ADVERTISEMENT

നിറയെ ഉള്ളുള്ള, നീണ്ട ഇടതൂർന്ന മുടിയുള്ളവരെ കണ്ടാൽ അറിയാതെ ഉള്ളിന്റെയുള്ളിൽനിന്ന് അസൂയ പൊന്തിവരാറുണ്ടോ? കൃത്യമായ കേശസംരക്ഷണമാർഗങ്ങൾ പിന്തുടർന്നാൽ പട്ടുപോലെ മൃദുലമായ തലമുടി നിങ്ങൾക്കും സ്വന്തമാക്കാം.

1. കറ്റാർവാഴ 

ഒരു കറ്റാർവാഴയില, ഒരു സ്പൂൺവെള്ളം, ഒരു സ്പ്രേ ബോട്ടിൽ ഇത്രയും കൈവശമുണ്ടെങ്കിൽ അഞ്ചു മിനിറ്റിനകം കേശപരിചരണം തുടങ്ങാം. കറ്റാർവാഴയുടെ ഇല പിളർന്ന് സ്പൂൺ ഉപയോഗിച്ച് രണ്ട് സ്പൂൺ ജെൽ അതിൽ നിന്നെടുക്കുക. മഞ്ഞനിറത്തിലുള്ള ജെൽ എടുക്കാതെ സുതാര്യമായ ജെൽ മാത്രമെടുക്കാൻ ശ്രദ്ധിക്കണം. ജെൽ നന്നായിട്ടിളക്കി അതിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിച്ച ശേഷം ഒരു സ്പ്രേ ബോട്ടിലിലൊഴിക്കുക. കുപ്പി നന്നായി കുലുക്കിയ ശേഷം മിശ്രിതം തലയിലേക്ക് സ്പ്രേ ചെയ്യുക. ആഴ്ചയിൽ മൂന്നു നാലു ദിവസം ഇതാവർത്തിക്കണം. ഈ മിശ്രിതം മുടിവേരുകളെ ശക്തിയുള്ളതാക്കുകയും മുടിക്ക് മോയ്സചറൈസിങ് നൽകുകയും ചെയ്യുന്നു. മുടിക്കു നല്ല മൃദുത്വം സമ്മാനിക്കാനും ഈ മിശ്രിതം സഹായിക്കും.

2. ഹോട്ട് ഓയിൽ മസാജ്

ഹോട്ട് ഓയിൽ മസാജിനായി വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിക്കാം. രണ്ടു മൂന്നു ടേബിൾസ്പൂൺ എണ്ണ, തോർത്ത് എന്നിവയാണ് ഇതിനാവശ്യമായ വസ്തുക്കൾ. മുടിയുടെ നീളമനുസരിച്ച് വേണം എണ്ണയെടുക്കാൻ. ഒരു പാത്രം ചൂടാക്കി അതിൽ എണ്ണയൊഴിക്കണം. ചെറുചൂടുള്ള എണ്ണ ശിരോചർമം മുതൽ മുടിയുടെ അറ്റം വരെ നന്നായി പുരട്ടി മസാജ് ചെയ്യണം. 15 മിനിറ്റോളം ഇത്തരത്തിൽ മസാജ് ചെയ്ത ശേഷം 30 മിനിറ്റ് കഴിഞ്ഞ്, ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് മുടി പൊതിഞ്ഞു വയ്ക്കാം. ശേഷം സൾഫേറ്റ് ചേരാത്ത വീര്യമില്ലാത്ത ഷാംപു ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇതാവർത്തിക്കണം. ഹോട്ട് ഓയിൽ മസാജ് മുടിവേരുകളെ ഉത്തേജിപ്പിക്കുകയും താരൻ, ചൊറിച്ചിൽ ഇങ്ങനെയുള്ള അസ്വസ്ഥതകളെ കുറയ്ക്കുകയും ചെയ്യും. വിറ്റാമിനുകളാൽ സമ്പുഷ്ടമായ ഒലിവ് ഓയിലും വെളിച്ചെണ്ണയും മുടിയുടെ പ്രശ്നങ്ങളകറ്റി മുടിക്ക് ഡീപ് കണ്ടീഷനിങ് നൽകുകയും ചെയ്യും.

3. തൈര്

ഒരു കപ്പ് തൈര്, രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി എന്നിവ നന്നായി യോജിപ്പിക്കുക. ഇത് ശിരോചർമത്തിലും മുടിയിലും നന്നായി പുരട്ടുക. മുടിമുഴുവൻ ഈ മിശ്രിതം കൊണ്ട് പൊതിഞ്ഞ ശേഷം 30 മിനിറ്റ് കാത്തിരിക്കുക. ശേഷം സൾഫേറ്റ് ചേരാത്ത വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇത് ആവർത്തിക്കുക. വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി ഇവ നിറഞ്ഞ തൈര് മുടി വളരാൻ സഹായിക്കുന്നു. താരൻ അകലാനും ഈ ഹെയർപാക്ക് നല്ലതാണ്. നെല്ലിക്കാപ്പൊടി കൊണ്ടുള്ള ഹെയർപാക്കിൽ വിറ്റാമിൻ സി അടങ്ങിയതിനാൽ അത് മുടിവളർച്ചയെ ത്വരിതപ്പെടുത്തുന്നു.

