ADVERTISEMENT

ഓറഞ്ചു പോലെതന്നെ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് ഓറഞ്ചിന്റെ തൊലിയും. ഇത് ഫലപ്രമദമായി ഉപയോഗിച്ചാല്‍ ചർമം സുന്ദരമാകും. എന്നാൽ പലർക്കും ഇതറിയില്ല. ഓറഞ്ച് തിന്ന് തൊലി വലിച്ചെറിയും. സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവർക്ക് ഓറഞ്ച് തൊലി ഉപയോഗിച്ച് മികച്ച ഫെയ്സ് പായ്ക്കുകൾ വീട്ടിൽതന്നെ പരീക്ഷിക്കാം. ചർമം തിളങ്ങുമെന്നു മാത്രമല്ല, മുഖക്കുരു, കറുത്ത പാടുകൾ എന്നിവയിൽ നിന്നും രക്ഷനേടാനും സാധിക്കും.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതിലേയ്ക്ക് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖക്കുരുവും കറുത്ത പാടുകളുമുള്ള ഭാഗങ്ങളിൽ പുരട്ടാം. നല്ല മാറ്റം ഉണ്ടാകും.

പ്രകൃതിദത്തവും സുരക്ഷിതവുമായ രീതിയിൽ ബ്ലീച്ച് ചെയ്യാനും ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് ഉപയോഗിക്കാം. മുഖ ചർമത്തിന് യാതൊരു തരത്തിലുള്ള കേടുപാടുകൾ വരാതെ നോക്കുന്നതിനൊപ്പം മുഖത്തിന്റെ തിളക്കം വർധിക്കുകയും ചെയ്യും.

മുഖത്തെ മൃതകോശങ്ങളെ നീക്കി, കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഓറഞ്ച് പൊടി ഫെയ്സ് പാക് സഹായിക്കും. മൂന്നു ടേബിൾ സ്പൂൺ വരെ പൊടിച്ച ഓറഞ്ച് തൊലിയും രണ്ടു ടേബിൾ സ്പൂൺ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 

സൂര്യന്റെ കഠിനമായ ചൂടിൽ നിന്നും മുഖത്തെയും ചുണ്ടിനെയും സംരക്ഷിക്കാൻ ഓറഞ്ച് പൊടി ഉപയോഗിക്കുന്നുണ്ട്. നിരവധി ലിപ് ബാമുകളിലെ പ്രധാന ചേരുവയാണിത്. ഓറഞ്ച് പൊടി ഉയോഗിച്ച് വീട്ടിൽ തന്നെ ലിപ് ബാം തയാറാക്കാം. തുല്യ അളവിൽ ഓറഞ്ച് തൊലി പൊടിച്ചതും പഞ്ചസാരയും എടുക്കുക. ഇതിലേക്ക് പേസ്റ്റ് രൂപത്തിലാകുന്നതുവരെ ബദാം ഓയിൽ ചേർക്കാം. ശേഷം ഈ മിശ്രിതം വായുകടക്കാത്ത ഒരു പാത്രത്തിലാക്കി അടച്ച്, കുറഞ്ഞത് ആറു മണിക്കൂർ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ലിപ് ബാം തയാറായി കഴിഞ്ഞു. 

മൂന്നോ നാലോ ടേബിൾ സ്പൂൺ ഓറഞ്ച് തൊലി പൊടിച്ചതിലേയ്ക്ക് കുറച്ചു റോസ് വാട്ടറും തേനും ചേർത്ത് തയാറാക്കുന്ന ഫെയ്സ് പാക്കും മികച്ചതാണ്. മുഖത്ത് മാത്രമല്ല, ശരീരത്തിലും ഈ മിശ്രിതം പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ചർമത്തിന് തിളക്കത്തോടൊപ്പം നല്ല മൃദുത്വവും കൈവരും. വരണ്ട ചർമം ഉള്ളവർക്കും ഇതേറെ ഉപകാരപ്പെടും.

English Summary : Beauty Tips - Orange facepack for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com