ആരെയും ആകർഷിക്കുന്ന സൗന്ദര്യം ; കൃതി സനോനിന്റെ ബ്യൂട്ടി-ഫിറ്റ്നസ് രഹസ്യങ്ങൾ

HIGHLIGHTS
  • ഉറങ്ങുന്നതിനു മുൻപ് മേക്കപ് മാറ്റാം
  • കടും നിറത്തിലുള്ള ലിപ്സ്റ്റിക്കുകളോട് പ്രിയം
kriti-sanon-beauty-and-fitness-secrets
SHARE

ശരീരം ഫിറ്റ് ആയും ചർമം സുന്ദരമായും ഇരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ രാവിലെ ഉണരാനുള്ള ബുദ്ധിമുട്ട്, പതിവായി ജിമ്മിൽ പോകാനുള്ള മടി ഇവയൊക്കെ പലരേയും ഫിറ്റ്നസ് എന്ന ആഗ്രഹത്തിൽനിന്നു പിന്നോട്ടു വലിക്കാറുണ്ട്. എന്നാൽ ബോളിവുഡ് താരം കൃതി സനോനിന്റെ സമൂഹമാധ്യമ പേജിലൂടെ ഒന്നു കണ്ണോടിച്ചാൽ ആ മടുപ്പും ഉഷാറില്ലായ്മയുമൊക്കെ പമ്പ കടക്കും. ബോൾഡ് ആയ ഒരു പുതിയ ലുക്കിലേക്ക് മാറാനുള്ള തയാറെടുപ്പിലാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും കൃതി പങ്കുവയ്ക്കുന്ന 10 സൗന്ദര്യ രഹസ്യങ്ങൾ പിന്തുടരാൻ തയാറായിക്കോളൂ.

1. മനസ്സിനെ സ്വസ്ഥമാക്കാൻ മെഡിറ്റേഷൻ

കൃതിയുടെ ഭാഷയിൽ പറഞ്ഞാൽ‌, മനസ്സു നിറയ്ക്കുന്ന ഒരു പ്രകിയയാണ് മെഡിറ്റേഷൻ. ഫിറ്റ്നസിന് വേണ്ടി വർക്കൗട്ട് ചെയ്യുന്നതുപോലെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യത്തിനുവേണ്ടി മെഡിറ്റേഷൻ ചെയ്യുന്നതും. ലോക ആരോഗ്യദിനത്തിൽ താൻ മെഡിറ്റേറ്റ് ചെയ്യുന്ന ഒരു ചിത്രം കൃതി പങ്കുവച്ചിരുന്നു. തലച്ചോറിന്റെ പ്രവർത്തനം ശരിയായി നടക്കുന്നതിനും മൂഡ് ബൂസ്റ്റ് ചെയ്യാനും മെഡിറ്റേഷൻ സഹായിക്കുമെന്നാണ് കൃതിയുടെ പക്ഷം. 

‘‘ശരീരഘടനയിൽ വ്യത്യസ്തരാണ് ഓരോ മനുഷ്യനും. സ്കിൻ ടോണിലും വ്യത്യാസമുണ്ടാകും. ഇത്തരം ഘടകങ്ങൾ ഒരാളുടെ ആകർഷകത്വം കുറയാൻ കാരണമാകുമെന്നോ ഒരാളെ കൂടുതൽ സൗന്ദര്യമുള്ളയാളാക്കുമെന്നോ ഞാൻ വിശ്വസിക്കുന്നില്ല. ആകർഷകത്വം മനസ്സിനുള്ളിലാണ് തോന്നേണ്ടത്’’. – സൗന്ദര്യത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഒരു അഭിമുഖത്തിൽ കൃതി വ്യക്തമാക്കിയതിങ്ങനെ.

kriti-sanon

2. എപ്പോഴും ഒരേ രീതിയിലുള്ള വ്യായാമം  മാത്രം ചെയ്യരുത്

ശരീരത്തെ ഫിറ്റ് ആക്കിനിർത്താൻ ദിവസവും ഒരേ വ്യായാമ മുറകൾ തന്നെ പിന്തുടരുന്നത് ശരിയല്ലെന്നാണ് കൃതി പറയുന്നത്. അത് ശരീരത്തോടു തന്നെ ചെയ്യുന്ന തെറ്റാണ്. എന്നും ഒരേ വ്യായാമം ചെയ്യുമ്പോൾ ശരീരം അതുമായി വല്ലാതെ പഴകുകയും എത്രകൂടുതൽ വ്യായാമം ചെയ്താലും വളരെ കുറച്ച് കാലറി മാത്രം എരിഞ്ഞു പോകുന്ന ഒരു അവസ്ഥയുണ്ടാകുകയും ചെയ്യും. അതുമാത്രമല്ല ഒരേ രീതിയിലുള്ള വ്യായാമം ശരീരത്തിനും മനസ്സിനും വളരെ വേഗം മടുപ്പുണ്ടാക്കുകയും ചെയ്യും. ‘‘ശരീരം ടോൺ ചെയ്യാനും ഫിറ്റ് ആയിരിക്കാനും മസിലുകൾ ബലപ്പെടുത്താനുമായി വെയിറ്റ് ട്രെയിനിങ് എക്സർസൈസ് മാത്രം ചെയ്താൽ എനിക്ക് പെട്ടെന്ന് ബോറടിക്കും. അതുകൊണ്ട് വെയിറ്റ് ട്രെയിനിങ്ങും പിലാഡിസും മിക്സ് ചെയ്ത ഒരു വ്യായാമമുറയാണ് ഞാൻ പിന്തുടരുന്നത്. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുന്നതും ചെയ്യുന്നതും ആവേശകരമാണ്’’.

