ADVERTISEMENT

കറുപ്പിന് ഏഴഴാകണെന്നൊക്കെ പറയും. പറച്ചിലിലേയുള്ളൂ, പ്രവൃത്തിയിൽ പക്ഷേ, നേരേ തിരിച്ചായിരിക്കും. കറുപ്പിനെ പരമാവധി അകറ്റി നിർത്താൻ ശ്രമിക്കും, എന്തും ചെയ്തു വെളുപ്പിക്കാനും ശ്രമിക്കും, കൂടാതെ ഒള‍ഞ്ഞും തെളിഞ്ഞും പരിഹസിക്കുകയും ചെയ്യും. അതിനൊരു മാറ്റം കണ്ടു തുടങ്ങുന്നു. എന്റെ നിറം ഇതാണ്, നിങ്ങൾക്കെന്താണ് കുഴപ്പം എന്നു പറയാൻ ധൈര്യപ്പെടുന്ന സെലിബ്രിറ്റികളും മേക്കപ് ആർട്ടിസ്റ്റുകളും രംഗത്തു വന്നു തുടങ്ങുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന സെലിബ്രിറ്റികൾ അടയാളപ്പെടുത്തുന്ന പുതിയ ഫാഷൻ ട്രെൻഡുകളുണ്ട്. സ്വഭാവിക നിറം കളയാതെ, സുന്ദരിയായിത്തന്നെ അണിഞ്ഞൊരുങ്ങുന്ന അവർ മുന്നോട്ടു വയ്ക്കുന്നതും ഫാഷൻ ഫോർമുലകളുടെ മാറ്റം മാത്രമല്ല, പുതിയ ചിന്തകൾ കൂടിയാണ്. സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിൽ സ്ഥിരം സാന്നിധ്യമായ മേക്കപ് ആർട്ടിസ്റ്റുകൾ പുതിയ ട്രെൻഡിനെക്കുറിച്ചും മാറുന്ന ചിന്തകളെക്കുറിച്ചും സംസാരിക്കുന്നു.

പുതിയ ആളെ സൃഷ്ടിക്കേണ്ട

‘ജോലിയില്ലെങ്കിലും കുഴപ്പമില്ല, സ്കിൻ ടോൺ മാറ്റിയുള്ള മേക് ഓവർ സമ്മതിക്കില്ല’, പ്രിയ അഭിഷേക് ജോസഫ് വർഷങ്ങൾക്കു മുൻപേ പറ‍ഞ്ഞതാണിത്. ഒരു മേക്കപ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഇൻഡസ്ട്രിയിൽ പേരെടുത്തു കൊണ്ടിരിക്കുന്ന സമയം. ഇനിയും ഒരുപാട് അവസരങ്ങൾ വരാനിരിക്കുന്നു. അപ്പോഴാണ് പ്രിയയുടെ ഈ തീരുമാനം. അന്നു കേട്ടവരെല്ലാം നെറ്റി ചുളിച്ചു. തീരുമാനത്തിനു പുറമേ, ബ്രൗൺ ബ്യൂട്ടി എന്ന ക്യാംപെയ്ൻ കൂടി തുടങ്ങി. ബ്രൈ‍ഡൽ മേക്കപ്പിൽ നിന്നു മുതൽ മറച്ചു വയ്ക്കാത്ത ഡാർക് സ്കിൻ നിറങ്ങളുടെ വൈവിധ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ മുഖം ചുളിച്ചവർ മെല്ലെ അയ‍‍ഞ്ഞു തുടങ്ങി. 

make-up-artist-2

വർഷങ്ങൾക്കു മുൻപ് പ്രിയ തുടങ്ങിയ ഈ മാറ്റം ഇപ്പോൾ ട്രെൻഡാണ്. വിവാഹങ്ങളിലും സെലിബ്രിറ്റികൾക്കിടയിലും. ‘ഇപ്പോഴും വർക്കിനു മുൻപു തന്നെ പറയും സ്കിൻ കളർ മാറ്റില്ലെന്ന്. കല്യാണങ്ങൾക്കൊക്കെ പോകുമ്പോൾ കേട്ടിട്ടുണ്ട്, മേക്കപ് നന്നായി, വധുവിനെ കണ്ടാൽ തിരിച്ചറിയില്ല, അതിസുന്ദരി. എത്രയോ വലിയ അധിക്ഷേപമാണത്. ഒരു പരീക്ഷണത്തിനു വേണ്ടി മേക് ഓവർ നടത്തുന്നതുപോലെയല്ലല്ലോ നമ്മുടെ ഐഡിന്റിറ്റി വെളിപ്പെടുത്തേണ്ട ദിവസങ്ങളിലെയോ പരിപാടികളലെയോ മേക്കപ്പുകളും മേക് ഓവറുകളും. ഒരുപാട് നിറങ്ങളുള്ള സമൂഹമാണ് നമ്മുടേത്. എല്ലാ നിറങ്ങളെയും അംഗീകരിക്കുകയല്ലേ വേണ്ടത് ?,’ പ്രിയ ചോദിക്കുന്നു. 

‌സെലിബ്രിറ്റി മേക്കപ്പുകളിലും പ്രിയ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. കുറച്ചു നാളുകൾക്കു മുൻപ് ഇത് ട്രെൻഡായിരുന്നെങ്കിൽ ഇപ്പോഴിത് നോർമൽ ആകുകയാണെന്നാണ് പ്രിയയുടെ അഭിപ്രായം. ‘താരങ്ങളിൽ പലരുടെയും മേക്കപ്പുകൾ ചെയ്തിട്ടുള്ളത് പലപ്പോഴും പ്രത്യേക പരിപാടികൾക്കു വേണ്ടിയാണ്. അല്ലെങ്കിൽ ഫോട്ടോ ഷൂട്ടിനു വേണ്ടി. അവരെല്ലാം ഇപ്പോൾ ഇങ്ങോട്ടു തന്നെ ആവശ്യപ്പെടുന്നതും സ്കിൻ കളർ മാറ്റാത്ത് മേക് ഓവറുകൾ തന്നെയാണ്’, പ്രിയ പറഞ്ഞു. റിമ കല്ലിങ്കൽ, ഇഷ തൽവാർ, ലക്ഷ്മി മേനോൻ, പ്രാപ്തി തുടങ്ങിയവർക്കും പ്രിയ ചമയങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്മഡ്ജി ഐസ് വിട്ടൊരു കളിയില്ല

ചേച്ചിക്കു ലഭിച്ചിരുന്ന മേക്കപ് സെറ്റുകൾ ഉപയോഗിച്ചായിരുന്നു ടോണിയുടെ മേക്കപ് പഠനം. ബെംഗളൂരുവിൽ മേക്കപ് ആർടിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്താണ് വീണ്ടും നാട്ടിലേക്കു വരണമെന്നും ആർടിസ്റ്റാകണമെന്നും തോന്നിയത്. അങ്ങനെയാണു ബ്രൈഡൽ മേക്കപ്പിനു പുറമേ സെലിബ്രിറ്റി മേക് ഓവറുകളിലേക്കുമെത്തുന്നത്. 

make-up-artists

മുഖത്തിന്റെ ഫീച്ചറുകൾക്കു (കണ്ണ്, മൂക്ക്, ചുണ്ട്) കൂടുതൽ പ്രാധാന്യം കൊടുക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ മേക്കപ്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സ്മഡ്ജി ഐസ് മേക്കപ്പിനാണെന്നാണ് ശോഭന, അനിഖ സുരേന്ദ്രൻ, അനശ്വര രാജൻ തുടങ്ങിയവരെ അണിയിച്ചൊരുക്കിയ ടോണിയുടെ അഭിപ്രായം. ‘ഇപ്പോഴത്തെ ഫോട്ടോ ഷൂട്ടുകളിലും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കോണ്ടൂറിങ്ങും ഷേഡുകളുമാണ്. അതിൽ തന്നെ സ്മഡ്ജി കണ്ണുകൾ ഇപ്പോഴത്തെ ട്രെൻഡാണ്. സ്കിൻ നിറത്തിലും ഇപ്പോൾ സ്വഭാവികത വന്നുകഴിഞ്ഞു’, ടോണി പറ‍ഞ്ഞു.

മൂൺ ഫേസിന് സ്ഥാനമില്ല

മേക് ഓവറിലൂടെ പുതിയ ആളെ സൃഷ്ടിച്ചെടുക്കേണ്ട കാര്യമില്ലെന്നു തന്നെയാണ് ശിവകുമാറിന്റെയും അഭിപ്രായം. ഫൗണ്ടേഷൻ‌ രണ്ടു ലെയറിട്ടു പൗഡർ കുമിഞ്ഞു ചുണ്ടു ചുവപ്പിച്ചാൽ മേക്കപ് ആയെന്നു കരുതുന്നവരുടെ കാലമൊക്കെ പോയി. ഡിജിറ്റൽ യുഗത്തിൽ കേരളത്തിലെ സെലിബ്രിറ്റികൾ പോലും പരാമർശിക്കുന്നത് ഹോളിവുഡ് മേക്കപ്പിനെയാണ്. ഒരു വർഷമേ ആയിട്ടുള്ളൂ ഇത്തരത്തിലുള്ള വലിയ തോതിൽ മാറ്റം കണ്ടു തുടങ്ങിയിട്ടെന്നും ശിവകുമാർ പറയുന്നു. ‘എച്ച്ഡി ക്യാമറകളാണിപ്പോൾ. ചെറിയ കാര്യങ്ങൾ പോലും വ്യക്തമായി കാണാം. പണ്ടത്തെ പുട്ടിയിടലൊന്നും ഇപ്പോൾ നടക്കില്ല. അല്ലെങ്കിൽ അതുകൊണ്ടു കാര്യമില്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി’, ശിവകുമാർ പറഞ്ഞു. 

make-up-artist-3

സെലിബ്രിറ്റി മേക്കപ്പുകളിൽ പോലും വളരെ ഡ്രമാറ്റിക്കായ മേക്കപ്പുകൾ ഇല്ലാതായി. കഥാപാത്രം ആവശ്യപ്പെടുന്നില്ലെങ്കിൽ പലപ്പോഴും സ്വഭാവിക ചർമത്തോട് ചേർന്നു നിൽക്കുന്ന മേക്കപ്പുകളാണ് ഇപ്പോൾ ചെയ്യുന്നത്. കടുത്ത ഐഷാഡോ നിറങ്ങൾക്കു പകരം ഇളംനിറങ്ങൾ വന്നുതുടങ്ങി. ഗ്ലോസി, ന്യൂഡ് ലിപ്സ്റ്റിക് ഷേഡുകളാണ് പലപ്പോഴും ഫോട്ടോ ഷൂട്ടിനു പോലും ഉപയോഗിക്കുന്നത്. പരമാവധി, ശരീരത്തോട് ഇഴുകിച്ചേരുന്ന നിറങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ മേക്കപ്പെന്നും രമ്യ നമ്പീശൻ, രജിഷ വിജയൻ, നൈല ഉഷ, ഭാമ തുടങ്ങി ഒട്ടേറെ താരങ്ങൾക്ക് ചമയമൊരുക്കിയ ശിവകുമാർ പറയുന്നു. ‘നമ്മുടെ മുഖം എപ്പോഴും ഒരുപോലെയായിരിക്കില്ല. കുറച്ചു എണ്ണമയവും ഷേഡുകളും നിറം മാറ്റവുമൊക്കെയുണ്ടാകും. ഫൗണ്ടേഷൻ ഉപയോഗിക്കുമ്പോൾ ഇതു മാറുമെങ്കിലും സെലിബ്രിറ്റി ഫോട്ടോഷൂട്ടുകളിൽ ഇത്തരം കാര്യങ്ങൾ കൃത്രിമമായി ആർടിസ്റ്റ് ചെയ്തെടുക്കും. അതു തന്നെയാണ് വേണ്ടതും’. 

മുഴുവനായും ഇൻഡസ്ട്രി മാറിയോ എന്ന ചോദ്യത്തിന് ആദ്യമൊരു ചിരിയായിരുന്നു മറുപടി. ‘എല്ലാവരും മാറിയിട്ടില്ല. പക്ഷേ, മാറാൻ അധിക നാളുകളെടുക്കില്ല. പുറത്താക്കേണ്ട ചിന്തകൾ പുറത്താവുക തന്നെ ചെയ്യുമല്ലോ’, ശിവകുമാർ പറ‍‍‍‍ഞ്ഞു.

ഓരോ പരിപാടിക്കും ഓരോ ലുക്

സെലിബ്രിറ്റികൾ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നവരാണ്. അതുകൊണ്ടു തന്നെ ഓരോ പരിപാടിക്കും ഓരോ ലുക്കാണ് ആർട്ടിസ്റ്റുകൾ നിർദേശിക്കുക. ഫോട്ടോ ഷൂട്ടിനൊന്ന്. ഉദ്ഘാടനച്ചടങ്ങുകൾക്കു പോകുമ്പോൾ മറ്റൊന്ന്. അവാർഡ് ചടങ്ങുകൾക്കും സ്റ്റേജ് പെർഫോമൻസുകൾക്കും മറ്റൊന്ന്. രംഭ, അപർണ ബാലമുരളി, അമൃത സുരേഷ്, സ്വാസിക തുടങ്ങിയവർക്കു ചമയങ്ങളൊരുക്കിയ വികാസിന്റെ അഭിപ്രായത്തിൽ പക്ഷേ, ലുക്ക് മാറിയാലും ചില മേക്കപ് ടിപ്പുകൾ മാറാറില്ല, പ്രത്യേകിച്ചും അത് ട്രെൻഡ് കൂടിയാകുമ്പോൾ. ‘കോണ്ടൂറിങ്ങിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. സെലിബ്രിറ്റികൾക്കിടയിലും ട്രെൻഡ് അതു തന്നെയാണ്. എല്ലാവരും എല്ലാ നിറങ്ങളെയും അംഗീകരിച്ചു എന്ന തോന്നലൊന്നുമില്ല. പക്ഷേ, ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സിനിമകളിൽ പോലും അത്തരം മാറ്റങ്ങൾ പ്രകടമായിത്തുടങ്ങി’, വികാസ് പറ‍‍ഞ്ഞു.

make-up-artist-5

English Summary : Latest trends in Make up Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com