ADVERTISEMENT

എന്നും യുവാവായിരുന്നെങ്കിൽ എന്നു ആഗ്രഹിക്കാത്ത എത്ര പേരുണ്ടാകും. ചർമം കണ്ടാൽ പ്രായം തോന്നില്ല, ഇത്ര വലിയെ കുട്ടിയുണ്ടെന്ന് കണ്ടാൽ പറയില്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ സന്തോഷം കൊണ്ട് മതിമറക്കാത്ത എത്രപേരുണ്ട് ? അതാണ് യുവത്വത്തിന്റെ പ്രത്യേകത.  ഒരിക്കലും നഷ്ടമാകരുതെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണത്. യുവത്വം കാത്തുസൂക്ഷിക്കാൻ നമ്മൾ ശീലിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായി ചില കാര്യങ്ങളുണ്ട്. മുടിയും മുഖവും ശരീരവുമൊക്കെ സുന്ദരമായി നിലനിർത്താനും ആരോഗ്യവും യുവത്വം നഷ്ടമാകാതിരിക്കാനും അത് സഹായിക്കും.

വ്യായാമം ചെയ്യാം

ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതാണ് യുവത്വം നിലനിർത്തുന്നതിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യം. ശരീരത്തിന്റെ ഭാരമോ, വയറോ ഒന്നും നിങ്ങൾക്ക് പ്രശ്നമല്ലെങ്കിൽ അതൊരു പ്രശ്നമല്ല. എന്നാൽ അനാരോഗ്യകരമായ അവസ്ഥയിലേക്ക് ഇത് മാറുന്നെങ്കിൽ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൃത്യമായ വ്യായാമം ശീലമാക്കുക. എന്നും ഊർജസ്വലതയോടെ ഇരിക്കാൻ ഇത് സഹായിക്കും. മികച്ച ആകൃതിയും ഫിറ്റ്നസും ഉണ്ടെങ്കിൽ ആത്മവിശ്വാസം തോന്നും. ഇത് മനസ്സിനും ചെറുപ്പം നൽകും.

ഗുണമേന്മ ഉറപ്പാക്കാം

അതിവേഗം ഫലം തരുമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന ഉത്പന്നങ്ങൾ കരുതലോടെ ഉപയോഗിക്കാം. വിപരീത ഫലങ്ങള്‍ക്കും അവ കാരണമായേക്കാം. അതുപോലെ ഏതെങ്കിലും ഉൽപന്നം ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ മുഖക്കുരു രൂപപ്പെടുകയാണെങ്കിൽ അപ്പോൾ തന്നെ അതുപേക്ഷിക്കണം. നിങ്ങളുടെ ചർമത്തിനു ചേരുന്നതല്ല അതെന്നു മനസ്സിലാക്കാം. അതായത് ചർമത്തിന്റെയും മുടിയുടെയും പരിചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഏതു പരീക്ഷണവും നടത്തുന്ന ഒരിടമല്ല നിങ്ങളുടെ ശരീരം.

അധികമായാൽ 

പ്രകൃതിദത്ത വസ്തുക്കൾ അറിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. നാടൻ വസ്തു ആയതുകൊണ്ട് എത്ര വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്നു കരുതുന്നവരുണ്ട്. എന്നാൽ ഇത് തെറ്റാണ്. ചില പ്രകൃതിദത്ത വസ്തുക്കൾ വരണ്ട ചർമത്തിന് അനുയോജ്യമായിരിക്കില്ല. ചിലത് എണ്ണ മയമുള്ള ചർമത്തിന് നല്ലതായിരിക്കില്ല. ചിലരിൽ അലർജിക്കും സാധ്യതയുണ്ട്. ആയതിനാൽ ഉപയോഗിക്കുന്ന വസ്തുവിനെക്കുറിച്ച് ശരിക്ക് മനസ്സിലാക്കി, യഥാർഥ അളവിൽ ഉപയോഗിക്കണം.

കണ്ടീഷണർ ഇൻ, ഹെയർ ഡ്രൈയർ ഔട്ട്

മുടിയുടെ സംരക്ഷണത്തിന് കണ്ടീഷണറിന് വലിയ സ്ഥാനമാണുള്ളത്. ഷാംപൂ ഉപയോഗിച്ചാൽ കണ്ടീഷണർ നിർബന്ധമാക്കണം. അല്ലെങ്കിൽ മുടി വരണ്ടു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്താൻ ഹെയർ ഡ്രൈയറിന്റെ ഉപയോഗം കുറയ്ക്കണം. ഹോട്ട് എയറിൽ നേരിട്ട് ഉണക്കുമ്പോൾ മുടിയുടെ വേരുകൾക്കു കേ‌ടുപാടു വരാൻ സാധ്യതയുണ്ട്.

അത്രയ്ക്ക് ഡയറ്റ് വേണ്ട!

വണ്ണം കുറയ്ക്കാനായി സമയാസമയം ഭക്ഷണം കഴിക്കാത്തവരുണ്ട്. വണ്ണം കുറയുകയല്ല മറിച്ച് ശരീരത്തിനു വേണ്ട പ്രോട്ടീനുകളും കലോറിയും കിട്ടാതിരിക്കുന്നതിലൂടെ ആരോഗ്യത്തെ അതു ഗുരുതരമായി ബാധിക്കുകയാണു ചെയ്യുന്നത്. എഴുപതു ശതമാനം ഡയറ്റും മുപ്പതു ശതമാനും വ്യായാമവും എന്നതാണ് ശരിയായ രീതി. ഭക്ഷണം തീർത്തും ഒഴിവാക്കാതെ രണ്ടു മണിക്കൂറിടവിട്ട് ഭക്ഷണത്തിനിറെ അളവ് കുറച്ച് കഴിക്കാം. അല്ലാത്തപക്ഷം അതു പ്രതിരോധശേഷിയെ കുറയ്ക്കുകയും നിങ്ങളുടെ സ്വാഭാവിക സൗന്ദര്യത്തെ ഇല്ലാതാക്കുകയും ചെയ്യും.

English Summary : Skin care for men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com