3. വ്യായാമം മുടക്കരുത്

വ്യായാമം ചെയ്യാൻ ഏറെയിഷ്ടമുള്ള ചിലർക്കെങ്കിലും യാത്രകളിലോ മറ്റു തിരക്കുകളിലോ പെട്ട് ഇടയ്ക്കെങ്കിലും വ്യായാമം മുറിഞ്ഞു പോകാറുണ്ട്. എന്നാൽ എല്ലാക്കാര്യങ്ങൾക്കുമുള്ള സമയവും സ്ഥലവും നമ്മുടെ കൈയിൽത്തന്നെയുള്ളതിനാൽ ഒരിക്കലും വ്യായാമം മുടക്കേണ്ടെന്നാണ് കൃതിയുടെ പക്ഷം. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മറ്റു സ്ഥലങ്ങളിലായിരിക്കുമ്പോൾ ട്രെയിനറും വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങളുമൊന്നും പലപ്പോഴും ഒപ്പം കാണാറില്ലെന്നും ആ സമയം പുറത്ത് ഓടാൻ പോവുകയോ അല്ലെങ്കിൽ കൈയിലുള്ള യോഗാമാറ്റിലിരുന്ന് മാറ്റ് എക്സർസൈസ് ചെയ്യുകയോ ആണ് തന്റെ പതിവെന്നും കൃതി വെളിപ്പെടുത്തുന്നു.

4. മോട്ടിവേഷൻ അത്യാവശ്യം

വ്യായാമം ചെയ്യാൻ ഏറെയിഷ്ടമുള്ളവർക്കു പോലും ചില സമയം ബോറടിക്കാറുണ്ട്. തനിക്കും മടുപ്പു തോന്നാറുണ്ടെന്നും അത്തരം സമയങ്ങളിൽ മറ്റുള്ളവരിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാറുണ്ടെന്നും കൃതി പറയുന്നു. ‘‘ ഞാൻ കുറച്ചു മടിച്ചിയാണ് എന്റെ പഴ്സനൽ ട്രെയിനറാണ് നിർബന്ധപൂർവം എന്നെ ചില സമയങ്ങളിൽ ജിമ്മിലൊക്കെ കൊണ്ടുപോകാറുള്ളത്.’’ പിന്നെ മടിമാറ്റാൻ താൻ ഗ്രൂപ്പ് വർക്കൗട്ട് രീതി തിരഞ്ഞെടുക്കാറുണ്ടെന്നും കൃതി പറയുന്നു. അടുത്ത സുഹൃത്തുക്കളും സഹോദരിയുമൊക്കെയാണ് ആ ഗ്രൂപ്പിലുണ്ടാവുക. പിന്നെ ബി ടൗണിലെ ചില താരറാണിമാരിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാറുണ്ടെന്നും കൃതി വെളിപ്പെടുത്തുന്നു. ‘‘ശിൽപഷെട്ടി കുന്ദ്ര, മലൈക അറോറ എന്നിവരുടെ വിഡിയോസ് പലപ്പോഴും എന്നെ അമ്പരപ്പിക്കാറുണ്ട്. കത്രീന കൈഫിൽനിന്നു ഞാൻ പ്രചോദനം ഉൾക്കൊള്ളാറുണ്ട്. ഞാനവരുടെ വർക്കൗട്ടുകൾ കണ്ടിട്ടുണ്ട്. ദിവസവും രണ്ടു മണിക്കൂറൊക്കെ അവർ വർക്കൗട്ട് ചെയ്യാറുണ്ട്. മടി തോന്നുന്ന സമയത്ത് അവർക്കൊപ്പം വർക്കൗട്ട് ചെയ്തു നോക്കണം’’ – കൃതി പറയുന്നു.

5. ഒരു ഷോർട്ട് ഹെയർകട്ട് പരീക്ഷിക്കാം

മുഖത്തിന് അനുയോജ്യമായ ഒരു ഷോർട്ട് ഹെയർകട്ട് പരീക്ഷിക്കുന്നത് വളരെ നല്ല മാറ്റമുണ്ടാക്കും. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു ഷോർട്ട് ഹെയർകട്ട് പരീക്ഷിച്ചുകൊണ്ടാണ് കൃതി ആരാധകർക്ക് പ്രചോദനം നൽകുന്നത്.

