നെല്ലിക്ക പ്രകൃതിയുടെ വരദാനം; കൊഴിച്ചിലിന് വിട, മുടി വളരും കരുത്തോടെ

common-ways-to-use-amla-for-strong-and-beautiful-hair
Image Credits : wasanajai / Shutterstock.com
SHARE

വൈറ്റമിൻ C, ടാൻ എന്നിവയുടെ കലവറയായ നെല്ലിക്ക മുടിയുടെ വളർച്ചയ്ക്ക് സഹായിക്കും. നിരവധി ഹെയർെകയർ ഉത്പന്നങ്ങളിൽ നെല്ലിക്ക സജീവമായി ഉപയോഗിക്കുന്നുണ്ട്. വീട്ടിലുള്ള വസ്തുക്കളുമായി ചേർത്ത് നെല്ലിക്ക എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നു നോക്കാം.

∙ നെല്ലിക്ക ഓയിൽ

മുടിയുടെ പരിചരണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇവിടെ നെല്ലിക്കയും വെളിച്ചെണ്ണയും ചേരുമ്പോൾ  മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയ്ക്കെല്ലാം ആശ്വാസം ലഭിക്കും.

ആവശ്യമുള്ള വസ്തുക്കൾ :

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ

ഉപയോഗിക്കേണ്ട വിധം :

ഒലിവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഒരു പാനിലെടുത്ത് ചൂടാക്കുക. ഇതിലേക്ക്  നെല്ലിക്കാപ്പൊടി ചേർക്കുക. ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കന്നത് തുടരണം. ഇങ്ങനെ കാച്ചിയ എണ്ണ ഇളം ചൂടോടെ അൽപമെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യാം.

∙ നെല്ലിക്കയും ചീനിക്കയും

മുടിയുടെ പരിചരണത്തിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ചീനിക്ക (ഷിക്കാകായ്). മുടിയുടെ വളർച്ചയ്ക്ക് ഇത് വളരെ സഹായകമാണ്.

ആവശ്യമുള്ള വസ്തുക്കൾ :

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി, രണ്ട് ടേബിൾ സ്പൂൺ ചീനിക്കാപ്പൊടി, നാല് സ്പൂൺ വെള്ളം

ഉപയോഗിക്കേണ്ട വിധം :

നെല്ലിക്കാപ്പൊടിയും ചീനിക്ക പൊടിയും വെള്ളത്തിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കൊണ്ട് തലമുടിയെ പൊതിയുന്ന രീതിയിൽ മാസ്ക് ചെയ്യുക. 40 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിലൊരിക്കൽ മാത്രം ചെയ്യുക.

∙ മുട്ടയും നെല്ലിക്കയും

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടിയുടെ കരുത്തിനും വളർച്ചയ്ക്കും മികച്ചതാണ്.

ആവശ്യമുള്ള വസ്തുക്കൾ :

രണ്ട് മുട്ട, അരക്കപ്പ് നെല്ലിക്കാപ്പൊടി

ഉപയോഗിക്കേണ്ട വിധം :

മുട്ടയുടെ വെള്ള മാത്രം എടുത്ത് അതൊരു ബൗളിലിട്ട് നന്നായി ഇളക്കുക. അതിലേക്ക് നെല്ലിക്കാപ്പൊടി ചേർത്ത് വീണ്ടും ഇളക്കുക. ഈ പേസ്റ്റ് മുടിയുടെ മുകളിൽ മാസ്ക് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം. ആഴ്ചയിൽ ഒരിക്കൽ ചെയ്യുക.

∙ മൈലാഞ്ചിയും നെല്ലിക്കയും

നിറം നൽകാൻ മാത്രമല്ല താരൻ, അകാലനര എന്നിവ ഇല്ലാതാക്കാനും മൈലാഞ്ചി‌ക്ക് സാധിക്കും.

ആവശ്യമുള്ള വസ്തുക്കൾ :

ഒരു ടേബിൾ സ്പൂൺ നെല്ലിക്കാപ്പൊടി, മൂന്ന് ടേബിൾ സ്പൂൺ മൈലാഞ്ചി ഉണക്കിയത്, നാല് സ്പൂൺ ചൂടുവെള്ളം 

ഉപയോഗിക്കേണ്ട വിധം :

നെല്ലിക്കാപ്പൊടി, മൈലാഞ്ചി ഉണക്കിയത് എന്നിവ ചൂടുവെള്ളത്തിൽ ചേർത്ത്‌ നന്നായി ഇളക്കുക. കുഴമ്പ് രൂപത്തിൽ ആയതിന് ശേഷം ഒരു രാത്രി സൂക്ഷിച്ചുവയ്ക്കുക. പിറ്റേ ദിവസം രാവിലെ തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഇതു ചെയ്യുന്നതിന് മുൻപ് പേസ്റ്റിലേക്ക് അൽപം ഇൻഡിഗോ ചേർക്കുന്നത് മുടി ഓറഞ്ച് നിറമാകുന്നത് തടയാൻ ഉപകരിക്കും. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മാസത്തിൽ ഒരിക്കൽ മാത്രമേ ഇത് ചെയ്യാവൂ.

∙ ഉലുവയും നെല്ലിക്കയും

തലമുടിയുടെ വേരുകൾക്ക് ഉറപ്പ് ലഭിക്കാനും തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കാനും ഉലുവയുടെ ഉപയോഗം സഹായിക്കും.

ആവശ്യമുള്ള വസ്തുക്കൾ :

രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കാപ്പാടി, രണ്ട് ടേബിൾ സ്പൂൺ ഉലുവപ്പൊടി, 5 സ്പൂണ്‍ ചൂടുവെള്ളം 

ഉപയോഗിക്കേണ്ട വിധം :

നെല്ലിക്കാപ്പൊടിയും ഉലുവപ്പൊടിയും ചൂടുവെള്ളത്തിൽ നന്നായി മിക്സ് ചെയ്യുക. ആ മിശ്രിതം ഒരു രാത്രി സൂക്ഷിച്ചശേഷം പിറ്റേന്ന് രാവിലെ മുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യാം.

∙ കറിവേപ്പിലയും നെല്ലിക്കയും

കറിക്ക് മാത്രമല്ല മുടിയ്ക്കും നല്ലതാണ് കറിവേപ്പില. ഫംഗസുകളെയും മറ്റു സൂക്ഷ്മ ജീവികളെയും ഇല്ലാതാക്കാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ട്. ഇത് മുടിയെ ആരോഗ്യത്തോടെ നിർത്താൻ സഹായിക്കുന്നു.

ആവശ്യമുള്ള വസ്തുക്കൾ :

അരക്കപ്പ് കറിവേപ്പില, അരക്കപ്പ് നെല്ലിക്ക ചതച്ചത്, ഒരു കപ്പ് വെളിച്ചെണ്ണ

ഉപയോഗിക്കേണ്ട വിധം :

വെളിച്ചെണ്ണ നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് കറിവേപ്പിലയും നെല്ലിക്ക ചതച്ചതും ചേർക്കണം. വെളിച്ചെണ്ണ ബ്രൗൺ നിറമാകുന്നത് വരെ ചൂടാക്കുക. അതിനുശേഷം വെളിച്ചെണ്ണ അരിച്ചെടുത്ത് ചെറു ചൂടോടെ തലയിൽ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. അരമണിക്കുറിന് ശേഷം കഴുകി കളയാം.

Content Summary : How to use amla to prevent hair loss

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HAIR N BEAUTY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA