ADVERTISEMENT

പ്രായം അധികരിക്കുമ്പോൾ ചർമത്തിൽ അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നത് സ്വഭാവികമാണ്. ചുളിവുകൾ, കറുത്തപാടുകൾ, ചർമത്തിന്റെ വരൾച്ച തുടങ്ങിയവയെല്ലാം ഇങ്ങനെ ഉണ്ടാകും. എന്നാൽ ചിലരുടെ ജീവിതശൈലി മൂലം ചെറുപ്രായത്തിൽ തന്നെ ചർമത്തിൽ മേൽപറഞ്ഞ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. നമ്മുടെ അടുക്കളയിലെ പരിചിതമായ ചില വസ്തുക്കൾ കൊണ്ട് തയാറാക്കുന്ന ഫേസ് മാസ്ക്കുകൾ ചർമത്തിനു തിളക്കം നൽകുന്നതിനൊപ്പം പ്രായത്തെ പിടിച്ചുകെട്ടാൻ സഹായിക്കുകയും ചെയ്യും.

∙ പഴം ഫേസ് മാസ്ക് 

ഒരു പഴം നല്ലതുപോലെ ഉടച്ചു പേസ്റ്റ് രൂപത്തിലാക്കുക. ശേഷം കൈയുപയോഗിച്ചോ ഒരു കോട്ടൺ കൊണ്ടോ ഇത് കണ്ണിനു ചുറ്റും പുരട്ടുക. 10 മുതൽ 20 മിനിറ്റ് വരെ ഈ ഫേസ് മാസ്ക് മുഖത്തു പുരട്ടിയിരിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

മികച്ച ഫലം നല്കാൻ ശേഷിയുള്ള ഫേസ് മാസ്ക് ആണിത്. വിറ്റാമിൻ എ, ബി 6, സി എന്നിവയാൽ സമ്പുഷ്ടമാണ് നേന്ത്രപ്പഴം. കണ്ണിനു ചുറ്റുമുള്ള കറുപ്പ്, പാടുകൾ എന്നിവ അകറ്റാൻ ഈ ഫേസ് മാസ്ക് സഹായിക്കും. 

∙ തൈര് ഫേസ് മാസ്ക് 

ഒരു ചെറുനാരങ്ങയുടെ നീരിലേക്ക് രണ്ടു ടീസ്പൂൺ തൈര് ചേർക്കുക. വിറ്റാമിൻ ഇ യുടെ രണ്ടു ഗുളികകളും ഒരു ടീസ്പൂൺ തേനും ഈ കൂട്ടിലേയ്ക്ക് ചേർക്കാം. ഇവ നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മുഖത്തു പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചർമത്തിനു തിളക്കം നൽകുകയും ചെയ്യുന്നു. വിറ്റാമിൻ ഇ മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. തേൻ ചർമത്തിന് മൃദുത്വം നൽകുകയും ചെയ്യുന്നു.

∙ തൈര്- മഞ്ഞൾ ഫേസ് മാസ്ക്  

രണ്ടു ടീസ്പൂൺ തൈരിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം 15 മിനിറ്റ് നേരം മുഖത്തു പുരട്ടിയതിനു ശേഷം കഴുകി കളയാം.

ധാരാളം ഗുണങ്ങളാൽ സമ്പന്നമാണ് മഞ്ഞൾ. മുഖത്തെ അഴുക്ക് നീക്കം ചെയ്യാനും അണുവിമുക്തമാക്കാനും മഞ്ഞളിന് ശേഷിയുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മുഖചർമത്തിൽ പുതിയ കോശങ്ങളുണ്ടാകാൻ സഹായിക്കുന്നു. തൈരിലെ ലാക്ടിക് ആസിഡ് കൂടി ചേരുമ്പോൾ മികച്ച ഫലം ലഭിക്കും..

∙ കറ്റാർ വാഴ ഫേസ് മാസ്ക് 

രണ്ടു ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

ചർമ സംരക്ഷണത്തിനു ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും പ്രധാന കൂട്ടായി ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർ വാഴ. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കറ്റാർവാഴ ജെൽ മുഖ ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നു. മുഖത്തെ മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശേഷിയും ഈ ഫേസ് മാസ്കിനുണ്ട്.

∙ പൈനാപ്പിൾ 

പൈനാപ്പിൾ ചതച്ചു അതിന്റെ നീര് എടുത്തു മാറ്റുക. ഈ നീര് കഴുത്തിന്റെ മുകൾഭാഗത്തു തേച്ചുപിടിപ്പിച്ചു നല്ലതുപോലെ മസാജ് ചെയ്യുക. അഞ്ചുമിനിറ്റിനു ശേഷം കഴുകിക്കളയാം. 

പ്രായത്തെ പിടിച്ചുകെട്ടാൻ ഒരു ഉത്തമ പ്രതിവിധിയാണ് പൈനാപ്പിൾ. കഴുത്തിലെ കനം കുറഞ്ഞ ചർമത്തിൽ വളരെ പെട്ടെന്ന് തന്നെ ചുളിവുകൾ വീഴാനിടയുണ്ട്. ഈ ചുളിവുകൾ ഇല്ലാതെയാക്കാനും ചർമത്തിനു കൂടുതൽ ആകർഷണീയത തോന്നാനും പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റിനാൽ സാധിക്കുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമത്തിലെ  പ്രോട്ടീൻ ഉൽപാദനം വർധിപ്പിക്കുന്നു.

English Summary : best face packs for anti ageing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com