ADVERTISEMENT

ഹൈസ്കൂൾ ഗ്രാജ്വേഷൻ ദക്ഷിണ കൊറിയയിലെ ഭൂരിഭാഗം പെൺകുട്ടികളുടെയും സ്വപ്നമാണ്. കാരണമെന്താണെന്നോ, നല്ല ഗ്രേഡ് കിട്ടിയാൽ മാതാപിതാക്കൾ ഇവർക്ക് നൽകുന്നത് പുതിയ വസ്ത്രമോ ബാഗോ ഒന്നുമല്ല. പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള പണമാണ്! കോസ്മെറ്റിക് സർജറിയുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയിൽ ഓരോ വർഷവും 7 ലക്ഷത്തോളം സർജറികളാണ് നടക്കുന്നത്. 19നും 29നും ഇടയിൽ പ്രായമുള്ള മൂന്നിൽ രണ്ട് സ്ത്രീകളും കൃത്രിമ സൗന്ദര്യ മാർഗങ്ങൾ സ്വീകരിച്ചവരാണെന്ന കണക്കു മാത്രം മതി കോസ്മെറ്റിക് സർജറി എത്രത്തോളം തലയ്ക്കുപിടിച്ചവരാണ് ഇവിടുത്തുകാരെന്ന് മനസ്സിലാക്കാൻ. തലസ്ഥാനനഗരമായ സോളിൽ മാത്രം ഇത്തരം സർജറികൾക്കായുള്ള അറുന്നൂറോളം ക്ലിനിക്കുകളാണുള്ളത്. ചെറിയ മുഖം, വി–ആകൃതിയിലുള്ള താടിയെല്ല്, വളവില്ലാത്ത പുരികം, വിടർന്ന കണ്ണുകൾ തുടങ്ങിയവയാണ് ദക്ഷിണകൊറിയയിലെ സൗന്ദര്യ സങ്കൽപങ്ങൾ. ദക്ഷിണ കൊറിയയിലെ വൻ‍കിട കമ്പനികളിൽ ജോലി കിട്ടണമെങ്കിൽ പഠിപ്പും മിടുക്കും മാത്രം പോര, സെലിബ്രിറ്റികളുടേതിനു സമാനമായ അഴകളവുകളും വേണം. മിക്ക കമ്പനികളിലും റെസ്യൂമെ നൽകുന്നതിനൊപ്പം മുഖത്തിന്റെ ക്ലോസപ് ചിത്രവുംകൂടി ഉൾപ്പെടുത്തണമെന്ന് നിർബന്ധമാണ്!

ചെലവ് 6 ലക്ഷം!

1917ൽ ആണ് ദക്ഷിണകൊറിയയിലെ ആദ്യ കോസ്മെറ്റിക് സർജറി നടന്നത്. പിന്നീടിങ്ങോട്ട് വർഷാവർഷം ലക്ഷങ്ങളുടെ കണക്കുകൾ. കണ്ണ്, പുരികം, മൂക്ക് എന്നിവയുടെ രൂപമാറ്റത്തിനുള്ള സർജറികൾക്കാണ് ആവശ്യക്കാരേറെയുള്ളത്. 1,50,000 മുതൽ 6 ലക്ഷം രൂപ വരെയാണ് ഏകദേശ ചെലവ്. ലക്ഷ്വറി സർജറികൾ വേണമെങ്കിൽ കുറഞ്ഞത് 15 ലക്ഷമെങ്കിലും മുടക്കേണ്ടി വരും. ഡോക്ടർമാരുടെ അനുഭവപരിചയം, ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഗുണനിലവാരം, സർജറിയുടെ ദൈർഘ്യം തുടങ്ങിയവ അനുസരിച്ച് ചെലവ് വ്യത്യാസപ്പെടും. ഫെയ്‌സ്‌ലിഫ്റ്റ് (മുഖത്തെ അനാവശ്യ കൊഴുപ്പകറ്റി മുഖത്തിന് രൂപഭംഗി നൽകുക), നോസ് ജോബ് (മൂക്കിന്റെ ആകൃതിക്ക് മാറ്റം വരുത്തുക), ഐബ്രോ ലിഫ്റ്റ് (ഇടിഞ്ഞിരിക്കുന്ന പുരികത്തിന് ആകൃതി നൽകുക) തുടങ്ങിയ സർജറികളാണ് ഏറ്റവും കൂടുതൽ ചെയ്യുന്നത്.

