ADVERTISEMENT

കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ പുറത്ത് എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ കറിവേപ്പിലയുടെ ഔഷധ ഗുണത്തെക്കുറിച്ച് ധാരണയില്ലാത്തവരാണ് കറിവേപ്പില വലിച്ചെറിയുന്നത്. ആരോഗ്യകാര്യത്തിൽ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിലും കറിവേപ്പിലയ്ക്കുള്ള പങ്ക് ചെറുതല്ല.

മുടിവളർച്ചയ്ക്ക് സഹായകമായ ഏറെ പോഷകഗുണമുള്ള ഘടകങ്ങൾ കറിവേപ്പിലയിലടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ, മുടിയുടെ അറ്റം പിളരൽ, ഉള്ളു കുറയൽ തുടങ്ങിയ സൗന്ദര്യപ്രശ്നങ്ങൾ പരിഹരിക്കാൻ കറിവേപ്പില കഴിഞ്ഞേയുള്ളൂ എന്തും.

മുടിയ്ക്ക് നീളമുണ്ടോ, കുറവാണോ എന്നൊന്നും ഓർത്തു വിഷമിക്കണ്ട. മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാർക്കറ്റിലുള്ള ഉത്പന്നങ്ങള്‍ പരീക്ഷിക്കുകയും വേണ്ട. തൊടിയിലെ കറിവേപ്പിൽനിന്ന് രണ്ടു മൂന്നു തണ്ട് കറിവേപ്പില ഒടിച്ചെടുത്ത് എണ്ണ കാച്ചിയോ മുടിപ്പുറമേ പുരട്ടിയോ പ്രകൃതിദത്തമായ രീതിയിൽ മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.

മുടിവളർച്ചയ്ക്കാവശ്യമായ ബീറ്റാ കരോട്ടിനാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ മുടിവളർച്ചയെ ത്വരിതപ്പെടുത്തുകയും മുടിക്ക് ആരോഗ്യവും തിളക്കവും നൽകുകയും ചെയ്യുന്നു.

∙ കറിവേപ്പില എണ്ണ തയാറാക്കുന്ന വിധം

200 ഗ്രാം വെളിച്ചെണ്ണ ഹൈഫ്ലെയിമിൽ ചൂടാക്കുക. അതിലേക്ക് 15 മുതൽ 20 തണ്ടു വരെ കറിവേപ്പില ചേർക്കുക. കറിവേപ്പിലയുടെ സത്ത് എണ്ണയിലിറങ്ങുന്നതുവരെ ചെറുതീയിൽ ചൂടാക്കുക. എണ്ണ പച്ചനിറമാകുമ്പോൾ തീ അണയ്ക്കാം. തണുത്തതിനു ശേഷം ഈ എണ്ണ ഗ്ലാസ് ബോട്ടിലിലേക്ക് പകർത്താം. ആഴ്ചയിൽ മൂന്നു തവണ ഈ എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം.

∙ കറിവേപ്പില ഹെയർമാസ്ക്

എണ്ണ കാച്ചാൻ അസൗകര്യമുള്ളവർക്ക് കറിവേപ്പില ഹെയർമാസ്ക് ആയി ഉപയോഗിക്കാം. 15 മുതൽ 20 വരെ കറിവേപ്പില തണ്ടുകളെടുത്ത് അതിൽ നാലഞ്ചു സ്പൂൺ വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കാം. കട്ടിയുള്ള പേസ്റ്റ് ആകുന്നതുവരെ അരയ്ക്കണം. ഈ മിശ്രിതം തലയോട്ടിൽ തേച്ചുപിടിപ്പിച്ച ശേഷം ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയാം.

∙ വലിച്ചെറിയല്ലേ, ധൈര്യമായി കഴിച്ചോളൂ

ആഹാരം പാകം ചെയ്യുമ്പോൾ കറിവേപ്പില ഉപയോഗിക്കുമെങ്കിലും മിക്കവരും അത് കഴിക്കാറില്ല. എന്നാൽ അടുക്കളത്തോട്ടത്തിൽ നിന്ന് പറിക്കുന്ന കറിവേപ്പിലകളാണെങ്കിൽ ധൈര്യമായി കഴിക്കാം. യാതൊരു വിഷാംശങ്ങളും അതിലുണ്ടാകില്ലെന്നു മാത്രമല്ല ഔഷധഗുണങ്ങൾ ഏറെയുണ്ടുതാനും.

കറിവേപ്പില പരിഹരിക്കും മുടിയുടെ ഈ 10 പ്രശ്നങ്ങള്‍

∙ മുടിവളർച്ച ത്വരിതപ്പെടുത്തും

∙ മുടിപൊട്ടിപ്പോകുന്നത് തടയും

∙ മുടികൊഴിച്ചിൽ ഇല്ലാതാക്കും

∙ തലമുടിയുടെ ഈർപ്പം നിലനിർത്തും

∙ മുടിക്ക് സ്വാഭാവിക തിളക്കം നൽകും

∙ തലയോട്ടിയെ ശുദ്ധമാക്കും

∙ താരനകറ്റും

∙ മുടിക്ക് പുതുജീവൻ നൽകും

∙ മുടിവേരുകളെ ശക്തിപ്പെടുത്തും

∙ ശിരോചർമത്തിലെ മൃതകോശങ്ങളെയകറ്റും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com