ADVERTISEMENT

മുടി കൊഴിച്ചിലിനെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ചിയ വിത്തുകൾ. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. മുടി വളർച്ചയ്ക്ക് ഏറ്റവും സഹായകമായ ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. മുടിയുടെ വേരുകളുടെ ബലത്തിനും മുടിയുടെ വളർച്ച വർധിപ്പിക്കാനും ചിയ വിത്തുകൾ ധാരാളം ഉപയോഗിക്കുന്നുണ്ട്. കടകളിലും ഓൺലൈനും സ്റ്റോറുകളിലും ഇത് ലഭ്യമാണ്. 

കേശവളർച്ചയ്ക്കും സംരക്ഷണത്തിനും എങ്ങനെയൊക്കെ ഈ കുഞ്ഞൻ വിത്തുകൾ ഉപയോഗിക്കാം എന്നു നോക്കാം.

∙ ചിയ സീഡ് ഹെയർ ജെൽ

ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന എസൻഷ്യൽ ഓയിലും പ്രോട്ടീനും വൈറ്റമിൻസും  മുടിനാരുകൾക്ക് ശക്തി പകരുകയും കറ്റാർവാഴ ജെൽ തലയോട്ടിയെ ഹൈഡ്രേറ്റ് ചെയ്ത് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു.

ആവശ്യമുള്ളത്: 4 കപ്പ് ചിയ വിത്തുകൾ, 1 കപ്പ് ഫിൽട്ടേർഡ് വാട്ടർ, 1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, രണ്ടോ മൂന്നോ തുള്ളി എസൻഷ്യൽ ഓയിൽ.

തയാറാക്കേണ്ട വിധം: ഒരു കപ്പ് ഫിൽട്ടേർഡ് വാട്ടറിൽ നാല് കപ്പ് ചിയ വിത്തുകളിട്ട് വയ്ക്കുക. അടുത്ത ദിവസം ഇത് സോസ്പാനിലേക്ക് മാറ്റി 10 മിനിറ്റ് ചൂടാക്കുക. വീർത്തു വരുമ്പോള്‍ ചിയ വിത്തുകൾ അരിച്ച് മാറ്റി അവ കറ്റാർ വാഴ ജെല്ലുമായി ചേർത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർത്ത് തലയിൽ തേയ്ക്കുക. 15 മിനിറ്റിന്ശേഷം തല കഴുകാം.

∙ ചിയ ഹെയർമാസ്ക്

മുടിയുടെ വേരുകൾക്ക് പോഷണം നൽകുന്ന കെരാറ്റിൻ അടങ്ങിയിരിക്കുന്ന വെളിച്ചെണ്ണയും ആന്റി ഫംഗൽ ശക്തിയുള്ള ആപ്പിൾ സൈഡർ വിനഗറും താരൻ മൂലമുള്ള മുടികൊഴിച്ചിൽ കുറയ്ക്കുന്ന ഓർഗാനിക് തേനും ചിയാ വിത്തിനൊപ്പം ചേര്‍ന്നു പ്രവർത്തിച്ച് മുടിയിഴകളുടെ ആരോഗ്യത്തിന് മികച്ച ഹെയർമാസ്ക് ആകുന്നു.

ആവശ്യമുള്ളത്: 6 ടേബിൾ സ്പൂൺ വെളിച്ചെണ്ണ, രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ, മുക്കാൽ കപ്പ് തേൻ, ഒരു ടേബിൾ സ്പൂൺ ചിയ വിത്തുകൾ

തയാറാക്കേണ്ട വിധം: വെളിച്ചെണ്ണ, ആപ്പിൾ സൈഡർ വിനഗർ, തേൻ, ചിയ വിത്തുകൾ തുടങ്ങിയവയെല്ലാം ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. അതിനുശേഷം 30 സെക്കന്റ് നേരം മൈക്രോവേവ് ഓവനിൽവച്ച് ചൂടാക്കുക. പുറത്തേക്കെടുത്ത് വച്ച് തണുത്തിനുശേഷം തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിറ്റിന് ശേഷം കഴുകി കളയുക.

∙ സിംപിൾ ഹെയർ മാസ്ക്

കൊഴിച്ചിൽ നിയന്ത്രിച്ച് മുടി തഴച്ചു വളരാൻ ആപ്പിൾ സൈഡർ വിനഗറിന്റെ ഗുണങ്ങളും ചിയ വിത്തുകളിൽ അടങ്ങിയ പോഷണങ്ങളും ചേരുമ്പോൾ എളുപ്പമാകും.

ആവശ്യമുള്ളത്: നാല് ടീസ്പൂൺ ചിയ വിത്തുകൾ, അരക്കപ്പ് ആപ്പിൾ സൈഡർ വിനഗർ

തയാറാക്കേണ്ട വിധം: അരമണിക്കൂർ നേരം ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം വെള്ളം ചിയ വിത്തുകൾ മാത്രം അരിച്ചെടുത്ത് ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് ആപ്പിൾ സൈഡർ വിനഗർ ചേർത്ത് ഉടച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുടികൾക്കിടയിലും ശിരോചർമത്തിലും തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകി കളയാം.

English Summary : The Benefits of Chia Seeds for Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com