ADVERTISEMENT

53–ാം വയസ്സിലും ബോളിവുഡിന്റെ സൗന്ദര്യ റാണിയാണ് മാധുരി ദീക്ഷിത്. ഫിറ്റ്നസിനും ഫാഷനും സൗന്ദര്യ സംരക്ഷണത്തിനും നൽകുന്ന ശ്രദ്ധയാണ് മാധുരിയെ ഇന്നും വെള്ളിവെളിച്ചത്തിൽ തിളങ്ങാൻ പ്രാപ്തയാക്കുന്നത്. 

മാധുരിയുടെ മുടിയിഴകളുടെ സൗന്ദര്യം പലപ്പോഴായി ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. അടുത്തിടെ ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ മുടിയിഴകളുടെ കരുത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യത്തെക്കുറിച്ച് ചോദ്യമുയർന്നു. മുടിയുടെ സ്റ്റൈലിഷ് ലുക്കിനായി വിലകൂടിയ ട്രീറ്റ്മെന്റുകൾ ചെയ്യുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച മാധുരി, ആരോഗ്യം നിലനിർത്താൻ നാടൻ വിദ്യകളാണ് പിന്തുടരുന്നതെന്നും വ്യക്തമാക്കി. വീട്ടിൽ ചെയ്യാവുന്ന രണ്ടു കാര്യങ്ങൾ താരം വെളിപ്പെടുത്തുകയും ചെയ്തു. 

ഹെയർ ഓയിൽ 

തലയിൽ ഉപയോഗിക്കുന്ന എണ്ണ വീട്ടിൽ കാച്ചുകയാണ് ചെയ്യുന്നത്. ഇതാണ് ഹെയർ കെയറില്‍ പ്രധാനപ്പെട്ടത്. 

ഒരു ബൗൾ വെളിച്ചെണ്ണ, ഒരു സവാള അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ ഉലുവ, 10–15 കറിവേപ്പില എന്നിവയാണ് എണ്ണ കാച്ചാൻ ആവശ്യമുള്ളത്. 

എണ്ണ ചൂടാക്കാന്‍വച്ച് ഇതിലേക്ക് സവാള, ഉലുവ, കറിവേപ്പില എന്നിവ ഇട്ടു കൊടുത്ത് നന്നായി ഇളക്കുക. ഇവയുടെ സത്ത് എണ്ണയിൽ പൂർണമായി ചേരുന്നതു വരെ ചൂടാക്കുകയും ഇളക്കുകയും ചെയ്യാം.

അതിനുശേഷം എണ്ണ ചൂടാറാൻ വയ്ക്കുക. പിന്നീട് ഇത് അരിച്ച് കുപ്പിയിൽ സൂക്ഷിക്കാം. 

ഈ എണ്ണ ശിരോചർമത്തിലും തലമുടിയിലും പുരട്ടി നന്നായി മസാജ് ചെയ്യണം. ഒരു രാത്രി തലയിൽ സൂക്ഷിച്ച് പിറ്റേ ദിവസം രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകാം.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഹെയര്‍ ഓയിൽ ഉപയോഗിക്കാമെന്നും മികച്ച ഫലം ലഭിക്കുമെന്നും മാധുരി പറയുന്നു. 

ഹെയർ മാസ്ക്

നേന്ത്രപ്പഴം ഉപയോഗിച്ചുള്ള ഹെയർ മാസ്ക് ആണ് മാധുരിയുടെ ഹെയർ കെയറിലെ മറ്റൊരു പ്രധാന താരം. നന്നായി പഴുത്ത ഒരു നേന്ത്രപ്പഴം, ഒരു ബൗൾ യോഗർട്ട്, 3 ടേബിൾ സ്പൂൺ തേൻ എന്നിവയാണ് ഈ ഹെയർ മാസ്ക്കിന് ആവശ്യമുള്ളത്.

പഴം ചതച്ച് അതിലേക്ക് യോഗർട്ടും തേനും ചേർക്കുക. ഇതു നന്നായി മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. 40 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. കണ്ടീഷണർ ഒഴിവാക്കാം എന്നു മാധുരി പറയുന്നു.

English Summary : DIY haircare secrets of Madhuri Dixit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com