വൃശ്ചികപ്പുലരിയിലെ മഞ്ഞ് സുഖമുള്ള കാഴ്ചയാണെങ്കിലും ചർമത്തിന് തീരെ സുഖം പകരുന്ന കാലാവസ്ഥയല്ല മഞ്ഞുകാലം. വൃശ്ചികത്തിനു പിന്നാലെ ധനുമാസം കൂടിയെത്തുമ്പോൾ തണുപ്പ് അസഹനീയമാകും. തണുപ്പ് ശിരോചർമത്തെ വരണ്ടതാക്കുകയും താരൻ പോലെയുള്ള പ്രശ്നങ്ങൾ അധികരിക്കുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് ശരീരത്തിന് മാത്രം മോയ്സചറൈസിങ് നൽകിയാൽ പോരാ, ശിരോചർമത്തിനും വേണം സംരക്ഷണം.
∙ തണുപ്പുകാലം ശിരോചർമത്തെ വരണ്ടതാക്കുന്നതുകൊണ്ട് ശിരോചർമത്തിന് മോയ്സചറൈസിങ് നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഹോട്ട് ഓയിൽ മസാജ് ചെയ്യാനും ശിരോ ചർമത്തിലെ അനാവശ്യമായ എണ്ണമെഴുക്ക് മൈൽഡ് ഷാംപൂ ഉപയോഗിച്ച് നീക്കം ചെയ്യാനും ശ്രദ്ധിക്കണം.
∙ ശിരോചർമം വരളുന്നതിനനുസരിച്ച് അസ്വസ്ഥതയും ചൊറിച്ചിലും വർധിക്കാനുള്ള സാധ്യതയുണ്ട്. ഇതിന് ഉത്തമ പ്രതിവിധിയാണ് കറ്റാർ വാഴ. കറ്റാർവാഴ നീരും വെളിച്ചെണ്ണയും സമാസമം ചേർത്ത് ഉപയോഗിക്കുന്നത് ശിരോചർമത്തിലെ അസ്വസ്ഥതകളകറ്റും.
∙ വരണ്ട ശിരോചർമത്തിൽ ഒരിക്കലും ജെൽ, ഹെയർ സ്പ്രേ ഇവയൊന്നും ഉപയോഗിക്കാൻ പാടില്ല. അത് ചർമത്തെ കൂടുതൽ വരണ്ടതാക്കും. ശിരോചർമത്തെ മോയ്സ്ചറൈസ് ചെയ്യാൻ എണ്ണയും ഹെയർപായ്ക്കുകളും മാത്രം ഉപയോഗിക്കാം.
∙ ഹെയർമാസ്ക് തയാറാക്കുന്നതിലും ശ്രദ്ധവേണം. തൈര്, എണ്ണ, ഒലിവ് ഓയിൽ ഇവ മൂന്നും തുല്യമായി അളവിലെടുത്ത് തയാറാക്കുന്ന ഹെയർ മാസ്ക് വരണ്ട ശിരോചർമത്തിനുള്ള ഉത്തമ പ്രതിവിധിയാണ്.
∙ മൂന്നു സ്പൂൺ ആപ്പിൾ സിഡർ വിനഗർ ഒരു കപ്പ് വെള്ളത്തിൽ കലർത്തി കുളി കഴിഞ്ഞ ശേഷം അത് ശിരോചർമത്തിൽ സ്പ്രേ ചെയ്യുക. ഇത് ശിരോചർമത്തിൽ ഒരു കണ്ടീഷനർ പോലെ പ്രവർത്തിക്കും. ചർമത്തിലെ പിഎച്ച് ലെവലിന്റെ സന്തുലനം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഈ മിശ്രിതത്തിലെ ആസിഡ് ഘടകങ്ങൾ ശിരോചർമത്തിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും അണുബാധകൾ അകറ്റുകയും ചെയ്യുന്നു.