ADVERTISEMENT

മുടിയുടെ അറ്റം പിളരുന്നു എന്ന പ്രശ്നം പറഞ്ഞാലുടൻ എല്ലാവരും പൊതുവേ നൽകുന്ന ഉപദേശമാണ് മുടിവെട്ടൂ എന്ന്. ആഴ്ചകളുടെയോ മാസങ്ങളുടെയോ ഇടവേളകളിൽ മുടിയുടെ അറ്റം മുറിച്ചാൽ മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാമെന്നും പലരും നിർദേശിക്കാറുണ്ട്. എന്നാൽ വെട്ടി വെട്ടി മുടിയുടെ നീളം കുറയുന്നതല്ലാതെ മുടിയുടെ അറ്റം പിളരലിനു മാത്രം കാര്യമായി കുറവില്ലെന്നു പരാതിപ്പെടുന്നവർക്കായാണ് ഈ ബ്യൂട്ടി ടിപ്സ്. വീട്ടിൽനിന്നു ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കളുപയോഗിച്ച് മുടിയുടെ അറ്റം പിളരുന്നത് തടയാം.

എണ്ണപുരട്ടാൻ മടിക്കല്ലേ

കുട്ടിക്കാലം മുതൽ എല്ലാവരും അമ്മൂമ്മമാരോടും അമ്മമാരോടും വഴക്കിടുന്നത് മുടിയിൽ എണ്ണ പുരട്ടണമെന്നു പറയുമ്പോഴാണ്. പക്ഷേ ആ ഉപദേശങ്ങൾക്കു ചെവികൊടുക്കാത്തതിന്റെ പ്രശ്നം അനുഭവിക്കേണ്ടി വരുന്നത് പ്രായം മുന്നോട്ടു പോകുമ്പോഴാണ്. മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ കഴിവുള്ള എണ്ണകൾ അടുക്കളത്തട്ടുകളിൽ വിശ്രമിക്കുമ്പോൾ എന്തിനാണ് മറ്റു സൗന്ദര്യസംരക്ഷണ മാർഗങ്ങളുടെ പിന്നാലെ പോകുന്നത്. വെളിച്ചെണ്ണ, ബദാംഓയിൽ, കാസ്റ്റർ ഓയിൽ, മോറോക്കൻ ഓയിൽ തുടങ്ങിയ എണ്ണകൾ ഉപയോഗിച്ചാൽ മുടിയുടെ അറ്റം പിളരൽ തടയാം. ഈ എണ്ണകൾ മുടിയെ മോയ്സചറൈസ് ചെയ്യുകയും അറ്റം പിളരുന്നതിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. ഈ എണ്ണകളിൽ ഏതെങ്കിലും ഉപയോഗിച്ച് മുടി മസാജ് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ചെറുതായി ചൂടാക്കിയ ശേഷം മസാജ് ചെയ്യണം. എണ്ണചൂടാക്കുമ്പോൾ അതിനൊപ്പം കറിവേപ്പില, വിറ്റാമിൻ ഇ ക്യാപ്സൂളുകൾ, ഉലുവ, ആര്യവേപ്പില എന്നിവ ഉപയോഗിച്ചാൽ ഗുണം വർദ്ധിക്കും.

തലമുടിക്കു വേണം മോയ്സചറൈസിങ്

തലമുടി മോയ്സചറൈസ് ചെയ്യണം എന്നു പറഞ്ഞാൽ ദിവസവും തലനിറയെ എണ്ണ തേയ്ക്കണം എന്നല്ല അർഥം. മുടി വരളാൻ അനുവദിക്കാതെ ആവശ്യമായ സമയത്ത് ഹെയർമാസ്ക്കുകളിട്ട് മുടിയ്ക്ക് മോയ്സചറൈസിങ് നൽകാം. തൈര്, തേൻ, വെളിച്ചെണ്ണ എന്നിവ 3:1:2 എന്ന അനുപാതത്തിലെടുത്ത് രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളുകൾ കൂടിച്ചേർത്ത് ഹെയർമാസ്ക് തയാറാക്കാം. തലമുടിയുടെ അറ്റം മുതൽ മുകളിലേക്ക് വേണം ഹെയർമാസ്ക് അണിയാൻ. 40 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ മുടി കഴുകാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ മാസ്ക്ക് അണിയാൻ ശ്രദ്ധിക്കണം.

ഷാംപു ചെയ്താൽ

എത്ര തിരക്കാണെങ്കിലും ആഴ്ചയിൽ രണ്ടുവട്ടമെങ്കിലും മുടി ഷാംപൂ ചെയ്യുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഷാംപു ചെയ്യാൻ കാണിക്കുന്ന താൽപര്യം കണ്ടീഷനർ ഉപയോഗിക്കാൻ പലരും കാണിക്കുന്നില്ല. കെമിക്കൽ അടങ്ങിയ കണ്ടീഷനർ ഉപയോഗിക്കുന്നതിനു പകരം ആപ്പിൾ സിഡർ വിനഗർ ഉപയോഗിക്കാം. അരലീറ്റർ വെള്ളത്തിൽ രണ്ട് സ്പൂൺ ആപ്പിൾസിഡർ വിനഗർ മിക്സ് ചെയ്ത് അതുകൊണ്ട് മുടി കഴുകാം. ഇത് മുടിയുടെയും തലയോട്ടിയുടെയും പിഎച്ച് ലെവലിനെ ബാലൻസ് ചെയ്തു നിർത്താൻ സഹായിക്കും.

 

English Summary : prevent splitting of hair using natural methods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com