ADVERTISEMENT

‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്മുഖം’ എന്നൊക്കെ കേട്ടാൽ സന്തോഷം തോന്നാത്തവർ വിരളമായിരിക്കും. അങ്ങനെ കേൾക്കണമെങ്കിൽ മുഖം കണ്ണാടി പോലെ തിളങ്ങണം. രാവിലെ ഉറക്കമെഴുന്നേറ്റു കണ്ണാടി നോക്കുമ്പോൾ, തെളിച്ചവും പ്രസരിപ്പുമുള്ള മുഖം കാണണമെന്നാഗ്രഹമുള്ളവർ ഇവിടെയൊന്നു ശ്രദ്ധിക്കൂ. വളരെ എളുപ്പത്തിൽ, തിളങ്ങുന്ന ചർമം സ്വന്തമാക്കാം.

അടിഞ്ഞുകൂടിയ അഴുക്കും വിയർപ്പും മുഖ ചർമത്തിന്റെ തിളക്കം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ഉറങ്ങുന്നതിനു മുൻപ്, മുഖം വൃത്തിയായി കഴുകാം. ശേഷം ഫേഷ്യൽ റോളറോ മസാജർ കൊണ്ടോ മുഖം മസാജ് ചെയ്യാം. മുഖത്തെ രക്തചംക്രമണം വർധിക്കുക മാത്രമല്ല, കാലത്തുപയോഗിച്ച സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ ശേഷിപ്പുകൾ ഒഴിവാക്കുകയും ചെയ്യാം.

പില്ലോ കവറുകൾക്കും ചർമത്തോട് ചിലതു പറയാനുണ്ട്. സിൽക്ക് പില്ലോ കവറുകൾ, മുഖമമർത്തി കിടക്കുമ്പോൾ ചർമത്തിൽ വരാൻ സാധ്യതയുള്ള പാടുകളെ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല, തലമുടിയിഴകൾ ഭംഗിയില്ലാതെ, ചുരുണ്ടു പോകാതെയിരിക്കുകയും ചെയ്യും. 

മുഖത്തണിഞ്ഞ മേക്കപ് കഴുകി കളയാതെ ഉറങ്ങരുത്. ഉപയോഗിച്ച പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ മുഖത്തിരിക്കുന്നത് ചർമത്തിലെ സുഷിരങ്ങളിലൂടെ ബാക്ടീരിയയും എണ്ണമയവും അകത്തേക്കിറങ്ങാൻ വഴിവെയ്ക്കും. ഇങ്ങനെ സംഭവിച്ചാൽ വളരെ പെട്ടെന്ന് തന്നെ മുഖക്കുരു ഉണ്ടാകാനിടയുണ്ട്. മേക്കപ് ടവ്വലോ മൈസെലാർ വാട്ടറോ ഉപയോഗിച്ച് മുഖം വൃത്തിയാക്കുന്നത് മുഖക്കുരു വരാതെ തടയും.

തിളക്കവും ആരോഗ്യവുമുള്ള ചർമം കാംക്ഷിക്കുന്ന ആളാണെങ്കിൽ നിർബന്ധമായും ധാരാളം വെള്ളം കുടിച്ചിരിക്കണം. ഉറങ്ങുമ്പോൾ ഏകദേശം ആറ് മുതൽ 10 മണിക്കൂർ വരെ വെള്ളം കുടിക്കാതെയാണ് പലരും ഉറങ്ങുന്നത്. അതുകൊണ്ടു തന്നെ ഉണർന്നിരിക്കുന്ന സമയങ്ങളിൽ ശരീരത്തിന് ആവശ്യമുള്ളത്രയും വെള്ളം കുടിക്കുന്നതു ചർമത്തിനു ആരോഗ്യത്തോടൊപ്പം തിളക്കവും സമ്മാനിക്കും. 

ഉറങ്ങുന്നതിനു മുൻപ് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. ഉടനടി പ്രതിവിധി ലഭിക്കുന്നതു പോലുള്ള മരുന്നുകളോ സ്റ്റിക്കറുകളോ ഉപയോഗിക്കാം. ആ സമയങ്ങളിൽ ചർമം ആവശ്യപ്പെടുന്ന തരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കുകയും ചെയ്യാം.

ശാന്തമായ മനസോടെ ഉറങ്ങാൻ കിടക്കുക. അയവുള്ള നിശാവസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. ചൂട് കൂടിയ കാലാവസ്ഥയാണെങ്കിൽ, മുറിയിൽ തണുപ്പ് നിലനിർത്താനുള്ള സംവിധാനങ്ങൾ ചെയ്യണം. മനസ്സിനിഷ്ടപ്പെടുന്ന സുഗന്ധം മുറിയിൽ നിലനിർത്തുന്നതു ഉറങ്ങുമ്പോൾ മാത്രമല്ല, ഉണരുമ്പോഴും പുത്തനുണർവ് നൽകും.

ശരീരത്തിലെ ഒരു ഭാഗം മാത്രമാണ് മുഖം, അതുകൊണ്ടു തന്നെ കൈകൾ, കാലുകൾ, പാദങ്ങൾ എന്നിവക്കെല്ലാം പ്രത്യേക പരിചരണം നൽകണം. വരണ്ട ചർമമാണെങ്കിൽ എണ്ണമയം നിലനിർത്താൻ മോയ്സ്ച്യൂറൈസിങ് ക്രീമുകൾ ഉപയോഗിക്കാം.

English Summary : Skincare tips for healthy skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com