ADVERTISEMENT

പഴങ്ങളും പച്ചക്കറികളും മാത്രമല്ല പൂക്കളും സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാം. ഫലപ്രദമായി ഉപയോഗിച്ചാൽ മികച്ച ഫലം ഇതിലൂടെ നൽകും. മൃദുലവും സുന്ദരവുമായ ചർമം ആഗ്രഹിക്കുന്നവർ ഏതൊക്കെ പൂക്കൾ, എങ്ങനെയൊക്കെയാണ് ഉപയോഗിക്കണ്ടെതന്നു നോക്കാം. 

താമര 

മൂന്നോ നാലോ ടേബിൾ സ്പൂൺ ചൂട് പാലിൽ താമര ഇതളുകൾ ഒരു മണിക്കൂർ കുതിർത്തു വെയ്ക്കുക. ശേഷം ഇത് കൈകള്‍  ഉപയോഗിച്ചു ചതയ്ക്കുക. മൂന്നു സ്പൂൺ കടലമാവ് ഈ കൂട്ടിലേയ്ക്കു ചേർക്കാം. ഇത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. അതിനുശേഷം മുഖത്തു പുരട്ടാം. കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളും ചുണ്ടും ഒഴിവാക്കണം. അര മണിക്കൂറിനു ശേഷം കഴുകാം. മുഖത്തെ കറുത്ത പാടുകൾ അകറ്റുന്നതിനൊപ്പം തന്നെ ചർമത്തിന്റെ നിറം വർധിപ്പിക്കാനും ഈ ഫെയ്സ്പാക് ഉപയോഗിക്കാം.

ചെമ്പരത്തി 

ചെമ്പരത്തിയിതളുകൾ ഒരു രാത്രി മുഴുവനും തണുത്ത വെള്ളത്തിലിട്ടു വെയ്ക്കുക. പിറ്റേന്ന് ഇവ കൈകൊണ്ട് നന്നായി ഉടച്ചെടുക്കണം. മൂന്ന് സ്പൂൺ ഓട്സും രണ്ടു തുള്ളി ടീ ട്രീ ഓയിലും ഇതിലേക്ക് ചേർക്കാം. പേസ്റ്റ് രൂപത്തിലാക്കി ഈ മിശ്രിതം മുഖത്ത് പുരട്ടാവുന്നതാണ്. ചർമത്തിന് മൃദുത്വവും കുളിർമയും നൽകുന്ന ഈ ഫെയ്സ്പാക് മുഖ ചർമത്തിലെ അഴുക്കുകൾ നീക്കുന്നു. ഒപ്പം എണ്ണമയം കുറയ്ക്കുകയും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 

ജമന്തി 

ഒരു രാത്രി മുഴുവൻ ചൂടുവെള്ളത്തിൽ കുതിർത്തുവെച്ച പൂവിതളുകളിലേക്ക് തൈരും ചന്ദനം അരച്ചതും ചേർക്കുക. പേസ്റ്റ് രൂപത്തിലാക്കിയതിനുശേഷം മുഖത്തു പുരട്ടാവുന്നതാണ്. പുരട്ടുമ്പോൾ കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളും ചുണ്ടും ഒഴിവാക്കണം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരു, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാനും ചർമത്തിൽ കൂടുതലായുള്ള എണ്ണമയം നീക്കം ചെയ്യാനും ഈ ഫെയ്സ് പായ്ക്ക് ഉപകാരപ്രദമാണ്‌. 

മുല്ല 

ഇതളുകൾ കൂടുതലുള്ള മുല്ലപ്പൂവാണ് ഈ ഫെയ്സ് പാക്കിന് ഉപയോഗിക്കേണ്ടത്. ഒരു കൈ നിറയെ പൂക്കളെടുക്കാം. ഇതിലേക്ക് ഒന്നു മുതൽ രണ്ടു ടീസ്പൂൺ വരെ കറ്റാർവാഴ ജെൽ യോജിപ്പിക്കണം. ഇത് ചുണ്ടുകൾ ഒഴിവാക്കി മുഖത്തു പുരട്ടാവുന്നതാണ്. 20 മിനിറ്റിനു ശേഷം കഴുകാം. കണ്ണിനു താഴെ പുരട്ടിയാൽ അവിടെയുള്ള ചെറിയ ചുളിവുകൾ ഇല്ലാതാക്കാൻ സാധിക്കും. വരണ്ട ചർമമുള്ളവർക്കും ഈ ഫെയ്സ്പാക് അത്യുത്തമമാണ്. 

റോസ് 

ചുവന്ന പനിനീർ പുഷ്പങ്ങളുടെ ഇതളുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഒരു കൈ നിറയെ പൂവിതളുകളെടുക്കുക. കഴുകി വൃത്തിയാക്കിയതിനുശേഷം നന്നായി അരച്ചെടുക്കാം. ഇതിലേക്ക് ഓരോ ടീസ്പൂൺ വീതം തേനും തൈരും രണ്ടു സ്പൂണും ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചേർക്കാം. കണ്ണിന്റെ ചുറ്റിലും ചുണ്ടുകളും ഒഴിവാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകാവുന്നതാണ്. ചർമത്തിന്റെ നിറം വർധിക്കാനും മുഖക്കുരു ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കും.

English Summary : Hair and Beauty - Use flowers in your masking routine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com