ADVERTISEMENT

വിവാഹദിനത്തിൽ സ്പെഷലായി ഇരിക്കാൻ ആഗ്രഹിക്കാത്ത വധൂവരന്മാർ ഉണ്ടാവുകയില്ലല്ലോ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതിലൊന്ന് എന്നു വിശ്വസിക്കുന്ന ആ ദിവസത്തിൽ എങ്ങനെ ഒരുങ്ങണമെന്ന് പലരും മുൻകൂട്ടി തീരുമാനിച്ചിരിക്കും. വസ്ത്രം ഏതു വേണം, എങ്ങനെ സ്റ്റൈൽ ചെയ്യണം, മേക്കപ്പും ഹെയർസ്റ്റൈലും എങ്ങനെ.... എന്നിങ്ങനെ നിരവധി ഘടകങ്ങളുണ്ട്. ആ സ്പെഷൽ ദിവസത്തില്‍ എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ആയിരിക്കണം എന്ന ആഗ്രഹമാണ് ഇതിനു കാരണം.

എന്നാൽ വിവാഹദിവസത്തിലെ മേക്കപ്പ് കൊണ്ടു മാത്രം ഇത് സാധ്യമല്ല. ചർമവും മുടിയുമെല്ലാം ഏറ്റവും മികച്ച അവസ്ഥയിലേക്ക് എത്തിയാലേ വിവാഹദിവസത്തിൽ പ്രതീക്ഷകൾക്ക് അനുസരിച്ച് ഉയരാനാകൂ. ഒരു ഫുൾ ബോഡി റീഫ്രഷ് ആണ് വിവാഹത്തിനോട് അനുബന്ധിച്ച് വേണ്ടത്. അതിനായി കുറഞ്ഞത് മൂന്നു മാസം മുമ്പെങ്കിലും തയാറെടുപ്പ് തുടങ്ങേണ്ടതുണ്ട്.

പതിവു ചർമസംരക്ഷണത്തിൽനിന്നും കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് വിവാഹസമയത്ത് മാറണം. ആദ്യം ചർമത്തിന്റെ അവസ്ഥ മനസ്സിലാക്കുകയാണ് വേണ്ടത്. സമയവും സാഹചര്യവും ഉള്ളവരാണെങ്കിൽ ഇതിനായി വിദഗ്ധ സേവനം തേടണം. മുഖക്കുരു പോലുള്ള പ്രശ്നമുള്ളവർക്ക് ഡെർമറ്റോളജിസ്റ്റിന്റെ സേവനം വേണ്ടി വന്നേക്കാം. 

ചർമത്തിന്റെ അവസ്ഥ മനസ്സിലാക്കി അനുയോജ്യമായ ഫേഷ്യൽ വേണം തിരഞ്ഞെടുക്കാൻ. ക്രീം ബേസ്ഡ് ഫേഷ്യലിനേക്കാൾ ജെൽ ബേസ്ഡ് ഫേഷ്യൽ ആയിരിക്കും നാച്വറൽ ലുക്ക് നൽകാൻ സഹായിക്കുക.  സെൻസറ്റീവ് ചർമം ഉള്ളവർ ബ്ലീച്ച് ഉപയോഗിക്കരുത്. ബ്ലീച്ച് ചെയ്ത് അലർജിയോ മറ്റു പാടുകളോ ഉണ്ടായാൽ വിവാഹമേക്കപ്പിനെ അത് സാരമായി ബാധിക്കും. 

വരണ്ട പാടുകൾ, ടാനിങ്, പി​ഗ്മെന്റേഷൻ, മൃതകോശങ്ങൾ തുടങ്ങി ചർമത്തിന് പല പ്രശ്നങ്ങളുമുണ്ടാകും. ഇതിനെല്ലാം വിവിധ തരം ട്രീറ്റ്മെന്റുകൾ വേണ്ടി വരും. വിദഗ്ധരായ ബ്യൂട്ടീഷന്മാരുടെ സഹായത്തോടെ ചർമത്തിന് ആവശ്യമായ ട്രീറ്റ്മെന്റുകൾ നേരത്തെ ആരംഭിക്കുക.

