മുഖത്തിന് ഇണങ്ങുന്ന വിധം മേക്കപ്പ് ഇടുന്നത് ഒരു കലയാണ്. കൃത്യമായി മേക്കപ്പിട്ട് കഴിഞ്ഞാൽ ആത്മവിശ്വാസവും സംതൃപ്തിയും ലഭിക്കുകയും ചെയ്യും. എന്നാൽ മേക്കപ്പ് ഇടുമ്പോൾ കാണിക്കുന്ന ശ്രദ്ധ പലരും അത് നീക്കം ചെയ്യുന്നതിൽ കാണിക്കാറില്ല. ഇത് ത്വക്കിന് എത്രത്തോളം ദോഷം ചെയ്യുമെന്ന് തിരിച്ചറിയണം. മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ചെയ്യേണ്ടതും അരുതാത്തതുമായ ചില കാര്യങ്ങൾ നോക്കാം.
മൃദുവായി നീക്കം ചെയ്യാം
മേക്കപ്പ് പെട്ടെന്ന് നീക്കം ചെയ്യാനായി ധൃതിയിൽ അമർത്തി തുടയ്ക്കുന്നതും ചർമ്മം വലിച്ചു പിടിക്കുന്നതും ദോഷം ചെയ്യും. ഓരോ ഭാഗങ്ങളായി മൃദുവായി തുടച്ചുനീക്കാൻ ശ്രദ്ധിക്കുക. മേക്കപ്പ് മുഖത്ത് അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
ക്ലെൻസർ ഉപയോഗിക്കാം
മേക്കപ്പ് വേഗത്തിൽ നീക്കം ചെയ്യുന്നതിനായി ആദ്യം ക്ലെൻസർ ഉപയോഗിക്കാം. എണ്ണമയമുള്ള തരം ക്ലെൻസർ ഉപയോഗിച്ച് മുഖത്തും കഴുത്തിലും 10 മുതൽ 15 സെക്കൻഡ് വരെ മൃദുവായി മസാജ് ചെയ്യണം. ലിപ്സ്റ്റിക്കും ഇത്തരത്തിൽ നീക്കം ചെയ്യാവുന്നതാണ്.
മുഖം കഴുകുന്നത് നിർബന്ധം
ക്ലെൻസർ ഉപയോഗിച്ച് മേക്കപ് നീക്കം ചെയ്ത ശേഷം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനുട്ട് നേരം മുഖത്ത് വയ്ക്കാനും ശ്രമിക്കുക. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കംചെയ്ത് ചർമസുഷിരങ്ങൾ വൃത്തിയാക്കുന്നതിന് ഇത് സഹായിക്കും.
ഇക്കാര്യങ്ങൾ അരുത്
മേക്കപ്പ് നീക്കം ചെയ്യാതെയുള്ള ഉറക്കം
എത്ര ക്ഷീണിച്ച അവസ്ഥയിൽ ആണെങ്കിലും ഒരു കാരണവശാലും മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. മുഖചർമം വരണ്ടതാക്കുന്നതു മുതൽ ചർമസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി അലർജി ഉണ്ടാകുന്നതിലേക്കുവരെ ഇത് നയിക്കും.
വൈപ്സിനെ ആശ്രയിക്കരുത്
മേക്കപ്പ് നീക്കംചെയ്യാൻ ഉപയോഗിക്കാവുന്ന പലതരം വൈപ്സുകൾ വിപണിയിൽ സുലഭമാണ്. എന്നാൽ സമയലാഭം ഓർത്ത് ഇവയെ മാത്രം ആശ്രയിക്കുന്നത് നന്നല്ല. കാരണം ക്ലെൻസറും വെള്ളവുംപോലെ പൂർണമായി മേക്കപ്പ് നീക്കം ചെയ്യാൻ വൈപ്സുകൾക്ക് സാധിക്കില്ല.
മോയിസ്ചറൈസ് ചെയ്യാൻ മറക്കേണ്ട
മേക്കപ്പ് നീക്കംചെയ്യാൻ വിപണിയിൽ ലഭ്യമായ ചില വസ്തുക്കൾ ത്വക്കിനെ വരണ്ടതാക്കുന്നവയാണ്. അതിനാൽ ചർമ്മത്തിന്റെ സ്വാഭാവിക എണ്ണമയം നിലനിർത്താൻ മോയിസ്ചറൈസറുകൾ കൂടിയേതീരൂ. മുഖത്ത് മോയിസ്ചറൈസർ പുരട്ടുന്നതിനോടൊപ്പം ചുണ്ടുകളിൽ ലിപ്ബാം പുരട്ടാനും കണ്ണുകൾക്കുള്ള ഹൈഡ്രേറ്റിംഗ് ക്രീം ഉപയോഗിക്കാനും മറക്കരുത്.
Content Summary : Dont Do This Things While Removing Your Makeup