പുരുഷന്മാരും പിന്നിലല്ല!

കൊറിയൻ പോപ് കൾച്ചറിന്റെ ചുവടുപിടിച്ചാണ് ദക്ഷിണ കൊറിയയിലെ പുരുഷന്മാർക്കിടയിൽ കോസ്മെറ്റിക് സർജറി പോപ്പുലറായത്. മൂക്കിന്റെ ആകൃതി മാറ്റുന്ന നോസ് ജോബിനോടാണ് കൂടുതൽ പേർക്കും താൽപര്യം. കഴിഞ്ഞ 5 വർഷത്തിനിടെ 40 ശതമാനം വളർച്ചയാണ് പുരുഷന്മാർക്കായുള്ള സൗന്ദര്യ വർധക വസ്തുക്കളുടെ വിൽപനയിലുണ്ടായത്. രാജ്യത്ത് സൈനിക സേവനം നിർബന്ധമായതിനാൽ ഇവർക്കായി പ്രത്യേക ഉൽപന്നങ്ങളും കമ്പനികൾ പുറത്തിറക്കാറുണ്ട്.

ചില്ലറയല്ല, സൗന്ദര്യ വിപണി

കോസ്മെറ്റിക് സർജറികൾക്കൊപ്പം തന്നെ സൗന്ദര്യ വർധക ഉൽപന്നങ്ങളുടെ വിപണിയും ദക്ഷിണ കൊറിയയിൽ സജീവമാണ്. ഒച്ചിന്റെ സ്രവം പോലുള്ള ‘അസാധാരണ’ ചേരുവകളുള്ള ദക്ഷിണ കൊറിയൻ ഉൽപന്നങ്ങൾക്ക് (കെ ബ്യൂട്ടി) യൂറോപ്യൻ രാജ്യങ്ങളിലുൾപ്പെടെ ആവശ്യക്കാരേറെയാണ്. 2019ൽ 2.64 ബില്യൺ ഡോളറിന്റെ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. മോയിസ്ച്യുറൈസർ, ടോണർ, ഫെയ്സ് മാസ്ക് തുടങ്ങിയ വിവിധതരം ഉൽപന്നങ്ങളിൽ ദക്ഷിണ കൊറിയൻ കമ്പനികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനാകാത്തതാണ്.

മെഡിക്കൽ ടൂറിസവും ദക്ഷിണ കൊറിയയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ്. കോസ്മെറ്റിക് സർജറിക്കായി മാത്രം ദക്ഷിണ കൊറിയയിൽ എത്തുന്ന ഒട്ടേറെപ്പേരുണ്ട്. 2020ൽ 50,000 വിദേശികളാണ് സർജറിക്ക് വിധേയരായത്. ഇതിൽ പകുതിയിലേറെയും അമേരിക്കക്കാരും ജപ്പാൻകാരുമാണ്. രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും മികച്ച യോഗ്യതയുള്ള ഡോക്ടർമാരുമാണ് ദക്ഷിണ കൊറിയയിലേക്ക് വിദേശികളെ ആകർഷിക്കാനുള്ള പ്രധാന കാരണങ്ങൾ.

ഫ്രീ ദ് കോർസെറ്റ് മൂവ്മെന്റ്

കൃത്രിമ സൗന്ദര്യപരിഷ്കാരങ്ങൾക്കെതിരെ ദക്ഷിണ കൊറിയയിലെ സ്ത്രീകൾ നയിച്ച പോരാട്ടമാണ് ‘ഫ്രീ ദ് കോർസെറ്റ് മൂവ്മെന്റ്’. നൂറ്റാണ്ടുകളായി രാജ്യത്ത് സ്ത്രീകൾക്കുമേൽ അടിച്ചേൽപിക്കുന്ന സൗന്ദര്യ സങ്കൽപങ്ങൾക്കെതിരെ അവർ രംഗത്തിറങ്ങി. പ്രതിഷേധ സൂചകമായി മേക്കപ് പ്രോഡക്ടുകൾ പൊതുനിരത്തിൽ വലിച്ചെറിഞ്ഞു, മുടി മുറിച്ചു, പ്ലാസ്റ്റിക് സർജറിക്കെതിരെ ക്യാംപെയ്ൻ നടത്തി. ലോകശ്രദ്ധ നേടിയ പ്രതിഷേധത്തിന് മറ്റു പല രാജ്യങ്ങളിലും തുടർച്ചയുണ്ടായി.

English Summary : South Korea's Plastic Surgery Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com