രക്തചന്ദനം ഫെയ്സ് പാക്ക്, കാച്ചിയ എണ്ണ ; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ‘മാസ്റ്റർ’ നായിക മാളവിക മോഹനൻ

HIGHLIGHTS
  • ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളോടാണ് ഇഷ്ടം കൂടുതൽ
  • ആയുർവേദ ഉൽപന്നങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്
master-actress-malavika-mohanan-beauty-secrets
Image Credit : Malavika Mohanan / Instagram
SHARE

‘മാസ്റ്റർ’ എന്ന തമിഴ് സിനിമയിലൂടെ വീണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ് മാളവിക മോഹനൻ. പട്ടംപോലെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും സജീവമാണ്. വിശ്വപ്രസിദ്ധ ഇറാനിയൻ നടനും സംവിധായകനുമായ മജീദ് മജീദിയുടെ ബിയോണ്ട് ദ് ക്ലൗഡ്സ് എന്ന ചിത്രത്തിലെ താര എന്ന കഥാപാത്രം പ്രേക്ഷക– നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മാളവികയുടെ ഫാഷൻ ഫോർമുലകൾക്കും ആരാധകർ ഏറെയാണ്. സാരിയും വെസ്റ്റേൺ സ്റ്റൈലുകളും ഒരുപോലെ ഇണങ്ങുന്ന വസ്ത്രധാരണ രീതിയും ശ്രദ്ധേയമാണ്. ആരോഗ്യ– സൗന്ദര്യ സംരക്ഷണത്തെപ്പറ്റി മാളവിക മനോരമയോട് സംസാരിക്കുന്നു.

malavika-mohanan-4
Image Credit : Malavika Mohanan / Instagram

∙ ഇഷ്ട നിറം പിങ്ക്

മാളവികയുടെ ഇഷ്ട നിറങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം പിങ്കിനാണ്. പിങ്ക് സന്തോഷം നൽകുന്ന നിറമായി തോന്നിയിട്ടുണ്ട്. ഈ നിറത്തിലുള്ള സാധനങ്ങളിൽ പെട്ടെന്ന് കണ്ണുടക്കാറുണ്ട്. തിളക്കമുള്ളവയ്ക്ക് പ്രത്യേക ആകർഷണമാണ്.

∙ പ്രിയം ഇന്ത്യൻ വസ്ത്രങ്ങളോട്

വെസ്റ്റേൺ സ്റ്റൈൽ വസ്ത്രങ്ങളെക്കാൾ ഇഷ്ടം കൂടുതൽ ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളോടാണ്. അതിൽതന്നെ സാരിയോട് പ്രത്യേക ഇഷ്ടമാണ്. ഇന്ത്യൻ സ്ത്രീകൾ സാരിയിൽ കൂടുതൽ സുന്ദരികളാകുന്നതായി തോന്നിയിട്ടുണ്ട്. ഷോട്സും ടിഷർട്ടുകളും ധരിക്കാറുണ്ട്. അവ കൂടുതൽ കംഫർട്ടബിൾ ആണ്. മൂഡിനനുസരിച്ചാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.

∙ സൗന്ദര്യസംരക്ഷത്തിന്‌ നാടൻ വഴികൾ

malavika-mohanan-2
Image Credit : Malavika Mohanan / Instagram

ആയുർവേദ ഉൽപന്നങ്ങളാണ് സാധാരണ ഉപയോഗിക്കാറുള്ളത്. രക്തചന്ദനപ്പൊടി ഫെയ്സ് പാക്ക് ആയി ഉപയോഗിക്കാറുണ്ട്. മേക്കപ് റിമൂവ് ചെയ്യുന്നത് വെളിച്ചെണ്ണ ഉപയോഗിച്ചാണ്. ഇവ ചർമത്തിന് കൂടുതൽ ആരോഗ്യം നൽകുന്നവ ആണ്. മാത്രമല്ല കെമിക്കൽ അല്ലാത്തതിനാൽ ധൈര്യമായി ഉപയോഗിക്കുകയും ചെയ്യാം. മുടി സംരക്ഷണത്തിനും നാടൻ പൊടിക്കൈകളാണ് ഉപയോഗിക്കുന്നത്. ആര്യവൈദ്യശാലയിൽ നിന്നുള്ള കാച്ചിയെണ്ണയാണ് ഇതിൽ പ്രധാനം.

∙ ആഭരണങ്ങൾ ആവശ്യത്തിന്

സ്വർണാഭരണത്തെക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് ഇമിറ്റേഷൻ ജ്വല്ലറികളാണ്. സ്വർണം സൂക്ഷിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അത് സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റാറില്ല. വളരെ മനോഹരമായ മറ്റ് ഓർണമെന്റ്സ് ഇപ്പോൾ സുലഭമാണ്. കൂടുതലും അത്തരം ആഭരണങ്ങളാണ് ഉപയോഗിക്കുന്നത്.

∙ ഫിറ്റ്നസ്

പഠിച്ചുകൊണ്ടിരുന്ന സമയത്ത് അത്‌ലറ്റിക്സിൽ സജീവമായിരുന്നു. അത് ഫിറ്റ്നെസ് സ്വന്തമാക്കാൻ സഹായിച്ചിരുന്നു. ഇപ്പോഴും വർക്കൗട്ടുകൾ ചെയ്യാറുണ്ട്. പൊതുവെ മടിയാണെങ്കിലും ദിവസവും ചെയ്യാൻ ശ്രമിക്കാറുണ്ട്. യോഗ പോലുള്ളവ ചെയ്യാനുള്ള ക്ഷമ കുറവായതിനാൽ പെട്ടെന്നു ചെയ്യാൻ സാധിക്കുന്ന വർക്കൗട്ടുകളാണ് കൂടുതലും ചെയ്യുന്നത്.

malavika-mohanan-3
Image Credit : Malavika Mohanan / Instagram

ഫിറ്റ്നെസ് മെയ്ന്റയിൻ ചെയ്യാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കാറുണ്ട്. വീട്ടിൽ പൊതുവെ നാടൻ ഭക്ഷണമാണ് കൂടുതലും കഴിക്കുന്നത്. അൺഹെൽത്തി ആയ ഭക്ഷണങ്ങൾ ഉണ്ടാക്കാറില്ല. അപ്പം, ദോശ, ഇഡലി, സാമ്പാർ മുതലായ ഭക്ഷണങ്ങളാണ് വീട്ടിൽ ഉണ്ടാക്കുന്നത്.ബിരിയാണി ഇഷ്ടവിഭവങ്ങളിലൊന്നാണ്. എന്നാൽ ആരോഗ്യപ്രദമല്ലാത്തതിനാൽ അധികം കഴിക്കാറില്ല.

മജീദ് മജീദിയുടെ ‘ബിയോണ്ട് ദ് ക്ലൗഡ്സ്’ ചെയ്യുന്ന സമയത്ത് ഡയറ്റെടുത്തിരുന്നു. 18 ദിവസത്തിനുള്ളിൽ 8 കിലോ കുറയ്ക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. അതിനുവേണ്ടി ന്യൂട്രിഷ്യനിസ്റ്റിന്റെ സഹായത്തോടെ ഡയറ്റെടുത്തു. 5 കിലോ ഭാരം ചിത്രത്തിനായി കുറയ്ക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ആദ്യമായും അവസാനമായും ഡയറ്റെടുത്തത് ഈ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടിയായിരുന്നു.

English Summary : Actress Malavika Mohanan beauty secrets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA