ADVERTISEMENT

കൊറിയൻ സ്ത്രീകളുടെ ചർമം സൗന്ദര്യാസ്വാദകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. പാടുകളോ ചുളിവുകളോ ഇല്ലാത്ത തിളങ്ങുന്ന ചർമം ഒരു പരിധിവരെ പരമ്പരാഗതമായി കിട്ടുന്നതാണെങ്കിലും മികച്ച പരിചരണം നൽകിയാണ് കൊറിയൻ സ്ത്രീകൾ അതു നിലനിർത്തുന്നത്. ഡയറ്റ്, സൗന്ദര്യവർധക വസ്തുക്കൾ, സ്കിൻ കെയർ എന്നീ മേഖലകളിൽ കൊറിയൻ രീതികൾക്ക് ലോകത്തെമ്പാടും ആരാധകരുണ്ട്. പെൺകുട്ടികളെ ചെറുപ്രായത്തിൽത്തന്നെ ചർമസംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കുന്നത് കൊറിയൻ സൗന്ദര്യ സംസ്‌കാരത്തിന്റെ ഭാഗമാണ്.

സുന്ദരവും യുവത്വം തുളുമ്പുന്നതുമായ ചർമം നിലനിർത്താനായി കൊറിയൻ സ്ത്രീകൾ പിന്തുടരുന്ന 9 സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ എന്തൊക്കെയാണെന്നു നോക്കാം. 

∙ ഇളം ചൂടുവെള്ളത്തിലെ കുളി, ഫെയ്സ്മാസ്ക്കുകൾ

വീട്ടിൽത്തന്നെയുണ്ടാക്കാവുന്ന ഫെയ്സ് മാസ്ക്കുകളും ചൂട് വെള്ളത്തിലുള്ള കുളിയും കൊറിയൻ സ്ത്രീകളുടെ സൗന്ദര്യ സംരക്ഷണ രീതികളിൽ പ്രധാനപ്പെട്ടവയാണ്. ഇളം ചൂട് വെള്ളത്തിലെ കുളി ചർമത്തിലെ സുഷിരങ്ങൾ തുറന്ന്, അടിഞ്ഞുകൂടിയ അഴുക്ക് പോകാൻ സഹായിക്കുന്നു. ഫെയ്സ്മാസ്ക്കുകൾ ചർമത്തിന്റെ തിളക്കവും, ചെറുപ്പവും നിലനിർത്തുന്നു. ഏതെങ്കിലും ഓയിൽ ക്ലൈൻസർ ഉപയോഗിച്ച് ചർമം വൃത്താകൃതിയിൽ മസാജ് ചെയ്യുന്നത് ചർമത്തിന്റെ ഈർപ്പവും തിളക്കവും നിലനിർത്താൻ സഹായകരമാണ്. 

∙ ചർമസംരക്ഷണത്തിന് ചായ 

ഗ്രീൻ ടീ, റോസ്റ്റഡ് ബാർലി ടീ എന്നിങ്ങനെ നിരവധി തരത്തിലുള്ള ചായകൾ കൊറിയൻ സ്ത്രീകൾ സൗന്ദര്യവർധനവിനായി ഉപയോഗിക്കാറുണ്ട്. മുഖക്കുരു, ചർമത്തിലെ ചുളിവുകൾ എന്നിങ്ങനെ നിരവധി ചർമ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവ സഹായിക്കുന്നു. ഇത്തരം ചായകൾ ചർമം തിളങ്ങാനും വണ്ണം കുറയ്ക്കാനും അനുയോജ്യമാണ്. 

∙ ഫേഷ്യൽ എക്സർസൈസുകൾ 

ചർമത്തിന്റെ തിളക്കം മാത്രമല്ല, ‘വി’ ആകൃതിയിലുള്ള താടിയെല്ലുകളും കൊറിയൻ സുന്ദരികളുടെ പ്രത്യേകതയാണ്. അക്ഷരങ്ങൾ മുഖപേശികൾ ചലിക്കുന്ന വിധത്തിൽ ഉറക്കെ പറയുക, ചുണ്ടുകൾ ഇരുവശത്തേക്കും ചലിപ്പിക്കുക, താടിയെല്ലുകൾ ചലിപ്പിക്കുക എന്നിങ്ങനെ നീളുന്ന ഫേഷ്യൽ എക്സർസൈസുകൾ മുഖത്ത് തൂങ്ങി നിൽക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി മികച്ച ആകൃതി നേടാൻ സഹായിക്കുന്നു.