6. എപ്പോഴും ഹെയർ ആക്സസറീസ് കൈയിൽ കരുതാം

കോവിഡ് കാലമായതോടെ എല്ലാവരും ഓൺലൈൻ ലോകത്താണ്. വിഡിയോകോളും സൂം മീറ്റിങ്ങുകളുമായി തിരക്കിലാകുമ്പോൾ മുടിയുടെ കാര്യം ശ്രദ്ധിക്കാൻ വേണ്ടത്ര സമയം കിട്ടിയെന്നു വരില്ല.അതുകൊണ്ട് ഓൺലൈൻ മീറ്റിങ്ങുകൾ തടസ്സപ്പെടാത്ത രീതിയിൽ മുടി ഒതുക്കി വയ്ക്കാൻ തുണികൊണ്ടുള്ള ഹെയർബാൻഡുകൾ കരുതാം. മുടി പാറിപ്പറക്കാതിരിക്കാൻ അതു സഹായിക്കും.

7. ഉറങ്ങുന്നതിനു മുൻപ് മേക്കപ് മാറ്റാം

കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് കൃതിക്ക് ഏറെയിഷ്ടമാണ്. പക്ഷേ അത് മായ്ക്കാതെ അവർ ഉറങ്ങാൻ പോകാറില്ല. ‘‘ വളരെ വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് എല്ലാ രാത്രിയിലും ഞാൻ മുഖം കഴുകാറുണ്ട്. എത്ര ക്ഷീണമുണ്ടെങ്കിലും മേക്കപ് നീക്കം ചെയ്യാതെ ഞാൻ ഉറങ്ങാറില്ല. മേക്കപിന്റെ അംശം മുഖത്തുണ്ടെങ്കിൽ അത് കോശങ്ങളുടെ പുനർനിർമിതിയെ തടസ്സപ്പെടുത്തുകയും ചർമത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകുകയും ചെയ്യും. അത് മുഖക്കുരുവിന് കാരണമാകും. ചർമത്തിലെ കൊളാജിൻ ഉൽപാദനത്തെയും ഇതു മോശമായി ബാധിക്കുന്നതിനാൽ അത് ചർമത്തിൽ ചുളിവുകളുണ്ടാക്കും’’.

kriti-sanon-3

8. കടും നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ പ്രിയം

കടും ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കുകളോടാണ് കൃതിക്ക് ഏറെ പ്രിയം. വെൽവറ്റ് മാറ്റ് ഫിനിഷിൽ വ്യത്യസ്തതയുള്ള ലിപ്സ്റ്റിക് അണിഞ്ഞാൽ ഒരിക്കലും ചുണ്ടുകൾ വരണ്ടു പോകില്ലെന്നും അത് ദീർഘനേരം നിൽക്കുമെന്നുമാണ് അനുഭവത്തിന്റെ െവളിച്ചത്തിൽ കൃതി പറയുന്നത്.

9. ശ്രദ്ധാകേന്ദ്രമാകണം കണ്ണുകൾ

കണ്ണുകൾക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള മേക്കപ് ചെയ്യാൻ ഏറെയിഷ്ടമാണ് കൃതിക്ക്. ബോൾഡ് ഇഫക്റ്റ് കിട്ടാനായി ജെൽ ലൈനർ അല്ലെങ്കിൽ കാജൽ പെൻസിലാണ് ഉപയോഗിക്കുന്നത്. കണ്ണുകൾക്ക് കൂടുതൽ ആഴം തോന്നിക്കാൻ സ്മഡ്ജിങ് ഇഫക്റ്റും പരീക്ഷിക്കും. കണ്ണിനു ചുറ്റും നൽകുന്ന ഔട്ടർ ലൈനിൽ ഉപയോഗിക്കുന്ന നിറങ്ങൾക്ക് കൂടുതൽ ശ്രദ്ധനൽകും. കണ്ണുകളുടെ താഴെയുള്ള വശത്ത് എഴുതിയ ശേഷം സ്പോഞ്ചിന്റെ അറ്റമുപയോഗിച്ച് സ്മഡ്ജ് ചെയ്ത് സ്മോക്കി ലുക്ക് നൽകും.

10. തിളങ്ങുന്ന ഐഷാഡോ ഉപയോഗിക്കാൻ മടിവേണ്ട

പാർട്ടികൾക്കൊക്കെ പോകാൻ തയാറെടുക്കുമ്പോൾ പരമ്പരാഗത ശൈലികൾ പിന്തുടരണമെന്ന് യാതൊരു നിർബന്ധവുമില്ല. ബ്ലാക്ക് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള ഐഷാഡോസ് തീർച്ചയായും ഒഴിവാക്കണം. നീല, പച്ച, അല്ലെങ്കിൽ പർപ്പിൾ നിറത്തിലുള്ള ഐഷാഡോസ് കൺപോളയിലണിയാനാണ് താരസുന്ദരിക്ക് ഏറെയിഷ്ടം.

English Summary : Kriti Sanon beauty and fitness secrets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA