ADVERTISEMENT

ചർമത്തിന്റെ ഏറ്റവും പുറത്തുള്ള പാളിയിൽ ആരോഗ്യകരമായ കൊഴുപ്പുകളും ഘടകങ്ങളും ഇല്ലാത്തതാകുമ്പോഴാണ് ചർമം വരളുന്നത്. സാധാരണയായി മൃതകോശങ്ങളും നാച്യുറൽ ഓയിലുകളുമാണ് ചർമത്തിന്റെ ഏറ്റവും മുകളിലുള്ള ഈ പാളിയിലുണ്ടാവുക. അവ ചർമത്തെ മൃദുവായി നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഈ പാളിയിൽ ജലാംശം നഷ്ടമാകുമ്പോഴും ചർമം വരളും. ഇതു കൂടാതെ ചർമം വരളാനുള്ള മറ്റുള്ള കാരണങ്ങൾ ഇവയാണ്:-

∙ സുഗന്ധമുള്ള സൗന്ദര്യ ഉത്പന്നങ്ങൾ

ശരീരത്തിന് സുഗന്ധം പകരാൻ നമ്മളുപയോഗിക്കുന്ന പല ഉത്പന്നങ്ങളും ചർമത്തിന് അലർജിയുണ്ടാക്കുന്നവയാണ്. ചർമവീക്കം, ചൊറിച്ചിൽ അങ്ങനെ പല അസ്വസ്ഥതകളും ഇതുണ്ടാക്കും. ഈ അലർജികൾ ചർമത്തെ വരൾച്ചയിലേക്ക് നയിക്കും. ഇങ്ങനെയുള്ള സാഹചര്യത്തിൽ കടുത്ത മണമുള്ള ഡിയോഡറന്റുകൾ, പെർഫ്യൂമുകൾ മുതലായവ ചർമവുമായി നേരിട്ടു സമ്പർക്കത്തിൽ വരുന്ന സാഹചര്യമൊഴിവാക്കുക. പെർഫ്യൂം പോലെയുള്ള വസ്തുക്കൾ തീർത്തും ഒഴിവാക്കാൻ കഴിയില്ലെങ്കിൽ അത് വസ്ത്രങ്ങളിൽ മാത്രമായി പുരട്ടാം. 

∙ സോപ്പിന്റെയും ഷാംപൂവിന്റെയും അമിത ഉപയോഗം

കുളിക്കാനുപയോഗിക്കുന്ന ചില സോപ്പുകൾ, ഷാംപൂ, അലക്കാനുള്ള സോപ്പുപൊടികൾ എന്നിവ ശരീരത്തിലും തലയോട്ടിയിലും പലവിധത്തിലുള്ള അലർജികൾക്ക് കാരണമാകാറുണ്ട്. എണ്ണമയത്തെ വലിച്ചെടുക്കാനുള്ള ശേഷി അവയ്ക്കുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുപോലെ ഫെയ്സ്‌വാഷുകൾ, ബോഡിവാഷുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോഴും നന്നായി ശ്രദ്ധിക്കണം. 

∙ ജനിതകപരമായ കാരണങ്ങൾ

ചിലരുടെ ചർമം വരണ്ടതാകാനുള്ള കാരണം ജനിതകപരമായിരിക്കും. ജനസംഖ്യയിൽ പത്തു ശതമാനത്തിലധികം പേരും വരണ്ട ചർമത്താൽ ദുരിതമനുഭവിക്കുന്നവരാണ്. എക്സിമ പോലെയുള്ള ചർമരോഗത്തിലേക്ക് പലപ്പോഴും നയിക്കുന്നത് വരണ്ട ചർമമാണ്. വരണ്ട ചർമമുള്ളവർ നിങ്ങളുടെ കുടുംബത്തിലുണ്ടെങ്കിൽ എല്ലാവരും തന്നെ മോയിസ്ച്യുറൈസിങ് ക്രീമുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

∙ കട്ടിയുള്ള വെള്ളം

കാൽസ്യം, മഗ്നീഷ്യം പോലെയുള്ള ധാതുക്കൾ കൂടുതലായടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് ചർമം വരളാൻ കാരണമാകാം. ഇത് ചർമത്തിനുമേൽ ഒരു പാളി സൃഷ്ടിക്കുന്നതാണു കാരണം. ജലശുദ്ധീകരണ സംവിധാനം വീട്ടിലുണ്ടായാൽ ഈ സ്ഥിതി ഒഴിവാക്കാം. അതുകൂടാതെ വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയ ആഹാരം കഴിക്കുകയും വേണം.

∙ ദീർഘനേരം ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളം വീഴുന്ന ഷവറിനു താഴെനിന്ന് ദീർഘസമയമെടുത്തു കുളിച്ചാൽ അത് തീർച്ചയായും ചർമം വരളാൻ കാരണമാകും. പ്രത്യേകിച്ചും നല്ല തണുപ്പുള്ള കാലാവസ്ഥയിൽ. പലവിധത്തിലുള്ള ചർമ പ്രശ്നങ്ങളിലേക്കും ഇതു നയിക്കാം. ചർമത്തിലെ ജലാംശം മുഴുവൻ നഷ്ടപ്പെടാനും ഇത്തരം കുളി കാരണമാകും. ചൂടുവെള്ളത്തിൽ കുളിക്കുകയാണെങ്കിൽ വളരെ വേഗം കുളിച്ച് തോർത്താൻ ശ്രദ്ധിക്കണം. 

English Summary : What causes dry skin ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com