതവും ചുണ്ടിന് നിറം നൽകാൻ വളരെ നല്ലതാണ്. നാരങ്ങാനീരും തേനും ഗ്ലിസറിനും ഒരേ അളവിൽ എടുത്ത് ആ മിശ്രിതം ചുണ്ടിൽ തേച്ചാലും ചുണ്ടിന് നല്ല നിറം ലഭിക്കും.

മുറ്റത്തു നിൽക്കുന്ന പനിനീർപ്പൂവിനു പോലും ചുണ്ടുകളിൽ വിസ്മയം സൃഷ്ടിക്കാൻ കഴിയും. ഒരൽപം ഗ്ലിസറിനും റോസാപ്പൂവിന്റെ ഇതളുകളുമാണ് ഈ അദ്ഭുതക്കൂട്ട് തയാറാക്കാൻ വേണ്ടത്. കുറച്ചു ഗ്ലിസറിനെടുത്ത് അതിൽ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകൾ ഇട്ടു വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

English Summary : Summer Lip Care Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com