മുഖത്തിന്റെ പരിചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ആളുകളുണ്ട്. ഇതോടെ മുഖത്തിന്റെ ടോണും മറ്റു ശരീരഭാഗങ്ങളുടെ ടോണും വ്യത്യസ്തമാകും. ഈ ടോൺ വ്യത്യാസം ബാലൻസ് ചെയ്യാനായി വിവാഹദിവസത്തിൽ കൈകളിലും കഴുത്തിലുമൊക്കെ മേക്കപ് കൂടുതലായി ഉപയോഗിക്കേണ്ടി വരും. ഇത് ലുക്കിനെ മോശമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ശരീരത്തിന്റെ മൊത്തം പരിചരണത്തിന് മുൻഗണന നൽകേണ്ടി വരുന്നത്.

വിവാഹദിവസം ഫ്രഷ് ആയി ഇരിക്കാനാണ് വധുവും വരനും ഏറെ ബുദ്ധിമുട്ടുക. ചടങ്ങുകൾ, ഫോട്ടോഷൂട്ട്, ബന്ധുക്കളെ പരിചയപ്പെടൽ എന്നിങ്ങനെയുള്ള തിരക്കുകൾ ശരീരത്തെയും ചർമത്തെയും വേഗം തളർത്തും. മുഖത്ത് ക്ഷീണം വന്നു നിറയും. ചിലർ വല്ലാതെ വിയർക്കും. ബോഡി പോളിഷ്, ബോഡി മസാജ് എന്നിവയിലൂടെ ഇതൊരു പരിധി വരെ തടയാം. ചർമത്തിനും ശരീരത്തിനും തിളക്കവും ഉന്മേഷവും ലഭിക്കാൻ ഇവ സഹായകരമാണ്. വാക്സിൻ ചെയ്യുന്നതും നഖങ്ങളും പല്ലുകളുമുൾപ്പടെ ഭംഗിയാക്കുന്നതും കൂടുതൽ ആത്മവിശ്വാസം നൽകും.

വിവാഹത്തോടനുബന്ധിച്ച് മുടിക്ക് ഒരു മേക്കോവർ നൽകാം. ഹെയർസ്റ്റൈലിലെ ഈ  മാറ്റം വിവാഹദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും കാഴ്ചയിൽ പുതുമ തോന്നിക്കാൻ കാരണമാകും. ഹെയർ സ്പാ ചെയ്താൽ മുടിക്ക് തിളക്കവും സുഗന്ധവും ലഭിക്കും. ഇതും ഈ ദിവസങ്ങളിൽ ഫ്രഷ്നസ്സ് തോന്നിക്കാൻ സഹായിക്കുന്നു.

വളരെയധികം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് താരൻ. വധൂവരന്മാരിൽ ആളുകളുടെയും ക്യാമറകളുടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസമായതിനാൽ താരന്റെ ചെറിയ പ്രശ്നം പോലും എടുത്തു കാണിക്കും. അതിനാൽ താരൻ എന്ന പ്രശ്നത്തിന് പരിഹരം കണ്ടെത്തേണ്ടതും അനിവാര്യമാണ്. അനുയോജ്യമായ ട്രീറ്റ്മെന്റുകൾ നേരത്തെ തന്നെ തുടങ്ങാം.

വിവാഹസമയത്ത് ഭക്ഷണത്തിലും നിയന്ത്രണം വേണം. ഒരുപാട് എണ്ണയും തണുപ്പും മധുരവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. നന്നായി വെള്ളം കുടിക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതെല്ലാം ചർമത്തിന്റെ സ്വാഭാവികമായ തിളക്കത്തിനും ടോൺ മെച്ചപ്പെടാനും സഹായിക്കും.

വിവരങ്ങൾക്ക് കടപ്പാട് : സജിത്ത് & സുജിത്ത് ( സെലിബ്രിറ്റി സ്റ്റൈലിസ്റ്റ്)

English Summary : Get ready for wedding day ; Super tips from celebrity stylists Sajith & Sujith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com