4. മുട്ട

ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ഷവർക്യാപ് ഇത്രയും കാര്യങ്ങൾ ആവശ്യമാണ്. മുകളിൽ പറഞ്ഞ 3 ചേരുവകളെല്ലാം കൂടി ഒരു ബൗളിൽ നന്നായി യോജിപ്പിക്കുക. ഈ ഹെയർപായ്ക്ക് തലയോട്ടിയിലും മുടിയിലും നന്നായി പുരട്ടുക. ശേഷം ഒരു ഷവർ ക്യാപ് കൊണ്ട് തലമുടി കവർ ചെയ്യുക. മുപ്പതു മിനിറ്റ് കാത്തിരുന്ന ശേഷം തണുത്തവെള്ളം ഉപയോഗിച്ച് മുടി കഴുകുക. വീര്യം കുറഞ്ഞ, സൾഫേറ്റ് അടങ്ങിയിട്ടില്ലാത്ത ഷാംപു ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇതു ചെയ്യാം. പ്രൊട്ടീനുകളാൽ സമ്പന്നമായ മുട്ട മുടിക്ക് വേണ്ടുന്ന എല്ലാ പോഷകങ്ങളും നൽകി മുടിയുടെ ടെക്സച്ചറിനെ മെച്ചപ്പെടുത്തും. മുടിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും മുടിക്കു കരുത്തു നൽകുകയും ചെയ്യും.

5. ഉലുവ

കാൽക്കപ്പ് ഉലുവ, ഒരു കപ്പ് വെള്ളം എന്നിവയാണ് ഈ ഹെയർപാക്ക് തയാറാക്കാനായി വേണ്ടത്. ഉലുവ തലേന്ന് വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിറ്റേദിവസം രാവിലെ വെള്ളംചേർത്ത് നന്നായി അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലാകുമ്പോൾ ശിരോചർമത്തിലും മുടിയിലും പുരട്ടാം. മുപ്പതു മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ ഒരിയ്ക്കൽ ഇതാവർത്തിക്കണം. പ്രോട്ടീൻ, വിറ്റാമിനുകൾ, അയൺ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ഇത് മുടികൊഴിച്ചിൽ, താരൻ, അകാലനര ഇവയെ അകറ്റി മുടിക്കു കരുത്തു നൽകും.

6. സവാളനീര്

വലിയ ഒരു സവാള അരച്ചെടുക്കണം അതിൽ നാലഞ്ചു തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കണം. ഈ മിശ്രിതം നന്നായി യോജിപ്പിച്ച ശേഷം വിരലിന്റെ അറ്റംകൊണ്ട് ശിരോചർമത്തിൽ നന്നായി മസാജ് ചെയ്യണം. 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇതാവർത്തിക്കാം. ഇത് മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും മുടിക്ക് പുനർജീവൻ നൽകുകയും രക്തയോട്ടം വർധിപ്പിച്ച് മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും. ബയോട്ടിൻ, മഗ്നീഷ്യം, വിറ്റാമിൻ സി, ഫോസ്ഫറസ്, ഫോളിക് ആസിഡ്, കോപ്പർ എന്നിവയാൽ സമ്പുഷ്ടമായ സവാള മുടിക്ക് നല്ല തിളക്കവും കരുത്തും സമ്മാനിക്കും.

7. ആപ്പിൾ സിഡർ വിനഗർ

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ, ഒരു കപ്പ് വെള്ളം എന്നിവയാണ് ഈ ഹെയർപായ്ക്ക് തയാറാക്കാൻ വേണ്ടത്. ആപ്പിൾ സിഡർ വിനഗർ ഒരു കപ്പ് വെള്ളമുപയോഗിച്ച് നേർപ്പിക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപു ഇട്ട് മുടി കഴുകിയ ശേഷം മുടിയിൽ നല്ലൊരു കണ്ടീഷണർ അപ്ലൈ ചെയ്യുക. നേർപ്പിച്ചു വച്ചിരിക്കുന്ന ആപ്പിൾ സിഡർ മിശ്രിതം മുടിയിൽ പുരട്ടുക. പിന്നെ മുടി കഴുകേണ്ട ആവശ്യമില്ല. ആഴ്ചയിലൊരിക്കൽ ഇതാവർത്തിക്കുക. മുടിയിലെ അഴുക്കും എണ്ണമയവും അകലാൻ ഇത് സഹായിക്കും. മുടിക്കു മൃദുത്വവും പതുപതുപ്പും സമ്മാനിക്കാനും ഈ ഹെയർപാക്കിന് കഴിയും.

English Summary : Improve the quality of silky hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com