ADVERTISEMENT

മുഖത്തെ ചുളിവുകളും കറുത്തപാടുകളും പ്രായം വിളിച്ചു പറയാൻ തുടങ്ങിയോ? എങ്കിൽ ഉറപ്പിച്ചോളൂ ചർമത്തിന് പ്രത്യേക ശ്രദ്ധ നൽകാൻ സമയമായി. ഒരുപാട് വിലയുള്ള കോസ്മറ്റിക് പ്രൊഡക്ടുകൾ തേടിപ്പോകാതെ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പരിഹാരം കണ്ടെത്താം. ഈ പ്രശ്നം പരിഹരിക്കാൻ ശേഷിയുള്ള ഒരാൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ആരെന്നെല്ലേ? വെളിച്ചെണ്ണയാണ് ആ താരം. വെളിച്ചെണ്ണ മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റുന്നതെങ്ങനെയെന്നു നോക്കാം. 

മുഖം നല്ലതു പോലെ തണുത്ത വെള്ളത്തിൽ കഴുകി, വൃത്തിയായി തുടച്ചതിനു ശേഷം കുറച്ചു വെളിച്ചെണ്ണ കൈവെള്ളയിലെടുത്ത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ശേഷം നല്ലതു പോലെ മസാജ് ചെയ്യാം. പിറ്റേന്ന് കാലത്ത് മുഖം കഴുകാം. എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റാനും ചർമത്തിന്റെ മൃദുത്വം സംരക്ഷിക്കാനും തിളക്കത്തോടെയിരിക്കാനും സഹായിക്കും.

ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗറിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്തു നേർപ്പിച്ചതിനു ശേഷം കോട്ടൺ ഉപയോഗിച്ച് മുഖത്തു പുരട്ടുക. ഉണങ്ങിയതിനു ശേഷം വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. പിറ്റേന്ന് കാലത്തു കഴുകാം. എല്ലാ ദിവസവും ഇതാവർത്തിക്കുക. ചുളിവുകളും കറുത്തപാടുകളും പമ്പ കടക്കും.

രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണയും അത്രയും തന്നെ ആവണക്കെണ്ണയും ഒരുമിച്ചു ചേർത്തതിനു ശേഷം മുഖത്തു പുരട്ടി മസാജ് ചെയ്യുക. കഴിയുന്നത്രയും സമയം ഇവ മുഖത്തു പുരട്ടിയിരിക്കാം. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് മുഖത്ത് ചുളിവുകൾ വീഴാതിരിക്കാൻ സഹായിക്കും. ആവണക്കെണ്ണയിലുള്ള ആന്റി ഓക്സിഡന്റുകൾ ചർമത്തിലിറങ്ങി പ്രവർത്തിക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും. 

വിറ്റാമിൻ ഇ ഗുളികയും വെളിച്ചെണ്ണയും മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ അകറ്റും. ഉപയോഗിക്കേണ്ട വിധം ഇങ്ങനെയാണ്, ഒരു വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചതിനു ശേഷം അതിനകത്തുള്ള ഓയിൽ രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണയുമായി ചേർത്ത് യോജിപ്പിക്കുക. ശേഷം മുഖത്തു പുരട്ടാം. കാലത്തു കഴുകി കളയുക. വിറ്റാമിൻ ഇ യിലെ ആന്റിഓക്സിഡന്റ് ചർമത്തിനു മൃദുത്വം നൽകുന്നു. 

ഒരു ടേബിൾ സ്പൂൺ വെളിച്ചണ്ണയിൽ അര ടീസ്പൂൺ തേൻ ചേർത്തു യോജിപ്പിക്കുക. ശേഷം ചുളിവുകളുള്ള ഭാഗങ്ങളിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് ചർമത്തിനു തിളക്കം നൽകും.

മൂന്നോ നാലോ തുള്ളി ചെറുനാരങ്ങാ നീര് ഒരു ടീസ്പൂൺ പാലിൽ ചേർക്കുക. പിരിഞ്ഞ പാലിൽ വെളിച്ചെണ്ണ കൂടി ചേർത്തു യോജിപ്പിച്ചതിനു ശേഷം രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം കഴുകി കളയാം. നാരങ്ങാനീര് ചർമ്മത്തെ വൃത്തിയാക്കുന്നു. അതിനൊപ്പം തന്നെ പാൽ ഒരു മോയിസ്ചറൈസർ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒരു നുള്ള് മഞ്ഞൾപൊടി ചേർത്ത് യോജിപ്പിച്ചതിനു ശേഷം 15 മുതൽ 20 മിനിറ്റുവരെ മുഖത്തു പുരട്ടിയിരിക്കാം. ദിവസം ഒരു തവണ ഇങ്ങനെ ചെയ്യാം. മഞ്ഞളിലെ ആന്റി ഓക്സിഡന്റുകൾ ചർമത്തിനു ഇരുപതുകളിലെ തിളക്കം സമ്മാനിക്കും.

English Summary : Beauty Tips - Get rid of wrinkles using coconut oil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com