∙ പാടുകളില്ലാത്ത ചർമത്തിന് ചാർക്കോൾ

മുഖത്തു കാണപ്പെടുന്ന ബ്ലാക്ഹെഡ്സുകൾ ഒഴിവാക്കാൻ ചാർക്കോൾ ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുന്നു. സൗന്ദര്യ സംരക്ഷണ രംഗത്ത്‌ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചു വരുന്ന ഈ ഫെയ്സ് മാസ്കുകൾ ആദ്യമായി ഉപയോഗിച്ചത് കൊറിയൻ സ്ത്രീകളാണ്. വൈറ്റ് ഹെഡ്ഡ്സുകൾ, മൃതകോശങ്ങള്‍ എന്നിവ അകറ്റാനും ചാർക്കോൾ മാസ്ക്കുകൾ ഫലപ്രദമാണ്.

∙ വിരലുകൾ കൊണ്ട്‌ മസാജ് ചെയ്യാം

അനുയോജ്യമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നതിനൊപ്പം ചർമം അവ കൃത്യമായി ആഗിരണം ചെയ്യേണ്ടതും അനിവാര്യമാണ്. ടോണർ, മോയിസ്ച്യുറൈസർ എന്നിവ വിരലുകൾ കൊണ്ട്‌ മുഖത്തു തേച്ചുപിടിപ്പിക്കുന്നതിന് പകരം, വിരലുകൾ കൊണ്ടു ചൂടാക്കിയ ശേഷം ചർമത്തിൽ മൃദുവായി മസാജ് പിടിപ്പിക്കുന്നതാണ് കൊറിയൻ രീതി. 

∙ എക്സ്ഫോളിയേറ്റ് 

കൊറിയൻ സ്ത്രീകൾ ചർമത്തിന്റെ എക്സ്ഫോളിയേഷന് വളരെയധികം പ്രാധാന്യം നൽകുന്നുവരാണ്. ചർമത്തിലെ ചുളിവുകളും മൃതകോശങ്ങളും അകറ്റാൻ ചൂടുള്ള ടവൽ താഴ്ഭാഗത്തുനിന്നും മുകളിലേക്ക് എന്ന രീതിയിൽ മുഖത്ത് തടവുന്നു. ചർമത്തിന് കേടുപാടുകൾ സംഭവിക്കാതെ അടഞ്ഞുകൂടിയിരിക്കുന്ന അഴുക്കും എണ്ണമയവും അകറ്റാന്‍ ടവൽ കൊണ്ടുള്ള സ്ക്രബിങ് സഹായിക്കും. 

∙ കഴുത്തിന് ആവശ്യമായ പരിചരണം

നെക് ക്രീമുകൾ ഉപയോഗിച്ച് കഴുത്തിന്റെ താഴെനിന്നും മുകളിലേക്ക് മസാജ് ചെയ്യുന്നത് ചുളിവുകളെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്. തിളങ്ങുന്ന ചർമത്തിനൊപ്പം കഴുത്തും സൗന്ദര്യത്തോടെ വയ്ക്കുക എന്നതാണ് കൊറിയൻ സൗന്ദര്യ സങ്കൽപം.

∙ ചർമത്തിന് നൽകാം ഡബിൾ പരിരക്ഷ

ചർമസംരക്ഷണം ഉറപ്പാക്കാനായി ഡബിൾ ലെയർ ഉപയോഗിക്കുന്നതാണ് കൊറിയൻ സ്റ്റൈൽ. രണ്ടുതവണയുള്ള ക്ലെൻസിങ്ങിലൂടെ ചർമത്തിലെ മേക്കപ്പും അഴുക്കുകളും പൂർണമായി നീക്കുന്നു. ഐ ക്രീമുകൾ, മോയിസ്ച്യുറൈസർ എന്നിവ രണ്ടു ലെയറുകളായി പുരട്ടുന്നത് ചർമത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുമെന്ന് കൊറിയൻ സ്ത്രീകൾ പറയുന്നു. 

∙ രാത്രികാല മാസ്ക്കുകൾ

ചർമത്തിലെ കേടുപാടുകൾ പരിഹരിക്കപ്പെടുന്നതും കോശങ്ങൾ പുനരുജ്ജീവിക്കുന്നതും രാത്രിയിലാണ്. അതിനാൽ രാത്രി മോയിസ്ച്യുറൈസിങ് മാസ്ക്കുകൾ ധരിച്ചു കിടക്കുന്നത് ചർമത്തിന്റെ ഈർപ്പം നിലനിർത്തി ചുളിവുകൾ അകറ്റാൻ സഹായിക്കും. ഇതും കൊറിയൻ സുന്ദരികളുടെ ചർമ സംരക്ഷണ രീതികളിൽ പ്രധാനപ്പെട്ടതാണ്. 

English Summary : 9 Korean beauty secrets for glowing skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com