ADVERTISEMENT

പ്രായം അധികരിക്കുന്നതിന്റെ ലക്ഷണങ്ങളായി മുഖത്തു പ്രത്യക്ഷപ്പെടുന്നവയാണു ചുളിവുകളും കറുത്ത പാടുകളും. ഇവ ഒഴിവാക്കാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമായിരിക്കും. വീടുകളിൽ സുലഭമായ ചില കൂട്ടുകൾ ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ വഴി പ്രായത്തെ  പിടിച്ചു കെട്ടാമെന്നു മാത്രമല്ല, ചർമത്തെ സംരക്ഷിക്കുകയും ചെയ്യാം. മുഖക്കുരു, വെയിലേറ്റുള്ള കറുത്തപാടുകൾ, വരണ്ട ചർമം, എണ്ണമയം എന്നിവയ്‌ക്കെല്ലാമുള്ള പ്രതിവിധികൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. 

∙ തൈര് - കടലമാവ് ഫേസ് പാക്ക്

രണ്ടു ടേബിൾ സ്പൂൺ കടലമാവ്‌, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾപൊടി ഈ നാല് കൂട്ടുകളും ഒരു ബൗളിൽ എടുത്തു മിക്സ് ചെയ്യുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി പത്തുമിനിറ്റ് നേരം വെച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ ഫേസ് പാക്കിലെ പ്രധാന കൂട്ടായ കടലമാവ് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. തൈര് ചർമത്തിലെ മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ, തേനും കടലമാവും മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യുന്നു. മഞ്ഞൾ ഒരു അണുനാശിനിയായി പ്രവർത്തിക്കുകയും ചർമത്തിലെ പിഎച്ച് ലെവൽ നിലനിർത്തുകയും ചെയ്യുന്നു. വരണ്ട ചർമമുള്ളവർക്ക്‌ വളരെയധികം പ്രയോജനപ്രദമായിരിക്കും ഈ ഫേസ് പാക്ക്.

∙ ചെറുനാരങ്ങ - തേൻ ഫേസ് പാക്ക്

രണ്ടു ടേബിൾ സ്പൂൺ ചെറുനാരങ്ങ നീരിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം തേച്ചുപിടിപ്പിക്കാം. ഉണങ്ങിയതിനു ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം. ചർമത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നതിനൊപ്പം എണ്ണമയത്തെ നിയന്ത്രിക്കാനുള്ള ശേഷിയും ചെറുനാരങ്ങ നീരിനുണ്ട്. കൂടാതെ, മുഖചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. എണ്ണമയം അധികമുള്ള ചർമക്കാരിൽ മുഖക്കുരു പോലുള്ളവ വരാനുള്ള സാധ്യതകൾ ഏറെയാണ്. ഇതു തടയാൻ  തേനിനു കഴിയും. കൂടാതെ, അധികമായി വരുന്ന എണ്ണമയം ഇല്ലാതാക്കുകയും ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

∙ മഞ്ഞൾ - കടലമാവ് ഫേസ് പാക്ക് 

ഒരു ടേബിൾ സ്പൂൺ കടലമാവ്, അര ടേബിൾ സ്പൂൺ മഞ്ഞൾപൊടി, ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ ഈ മൂന്നു കൂട്ടുകളും നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം മുഖത്തും കഴുത്തിലും 15 മിനിറ്റ് നേരം പുരട്ടിയതിനുശേഷം കഴുകി കളയാം. കടലമാവ് മുഖചർമത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യുകയും മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. മഞ്ഞൾ, സൂര്യരശ്‌മികൾ നേരിട്ടു പതിക്കുന്നത് മൂലമുണ്ടാകുന്ന കറുത്തപാടുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

∙ കറ്റാർവാഴ- മഞ്ഞൾ പൊടി/ ഗ്രീൻ ടീ ഫേസ് പാക്ക്  

രണ്ടു സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ മഞ്ഞൾപൊടി അല്ലെങ്കിൽ ഗ്രീൻ ടീയും നല്ലതുപോലെ അരച്ച് ഒരുമിച്ചു ചേർത്തതിനു ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 15 മുതൽ 20 മിനിറ്റ് വരെ മുഖത്തു പുരട്ടിയിരുന്നതിനു ശേഷം കഴുകി കളയാം. ചർമത്തിന്റെ മൃദുത്വം സംരക്ഷിക്കുന്നതിനൊപ്പം മുഖക്കുരുവിനെ പ്രതിരോധിക്കാനും കറ്റാർവാഴയ്ക്ക് ശേഷിയുണ്ട്. മഞ്ഞൾ അല്ലെങ്കിൽ ഗ്രീൻ ടീ കൂടി ചേരുമ്പോൾ മുഖത്തു അധികമായുണ്ടാകുന്ന എണ്ണമയത്തെ നിയന്ത്രിക്കാൻ സാധിക്കുന്നു.

∙ മല്ലിയില - മഞ്ഞൾ പൊടി ഫേസ് പാക്ക്

കുറച്ചു മല്ലിയിലയും രണ്ടു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരുമിച്ചു ചേർത്ത് നല്ലതുപോലെ അരയ്ക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം രാത്രിയിൽ മുഖത്ത് പുരട്ടി, കാലത്തു തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മികച്ച ഫലം നൽകും. ചർമത്തിലുണ്ടാകുന്ന പ്രത്യേകിച്ച് മൂക്കിന് ചുറ്റുമുണ്ടാകുന്ന ബ്ലാക് ഹെഡ്സ് നീക്കം ചെയ്യാൻ ഈ ഫേസ് പായ്ക്ക് കൊണ്ട് സാധിക്കും. മല്ലിയില ചർമത്തിലുണ്ടാകുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, മഞ്ഞൾ പൊടി ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ നീക്കം ചെയ്യുന്നു.

English Summary : Natural face packs for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com