ADVERTISEMENT

വീട്ടുലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണം സാധ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ എളുപ്പവും ഫലപ്രദവുമായ ചില ബ്യൂട്ടി ടിപ്സ്.

 

∙ ഒരു കപ്പ് ശുദ്ധമായ തേങ്ങാപ്പാലിൽ ഒരു നീളമുളള കറ്റാർ വാഴയുടെ പള്‍പ്പ് ചേർക്കുക. ഇതിൽ മൂന്ന് വലിയ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. മുടി കുറച്ചു ഭാഗം വീതം വകഞ്ഞെടുത്ത് ഈ മിശ്രിതം തേച്ചു പിടിപ്പിച്ചു നന്നായി മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞു ചീവയ്ക്കാപ്പൊടിയോ പയർ പൊടിയോ ഉപയോഗിച്ചു മുടി കഴുകി വൃത്തിയാക്കണം.

 

∙ രണ്ടോ മൂന്നോ മല്ലിയില അരച്ചെടുത്ത നീര് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക. ചുണ്ട് വിണ്ടു കീറുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ തുളളി നാരങ്ങാനീര് കാൽ ചെറിയ സ്പൂൺ വെളിച്ചെണ്ണയിൽ ചാലിച്ച്, ഒരു നുളള് പഞ്ചസാര പൊടിച്ചതും ചേർത്തു ചുണ്ടിൽ പുരട്ടുക. ചുണ്ട് മൃദുവായി മസാജ് ചെയ്ത ശേഷം 10 മിനിറ്റ് ‌കഴിഞ്ഞു കഴുകിക്കളയുക.

 

∙ ഒരു ബൗളില്‍ ഒരു മുട്ടയുടെ വെളളയും അര ചെറിയ സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ഇതു മിശ്രിതമാക്കി മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം തണുത്ത വെളളത്തിൽ കഴുകുക. ഒരു മുട്ടയുടെ വെളളയിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്തു മിശ്രിതമാക്കി മുഖത്തു പുരട്ടുന്നതും ‌നല്ലതാണ്. ചർമത്തിലെ ചുളിവുകൾ അകറ്റുന്നതിനും ചർമം വിലഞ്ഞു തൂങ്ങുന്നതു  തടയുന്നതിനും ഇതു സഹായിക്കും.

 

∙ മൂന്ന് വലിയ സ്പൂൺ കിഴങ്ങ് അരച്ചെടുത്തതിൽ സമം കറ്റാർ വാഴ നീരും രണ്ട് ചെറിയ സ്പൂൺ തേനും ചേർക്കുക. ഇതു മുടിയുടെ വേരുകളിൽ നന്നായി പുരട്ടുക. രണ്ട് മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകുക. ആഴ്ചയിൽ രണ്ട് തവണ ചെയ്താൽ അഴകും കരുത്തുമുളള മുടി സ്വന്തമാക്കാം.

 

∙ അരി കഴുകിയ  വെളളം കൊണ്ടു മുഖം കഴുകുന്നതു നല്ലതാണ്. ജൈവകൃഷി ചെയ്ത അരികൊണ്ടുളള വെളളമാണ് ഉത്തമം. ഒരു‌ തവണ അരി നന്നായി കഴുകി  ആ വെളളം കളയുക. വീണ്ടും കുറച്ചു കൂടി വെളളമൊഴിച്ചു കഴുകുക. ഈ വെളളം കൊണ്ടാണു മുഖം കഴുകേണ്ടത്. ഇതിലടങ്ങിയ പോഷകങ്ങൾ ചർമം സുന്ദരമാക്കാൻ സഹായിക്കും.

 

∙ രണ്ട് വലിയ സ്പൂൺ ചന്ദനം പൊടിച്ചതില്‍ പാൽ, തൈര് അല്ലെങ്കിൽ റോസ് വാട്ടർ ഇവയിലേതെങ്കിലും ഒരു വലിയ സ്പൂൺ ചേർക്കുക. ഇതു ചർമത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും അടഞ്ഞ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കും.

 

∙ കടലമാവ്, മഞ്ഞൾപ്പൊടി, തേൻ, പാൽ ഇവ ഓരോ വലിയ സ്പൂൺ വീതം ചേർത്തു നേരിയ ഒരു ലെയറായി മുഖത്തിടുക. 20 മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കുക. പാടുകൾ നീക്കി ചർമം സുന്ദരമാക്കാൻ ഇതു സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com