തുളസി, നെല്ലിക്ക, മുൾട്ടാണി മിട്ടി...; സൗന്ദര്യ സംരക്ഷണത്തിന് 10 പ്രകൃതിദത്ത വസ്തുക്കൾ

ancient-beauty-secrets-for-glowing-face-and-hair-growth
Image Credits : RomarioIen / Shutterstock.com
SHARE

സൗന്ദര്യ വർധക വസ്തുക്കളുടെ വമ്പൻ വിപണിയാണ് ഇന്ത്യ. വിവിധങ്ങളായ ഉത്പന്നങ്ങൾ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നു. ഇക്കൂട്ടത്തിൽ ഗുണനിലവാരം ഇല്ലാത്തതും പാർശ്വഫലങ്ങളുള്ളതുമായ നിരവധി ഉത്പന്നങ്ങളുണ്ട്. ഇതു മനസ്സിലാക്കാതെ നടത്തുന്ന സൗന്ദര്യ സംരക്ഷണം അപകടത്തിലാണു കലാശിക്കുക. ഗുണമേന്മ ഉറപ്പാക്കി വസ്തുക്കൾ തിരഞ്ഞെടുക്കുകയാണ് ആദ്യത്തെ പ്രതിവിധി. പ്രകൃതിദത്ത വസ്തുക്കൾ പ്രയോജനപ്പെടുത്തുക എന്നതാണു ചെയ്യാനാകുന്ന മറ്റൊരു കാര്യം. ചർമത്തിനോ ആരോഗ്യത്തിനോ ദോഷം ഉണ്ടാകാതെ സൗന്ദര്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. ഇത്തരത്തിലുള്ള 10 പ്രകൃതിദത്ത വസ്തുക്കളും അവയുടെ ഗുണങ്ങളും ഇതാ.

1. ആര്യവേപ്പ്

സൗന്ദര്യവർധക വസ്തുക്കളുടെ രാജാവാണ് വേപ്പ്.  വേരു മുതൽ ഇല വരെ ഔഷധ ഗുണത്താൽ സമ്പന്നം.

∙ മുഖക്കുരു മാറ്റും

കുറച്ച് ആര്യ വേപ്പിലകൾ എടുത്ത് വെള്ളത്തിലിട്ട് ചൂടാക്കുക. ശേഷം ഒരു കോട്ടൺ തുണി ഈ വെള്ളത്തിൽ മുക്കിവച്ച് മുഖത്തു പതിയെ തടവുക.

∙ താരന് ശമനം

വേപ്പെണ്ണ മുടിയിൽ മസാജ് ചെയ്ത് തേച്ചുപിടിപ്പിക്കുക. അല്ലെങ്കിൽ വേപ്പിൻ പൊടിയിലേക്ക് അൽപം വെള്ളം ചേർത്ത് മുടിയിൽ തേച്ചു പിടിപ്പിക്കാം. ഒരു മണിക്കൂറിനുശേഷം തല കുളിക്കാം.

2. കുങ്കുമപ്പൂവ്

വിലയിൽ മാത്രമല്ല ഗുണത്തിലും കേമനാണ് കുങ്കുമപ്പൂവ്. 

∙ മുഖത്തെ കരുവാളിപ്പ് മാറ്റും

‌കുങ്കുമപ്പൂവ് ഒരു രാത്രി കുതിർത്തുവച്ച പാൽ തേച്ചു പിടിപ്പിക്കുന്നത് മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കും.

∙ സ്കിൻ ടോൺ മികച്ചതാകാൻ

റോസ് വാട്ടറിൽ കുങ്കുമപ്പൂവ് ചേർത്തുണ്ടാക്കുന്ന മിശ്രിതം കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുക.

3. തേൻ

തേനിന്റെ മാധുര്യം ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. നമുക്ക്  ലഭ്യമായ മികച്ച ഒരു സൗന്ദര്യ വർധക വസ്തു കൂടിയാണു തേൻ.

∙ പൊള്ളലേറ്റ പാടുകൾ ഇല്ലാതാക്കും

പൊള്ളലേറ്റ ഭാഗത്ത് തേൻ പുരട്ടുന്നത് ആ ഭാഗം പെട്ടെന്ന് ഉണങ്ങാനും പാടുകൾ ഇല്ലാതാകാനും സഹായിക്കുന്നു.

∙ ആരോഗ്യമുള്ള ചർമം

തേനും ചന്ദനപ്പൊടിയും കടലമാവും റോസ് വാട്ടറും ചേർത്ത മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയാം. 

4. നെല്ലിക്ക

വൈറ്റമിൻ സി യുടെ കലവറയാണ് ഇൻഡ്യൻ ഗൂസ്ബെറി എന്നറിയപ്പെടുന്ന നെല്ലിക്ക. അതു തന്നെയാണു ചർമ സംരക്ഷണത്തിന് നെല്ലിക്കയെ മികച്ചതാക്കുന്നത്.

∙ മുടി കൊഴിച്ചിൽ തടയാൻ

രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും ഫ്രഷ് ലൈമും മിക്സ് ചെയ്ത് തലയിൽ തേയ്ക്കുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകണം.

∙ മുടി വളരാൻ

നെല്ലിക്ക, സാബൂൻ കായ, ചീവയ്ക്കപ്പൊടി എന്നിവ ഇരുമ്പ് പാത്രത്തിൽ വെച്ച് ചൂടാക്കി ഒരു രാത്രി സൂക്ഷിക്കുക. അടുത്ത ദിവസം ഇതു തലയിൽ തേയ്ക്കാം.

5. മുൾട്ടാണി മിട്ടി

ധാതുക്കളാൽ സമ്പന്നമായ പ്രത്യേക തരം കളിമണ്ണാണു മുൾട്ടാണി മിട്ടി. ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

∙ മുഖക്കുരു തടയാൻ

തക്കാളി ജ്യൂസും മുൾട്ടാണി മിട്ടിയും മിക്സ് ചെയ്യുക. അതിലേക്ക് അൽപം മഞ്ഞളും ചന്ദനവും ചേർത്ത് മുഖത്ത് പുരട്ടാം.

∙ കറുത്ത പാടുകൾ മാറ്റാൻ

അൽപം പുതിനയിലയും യോഗർട്ടും മുൾട്ടാണി മിട്ടിയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. അതു മുഖത്ത് കറുത്തപാടുകൾ ഉള്ളയിടത്ത് തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം.

6. മഞ്ഞൾ

മഞ്ഞളില്ലാതെ സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത വസ്തുക്കളുടെ പട്ടിക ഒരിക്കലും പൂർത്തിയാകില്ല. 

∙ ശരീരത്തിലെ പാടുകൾ മായ്ക്കാന്‍

മഞ്ഞളും കടലമാവും യോഗർട്ടും സമം ചേർത്ത് ചർമത്തിൽ പാടുകളുള്ള ഭാഗത്തു തേയ്ക്കുക. ചർമം തിളങ്ങാൻ ഇതു സഹായിക്കും.

∙ ചുളിവുകൾ തടയും

അരിപ്പൊടി, പാൽ, തക്കാളി ജ്യൂസ്, മഞ്ഞൾപ്പൊടി എന്നിവ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കുക. ഇതു പുരട്ടിയാൽ ചർമം ചുളിയുന്നത് തടയാനാകും.

∙ പാദങ്ങളിലെ വിണ്ടുകീറൽ

മഞ്ഞളും വെളിച്ചെണ്ണയും ചേർത്തുണ്ടാക്കിയ പേസ്റ്റ് വിണ്ടുകീറൽ ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനുട്ടിനു ശേഷം കഴുകി കളയാം.

7. ചന്ദനം

രക്തയോട്ടം വർധിപ്പിക്കാനും ആന്റിസെപ്റ്റിക്കായി ഉപയോഗിക്കാനും ചന്ദനം മികച്ചതാണ്.

∙ ചർമകാന്തിക്ക്

ചന്ദനവും ആൽമണ്ട് പൗഡറും പാലിൽ ചേർക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാം. ഇങ്ങനെ ചർമകാന്തി അതിവേഗം തിരിച്ചുപിടിക്കാം. 

∙ മൃദുത്വമുള്ള ചർമത്തിന്

പാലും ചന്ദനവും മിക്സ് ചെയ്ത്  മുഖത്ത് തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

8. തുളസി

നമ്മുടെ നാട്ടില്‍ സുലഭമായ തുളസിയുടെ ഔഷധഗുണങ്ങള്‍ പ്രശസ്തമാണല്ലോ. സൗന്ദര്യ സംരക്ഷണത്തിനും തുളസി ഉപയോഗപ്രദമാണ്.

∙ മുഖക്കുരു ഇല്ലാതാക്കാൻ

ഏതാനും തുളസിയിലകളെടുത്ത് നന്നായി ചതച്ച് പേസ്റ്റ് രൂപത്തിലാക്കി പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

9. തൈര്

സിങ്കിന്റെ സാന്നിധ്യമാണു തൈരിനെ സൗന്ദര്യ സംരക്ഷണത്തിന് പ്രാപ്തമാക്കുന്നത്.

∙ മുടിയുടെ വരൾച്ച

രണ്ടു മുട്ടയും രണ്ടു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിലും എടുത്ത് അതിലേക്ക് അരക്കപ്പ് തൈര് ചേർക്കുക. ഇത് തലയിൽ തേച്ചു പിടിപ്പിച്ച് മുടി മുഴുവൻ പ്ലാസ്റ്റിക് ക്യാപ് കൊണ്ട് കവർ ചെയ്യാം. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

10. കടലമാവ്

പരമ്പരാഗതമായി സൗന്ദര്യം വർധിപ്പിക്കാൻ നമ്മുടെ നാട്ടിൽ കടലമാവ് ഉപയോഗിക്കുന്നുണ്ട്.

∙ മുഖത്തെ പാടുകൾ മാറ്റും

വെള്ളരിക്ക നീരും കടലമാവും സമാസമം ചേർത്ത് പാടുകളുള്ള ഭാഗത്ത് പുരട്ടുക. 20 മിനിറ്റിന്  ശേഷം കഴുകി കളയാം.

∙ മുഖം തിളങ്ങാൻ

ആൽമണ്ട് പൗഡറും നാരങ്ങ നീരും ഒരു ടീ സ്പൂൺ പാലിൽ മിക്സ് ചെയ്യുക. ഇതിൽ അൽപം കടലമാവും കൂടി ചേർത്ത് മുഖത്ത് പുരട്ടുക. അര മണിക്കൂറിന് ശേഷം കഴുകി കളയാം.

English Summary : ancient beauty secrets of india

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA