ADVERTISEMENT

സൗന്ദര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാകുക ? എത്രയൊക്കൊ ആഗ്രഹിച്ചാലും നിരവധിപ്പേർക്ക് ഇന്നുമതൊരു അസാധ്യ കാര്യമാണ്. സമയം, പണം എന്നിവയാണ് പലർക്കും തടസ്സമാകുക. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം സാധ്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത വസ്തുക്കൾ അടുക്കളയിലുണ്ട്. ഇവ ശരിയായി ഉപയോഗിച്ചാൽ സൗന്ദര്യസംരക്ഷണം എളുപ്പം നടക്കും. ഇത്തരത്തിലുള്ള ചില വസ്തുക്കളും അവയുടെ ഉപയോഗവും ഇതാ. 

പാലും പാൽപ്പാടയും

ചീത്തയായ പാൽ കളയേണ്ടതില്ല. ചർമത്തിന് മികച്ചൊരു ടോണറും ക്ലെൻസറുമായി ഇത് ഉപയോഗിക്കാം. ഒരു കോട്ടൻ തുണിയിൽ മുക്കി മുഖത്തും കഴുത്തിലും പുരട്ടാം. പാൽ തണുക്കുമ്പോൾ ഉണ്ടാകുന്ന പാൽപ്പാടയും മുഖത്ത് പുരട്ടാം. ചർമകാന്തി വർധിക്കാൻ മികച്ചതാണിത്. വരണ്ട ചർമമാണെങ്കിൽ പാൽപ്പാടയ്ക്കൊപ്പം തേനും ചേർത്ത് പുരട്ടുന്നത് നന്നായിരിക്കും. 

തക്കാളി മോയിസ്ച്വറൈസർ

ഏത് കാലാവസ്ഥയിലും അനുയോജ്യമായ മോയ്സ്ചറൈസർ ആണ് തക്കാളി. ചർമത്തിലെ എണ്ണമയം നീക്കം ചെയ്യാനും വൃത്തിയും തിളക്കമുള്ളതാക്കാനും തക്കാളിയുടെ ഉപയോഗം സഹായിക്കും. ഇതിനായി തക്കാളി മിക്സിയിലടിച്ച് പൾപ്പ് ആക്കിയെടുത്ത് മുഖത്തു പുരട്ടാം. 10–15 മിനിറ്റിന് ശേഷം മുഖം കഴുകാം. സാധ്യമാകുമ്പോഴെല്ലാം ഇങ്ങനെ ചെയ്യാം. അത്ര നല്ലതല്ലാത്ത തക്കാളി ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. 

മുടിക്ക് വേണം കഞ്ഞിവെള്ളം 

കഞ്ഞി വെള്ളം വെറുതെ കളയല്ലേ. കുടിക്കാൻ മാത്രമല്ല കുളിക്കാനും കഞ്ഞി വെള്ളം ബെസ്റ്റ് ആണ്. തണുത്ത കഞ്ഞിവെള്ളം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ചശേഷം കുളിക്കാം. ശിരോചർമത്തിൽ അമിതമായുള്ള സെബം നീക്കം ചെയ്യാൻ ഇത് സഹായിക്കും. മുടിക്ക് തിളക്കും മൃദുത്വവും ലഭിക്കാനും ഇത് സഹായിക്കുന്നു.

പഴുപഴുത്ത നേന്ത്രപ്പഴം

പഴുപ്പ് കൂടിയതിനാൽ ഉപേക്ഷിക്കപ്പെടുന്ന വാഴപ്പഴം എല്ലാ വീട്ടിലും കാണും. അത് കഴിക്കാനല്ലേ മടിയുള്ളൂ, മുഖത്തു പുരട്ടാൻ മടിക്കേണ്ടതില്ലല്ലോ, പ്രത്യേകിച്ചും ചർമത്തിന് ഗുണകരമാണെങ്കിൽ. മിക്സിയിൽ അടിച്ചെടുത്ത് അൽപം തേനും നാരങ്ങാ നീരും ചേർത്ത് മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കാൻ ഇത് ധാരാളം.

തൈര് ദ് എൻർജി ബൂസ്റ്റർ

ഒരു യാത്ര കഴിഞ്ഞ് വാടിത്തളർന്ന് എത്തുമ്പോൾ ചർമത്തിനൊരു ആശ്വാസം വേണമെന്ന് തോന്നിയിട്ടുണ്ടോ ? അതിന് ഏറ്റവും ഉചിതമായ വസ്തുവാണ് തൈര്. മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് തൈര് ശരീരത്തിൽ പുരട്ടാം. നല്ല ആശ്വാസം അനുഭവപ്പെടും. അൽപമൊന്ന് ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം. കരുവാളിപ്പ് മാറ്റി ചർമകാന്തി തിരിച്ചുപിടിക്കാൻ ഇത് നല്ലതാണ്.

English Summary : DIY beauty tips for everyone 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com