ADVERTISEMENT

തിളങ്ങുന്ന, സുന്ദരമായ ചർമം ആഗ്രഹിക്കാത്തവരുണ്ടോ ? അമിത പണച്ചെലവില്ലാതെ, അധികം സമയം കളയാതെ തിളക്കമുള്ള ചർമം സ്വന്തമാക്കാൻ കൊതിക്കുന്നവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് മത്തങ്ങ  ഫെയ്സ് പാക്കുകൾ. നമ്മുടെ നാട്ടിൽ വളരെ സുലഭമായ മത്തങ്ങ കറി വെയ്ക്കാൻ മാത്രമല്ല, സൗന്ദര്യം വർധിപ്പിക്കാനും ഉപയോഗിക്കാനാകും. റെറ്റിനോയ്ക് ആസിഡ്, ആന്റി ഓക്സിഡന്റ്സ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സി, ഇ എന്നിവ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. മത്തങ്ങ ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

അരച്ച മത്തങ്ങ രണ്ടു സ്പൂൺ എടുക്കുക. അതിലേക്ക് ഒരു സ്പൂൺ തേൻ, അൽപം ജാതിയ്ക്ക പൊടിച്ചത്, ആപ്പിൾ സിഡെർ വിനെഗർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാം. 

ഈ നാലു കൂട്ടുകളും ചേരുമ്പോൾ ഉണ്ടാകുന്ന ഫ്രൂട്ട് എൻസൈമുകളും ആൽഫ ഹൈഡ്രോക്സി ആസിഡുകളും മുഖചർമത്തിന് അതിശയിപ്പിക്കുന്ന രീതിയിൽ തിളക്കവും മൃദുത്വവും നൽകും. 

ഒരു മുട്ട നന്നായി അടിച്ചതിലേക്ക് മത്തങ്ങ അരച്ചത് രണ്ടു ടേബിൾ സ്പൂൺ‌ ചേർത്തിളക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ തേനും മൂന്നുതുള്ളി കുന്തിരിക്കം എണ്ണയും ചേർത്തു നന്നായി യോജിപ്പിക്കാം. മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഈ മിശ്രിതം കഴുകി കളയാം. തേൻ മികച്ചൊരു മോയിസ്ച്യൂറൈസർ ആണ്. മാത്രമല്ല, കറുത്തപാടുകൾ നീക്കുകയും ചെയ്യും. കുന്തിരിക്കം എണ്ണ മുഖക്കുരു വരാതെ തടയുന്നു. മുട്ടയുടെ മഞ്ഞക്കരു വരണ്ട ചർമത്തിൽ എണ്ണമയം നിലനിർത്താൻ സഹായിക്കും. എന്നാൽ എണ്ണമയം അധികമുള്ള ചർമമാണെങ്കിൽ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇതോടൊപ്പം മത്തങ്ങ ചർമം തിളക്കമുള്ളതാക്കും.

രണ്ടു ടേബിൾ സ്പൂൺ അരച്ച മത്തങ്ങയിലേക്ക് ഒന്നര സ്പൂൺ ഗ്ലൈക്കോളിക് ആസിഡ് ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ പൊടിച്ച ജാതിയ്ക്ക കൂടി ചേർക്കാം. ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം. ഗ്ലൈക്കോളിക് ആസിഡ്, മുഖത്തെ കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്നു. ചുളിവുകളെ പ്രതിരോധിച്ച് ചർമത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുന്നു. ‌മത്തങ്ങയും ഗ്ലൈക്കോളിക് ആസിഡും ചേരുമ്പോൾ ചർമത്തിനു മൃദുത്വവും തിളക്കവും ലഭിക്കും.

രണ്ട് സ്പൂൺ നന്നായി പൊടിച്ച വാൾനട്ട്, രണ്ട് സ്പൂൺ അരച്ച മത്തങ്ങ എന്നിവയെടുത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിൾ സ്പൂൺ വീതം യോഗർട്ടും തേനും ചേർക്കുക. 1/8 അളവിൽ കറുവപ്പട്ട പൊടിച്ചതു കൂടി ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. മുഖത്ത് സ്ക്രബ് ആയി ഇത് ഉപയോഗിക്കാം. അഞ്ചു മുതൽ 10 മിനിറ്റു വരെ സ്ക്രബ് ചെയ്തതിനു ശേഷം തണുത്ത വെള്ളവുമുപയോഗിച്ച് കഴുകാം. 

മുഖചർമത്തിലെ മൃത കോശങ്ങളുടെ സ്ഥാനത്ത് പുതിയവ വരാൻ ഇത് സഹായിക്കുന്നു. കൂടാതെ തേനിലെ ആന്റി മൈക്രോബിയൽ പദാർത്ഥങ്ങൾ ചർമത്തിന് സംരക്ഷണം നൽകുന്നു.

കാപ്പിപൊടിയും മത്തങ്ങയും ഉപയോഗിച്ച് മികച്ചൊരു ഫെയ്സ് മാസ്ക് തയാറാക്കാം. ഒരു സ്പൂൺ അരച്ച മത്തങ്ങയിലേക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കണം. ഇതിലേക്ക് മൂന്നു സ്പൂൺ യോഗർട്ടും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. 10 മിനിറ്റ് നേരം ഈ ഫെയ്സ് മാസ്ക് മുഖത്തു പുരട്ടി മസാജ് ചെയ്യാം. യോഗർട്ടിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് മുഖചർമത്തിലെ നിർജീവകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. കൂടാതെ കാപ്പി ചർമത്തിനു പുത്തനുണർവ് നൽകുകയും ചെയ്യും. 

മത്തങ്ങ ഉപയോഗിച്ചുള്ള ഫെയ്സ് മാസ്കുകൾ തയ്യാറാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ..

* തയാറാക്കി റെഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന മാസ്ക്, ഒരു ആഴ്ചക്കുള്ളിൽ തന്നെ ഉപയോഗിക്കുക. 

* മത്തങ്ങയ്ക്കൊപ്പം കറുവപ്പട്ട കൂടി ചേരുന്നത് മുഖത്തെ പാടുകൾ അകറ്റുന്നതിനൊപ്പം വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവയെ അകറ്റും. എന്നാൽ അതേ സമയം സെൻസിറ്റീവായ ചർമം ഉള്ളവരെ ഇതു പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

* ചർമത്തിന് അനുസരിച്ചുള്ള ഫെയ്സ് മാസ്കുകൾ തന്നെ തിരഞ്ഞെടുക്കണം. വരണ്ട ചർമമുള്ളവർ അതിനനുസരിച്ചുള്ള കൂട്ടുകൾ ചേരുന്ന മത്തങ്ങ മാസ്കുകളും എണ്ണമയമുള്ള ചർമമുള്ളവർ അതിനനുസരിച്ചുള്ള മാസ്കുകളും തിരഞ്ഞെടുക്കുക.

English Summary : DIY Pumpkin face packs for beautiful skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com