ADVERTISEMENT

യുവത്വം കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലരിലും അത് ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. എന്തുകൊണ്ടാണിത്? അതെങ്ങനെ പരിഹരിക്കാം ?

മുടിയും മുഖവും ശരീരവുമൊക്കെ സുന്ദരമായി നിലനിർത്താനും ആരോഗ്യവും യുവത്വം നഷ്ടമാകാതിരിക്കാനും അടിസ്ഥാനപരമായി ചെയ്യേണ്ടത് എന്തെന്ന് മിക്കവർക്കും അറിയാം. എന്നാൽ മതിയായ ശ്രദ്ധ നൽകുന്നില്ല എന്നതാണ് സത്യം. 

∙ വ്യായാമം ചെയ്യാം

ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കുക എന്നതാണ് യുവത്വം നിലനിർത്തുന്നതിലെ പ്രധാന കാര്യം. ശരീരത്തിന്റെ ഭാരമോ, വയറോ ഒന്നും നിങ്ങൾക്ക് പ്രശ്നമല്ലെങ്കിൽ അതൊരു പ്രശ്നമല്ല. എന്നാൽ അനാരോഗ്യകരമായ അവസ്ഥയിലേക്ക് ഇതു മാറുന്നെങ്കിൽ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. വ്യായാമം ശീലമാക്കുക. എന്നും ഊർജസ്വലതയോടെ ഇരിക്കാൻ ഇത് സഹായിക്കും.

∙ ഗുണമേന്മ ഉറപ്പാക്കാം

അതിവേഗം ഫലം തരുമെന്ന വാഗ്ദാനങ്ങളുമായി എത്തുന്ന ഉത്പന്നങ്ങൾ കരുതലോടെ ഉപയോഗിക്കാം. കാരണം വിപരീത ഫലങ്ങള്‍ക്കു വരെ അവ കാരണമായേക്കാം. അതുപോലെ ഏതെങ്കിലും ഉൽപന്നം ഉപയോഗിച്ച് ദിവസങ്ങൾക്കുള്ളിൽ മുഖക്കുരു രൂപപ്പെടുകയാണെങ്കിൽ അത് ഉപേക്ഷിക്കുക. അതായത് ചർമത്തിന്റെയും മുടിയുടെയും പരിചരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ പ്രധാനപ്പെട്ട കാര്യമാണ്. ഏതു പരീക്ഷണവും നടത്തേണ്ട ഇടമല്ല നിങ്ങളുടെ ശരീരം.

∙ അധികമായാൽ നാടനും നന്നല്ല

പ്രകൃതിദത്ത വസ്തുക്കൾ അറിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്. നാടൻ വസ്തുക്കൾ എത്ര വേണമെങ്കിലും ഉപയോഗിക്കാം എന്നു കരുതുന്നവരുണ്ട്. എന്നാൽ ഇത് തെറ്റാണ്. ചില പ്രകൃതിദത്ത വസ്തുക്കൾ വരണ്ട ചർമത്തിന് അനുയോജ്യമായിരിക്കില്ല. ചിലത് എണ്ണ മയമുള്ള ചർമത്തിന് നല്ലതായിരിക്കില്ല. ചിലരിൽ അലർജിക്കും സാധ്യതയുണ്ട്. ആയതിനാൽ ആ വസ്തുവിനെക്കുറിച്ച് മനസ്സിലാക്കി, യഥാർഥ അളവിൽ ഉപയോഗിക്കണം.

∙ കണ്ടീഷണർ ഇൻ, ഹെയർ ഡ്രൈയർ ഔട്ട്

മുടിയുടെ സംരക്ഷണത്തിൽ കണ്ടീഷണറിന് വലിയ സ്ഥാനമാണുള്ളത്. ഷാംപൂ ഉപയോഗിച്ചാൽ കണ്ടീഷണർ നിർബന്ധമാക്കണം. അല്ലെങ്കിൽ മുടി വരണ്ടു പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്താൻ ഹെയർ ഡ്രൈയറിന്റെ ഉപയോഗം കുറയ്ക്കണം. ഹോട്ട് എയറിൽ നേരിട്ട് ഉണക്കുമ്പോൾ മുടിയുടെ വേരുകൾക്കു കേ‌ടുപാടു വരാൻ സാധ്യതയുണ്ട്.

∙ അത്രയ്ക്ക് ഡയറ്റ് വേണ്ട!

വണ്ണം കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. വണ്ണം കുറയുകയല്ല മറിച്ച് ശരീരത്തിനു വേണ്ട പ്രോട്ടീനുകളും കലോറിയും കിട്ടാതിരിക്കുന്നതിലൂടെ ആരോഗ്യത്തെ അതു ഗുരുതരമായി ബാധിക്കുകയാണു ചെയ്യുന്നത്. എഴുപതു ശതമാനം ഡയറ്റും മുപ്പതു ശതമാനും വ്യായാമവും എന്നതാണ് ശരിയായ രീതി. ഭക്ഷണം തീർത്തും ഒഴിവാക്കാതെ രണ്ടു മണിക്കൂറിടവിട്ട് ഭക്ഷണത്തിനിറെ അളവ് കുറച്ച് കഴിക്കാം. അല്ലാത്തപക്ഷം അതു പ്രതിരോധശേഷിയെ കുറയ്ക്കുകയും നിങ്ങളുടെ സ്വാഭാവിക സൗന്ദര്യത്തെ ഇല്ലാതാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com