ADVERTISEMENT

ചില മാസികകളുടെ കവർപേജിൽ കാണുന്ന സുന്ദരന്മാരുടെയും സുന്ദരിമാരുടെയും തിളക്കമുള്ള ചർമം ചിലരെയെങ്കിലും വല്ലാതെ കൊതിപ്പിക്കാറുണ്ട്. ഒരു പാട് പോലുമില്ലാത്ത, പേരിനു പോലും ഒരു മുഖക്കുരുവില്ലാത്ത ചർമം കണ്ട് ചിലപ്പോഴൊക്കെ അന്തംവിടാറുമുണ്ട്. അതുപോലെ ആരെയും കൊതിപ്പിക്കുന്ന ചർമസൗന്ദര്യം തീർച്ചയായും എല്ലാവർക്കും സ്വന്തമാക്കാം. പക്ഷേ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ സുന്ദരമായ ചർമം സ്വന്തമാക്കാമെന്ന വ്യാമോഹമൊന്നും വേണ്ട. ചർമത്തിന് നല്ല ശ്രദ്ധയും പരിചരണവും നൽകിയാൽ കാലക്രമേണ നല്ല മൃദുലമായ ചർമം സ്വന്തമാക്കാൻ സാധിക്കും. കൃത്രിമ ഉൽപന്നങ്ങൾ ഉപയോഗിക്കാതെ ഔഷധഗുണമുള്ള പ്രകൃതിദത്ത വസ്തുക്കളിലൂടെ എങ്ങനെ ചർമ സൗന്ദര്യം വീണ്ടെടുക്കാമെന്നു നോക്കാം.

അടുക്കളയിൽനിന്നു കണ്ടെത്താവുന്ന പ്രകൃതിദത്ത വസ്തുക്കൾകൊണ്ട് ചർമത്തിന് സംരക്ഷണം നൽകാം.

1. തക്കാളികൊണ്ടു തുരത്താം മുഖക്കുരുവിനെ

പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. എന്നാൽ ഒരു തക്കാളിയുണ്ടെങ്കിൽ  ലളിതമായി മുഖക്കുരുവിനെ തുരത്താവുന്നതേയുള്ളൂ. ഒരു തക്കാളിയെടുത്ത് രണ്ടായി മുറിക്കുക. അതിൽ ഒരു കഷ്ണമെടുത്ത് മുഖത്ത് നന്നായി ഉരസുക. ഇത് ചർമത്തിലെ എണ്ണമയത്തെ നിയന്ത്രിക്കുകയും മുഖക്കുരു, പാടുകൾ ഇവയെ അകറ്റുകയും ചെയ്യുന്നു.

2. പ്രായത്തെ ചെറുക്കാൻ എഗ് പായ്ക്ക്സ്

ചർമത്തിന്റെ യുവത്വം നിലനിർത്താനും തിളക്കം കാത്തുസൂക്ഷിക്കാനും എഗ് പായ്ക്ക് ഇടുന്നത് വളരെ നല്ലതാണ്. ഒരു മുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക. മുട്ടയുടെ മഞ്ഞ നന്നായി പതപ്പിച്ചെടുക്കുക. ആ പത മുഖത്ത് പുരട്ടി പതിനഞ്ചോ ഇരുപതോ മിനിറ്റിനു ശേഷം കഴുകിക്കളയുക. മുട്ടയുടെ മണം ഇഷ്ടമില്ലാത്തവർക്ക് ആ മിശ്രിതത്തിൽ ലാവൻഡർ ഓയിൽ പോലെ  ഇഷ്ടപ്പെട്ട ഏതെങ്കിലും എസൻഷ്യൽ ഓയിൽ ചേർക്കാം. 

3. ചുണ്ടുകൾക്ക് കരുതൽ നൽകാം, തേൻപുരട്ടി

പ്രായമാകുന്നതിന്റ ലക്ഷണങ്ങൾ വളരെപ്പെട്ടെന്ന് പ്രകടമാകുന്ന അവയവമാണ് ചുണ്ടുകൾ. ചുണ്ടുകളുടെ സംരക്ഷണത്തിനായി ദിവസവും ഉറങ്ങാൻ പോകുന്നതിന് മുൻപ് ചുണ്ടിൽ അൽപം തേൻ പുരട്ടാം. രാവിലെ ഉണർന്നാലുടൻ തേനും പഞ്ചസാരയുമുപയോഗിച്ച് ചുണ്ടുകൾ നന്നായി സ്ക്രബ് ചെയ്താൽ മൃതകോശങ്ങൾ നീങ്ങി ചുണ്ടുകൾ സുന്ദരമാകും.

4. കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റാൻ മൂന്നു വഴികൾ

വട്ടത്തിൽ കനം കുറച്ചരിഞ്ഞ ഉരുളക്കിഴങ്ങ്, അല്ലെങ്കിൽ വെള്ളരി അതുമല്ലെങ്കിൽ പനിനീരിൽ മുക്കിയ ഒരു കോട്ടൺ തുണി ഇവയിലേതെങ്കിലും ഉപയോഗിച്ചാൽ കണ്ണിനടിയിലെ കറുപ്പകലും. കണ്ണുകളടച്ച ശേഷം ഇവയിലേതെങ്കിലും ഒന്ന് പതിനഞ്ചു മിനിറ്റോളം കണ്ണിനു മുകളിൽ വച്ച ശേഷം കണ്ണിനെ വിശ്രമിക്കാൻ അനുവദിക്കാം. ഫെയ്സ്പാക്കുകൾ ചെയ്യുന്ന സമയത്തും ഇത് പരീക്ഷിക്കാം. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് കണ്ണുകൾക്ക് ചുറ്റും ആൽമണ്ട് ഓയിൽ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്തുകൊടുക്കാം.

5. ചർമത്തിലെ കറുത്ത പാടുകൾ മായ്ക്കാൻ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നന്നായി അരച്ചെടുക്കുക. അതിൽ അൽപം നാരങ്ങാനീര് ചേർത്ത് മുഖത്തു പുരട്ടി വട്ടത്തിൽ മസാജ് ചെയ്യുക. പത്തുമിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ദിവസവും ഇങ്ങനെ ചെയ്താൽ കറുത്ത കുത്തുകളും പാടുകളും മാറിക്കിട്ടും.

6. സൂര്യതാപത്തിൽനിന്ന് ചർമത്തെ സംരക്ഷിക്കാൻ തൈര്

വീടിനു പുറത്ത് സമയം ചെലവഴിക്കേണ്ടി വരുമ്പോഴൊക്കെ സൂര്യതാപമേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. ഒരു ടേബിൾ സ്പൂൺ തൈരെടുത്ത് അതിൽ ഒരുനുള്ളു മഞ്ഞൾപ്പൊടി, അൽപം നാരങ്ങാനീര് ഇവ ചേർത്ത മിശ്രിതം മുഖത്തു പുരട്ടിയാൽ സൂര്യതാപം മൂലം ചർമത്തിലുണ്ടായ കരിവാളിപ്പ് അകലും. 

ചർമ സംരക്ഷണത്തിനായി ചെലവഴിക്കാൻ അൽപം സമയവും ക്ഷമയുമുണ്ടെങ്കിൽ പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് ചർമപ്രശ്നങ്ങളെ എന്നെന്നേക്കുമായി അകറ്റാം.

English Summary : Simple skin care tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com