ADVERTISEMENT

ചുരുണ്ടു നീണ്ട മുടിയുടെ അഴകിനെക്കുറിച്ച് കവികളെല്ലാം വാതോരാതെ വാഴ്ത്താറുണ്ട്. ചിത്രങ്ങളിലുള്ള ദേവിമാർക്കും എന്തിനു മോഹിപ്പിക്കാനെത്തുന്ന യക്ഷിക്ക് വരെ മുട്ടൊപ്പമുള്ള ചുരുണ്ട മുടി വല്ലാത്ത അഴക് നൽകുന്നുമുണ്ട്. പക്ഷെ ഇപ്പോഴത്തെ പെൺകുട്ടികൾ ചോദിക്കുന്നത് മറ്റൊന്നാണ്, ഇതെങ്ങനെ ചുരുണ്ട മുടി മാനേജ് ചെയ്യും ദൈവമേ? സത്യമാണ് ചുരുണ്ട മുടി കാണാൻ ഭംഗിയാണെങ്കിലും കക്ഷിയുടെ കയ്യിലിരുപ്പ് അത്ര ശരിയല്ല എന്നാണു പൊതു സംസാരം. മറ്റൊന്നുമല്ല മാനേജ് ചെയ്യാൻ പാടാണ്. ഇപ്പോഴും ചെട കെട്ടുക, മുടിയുടെ അറ്റം പൊട്ടുക, പറന്നത് പോലെ ഒരു ആകൃതിയുമില്ലാതെ കിടക്കുക, സ്പ്രിങ് പോലെ അതിനു തോന്നിയ പാടി കിടക്കുക, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗുലുമാലുകളാണ്. ചുരുണ്ട മുടി കൊണ്ട് ആത്മ വിശ്വാസം നഷ്ടപ്പെട്ടവരും അവസാനം വെട്ടി കളഞ്ഞവരുമുണ്ട്.

 

എന്നാൽ സി ജി എം എന്ന് കേട്ടിട്ടുണ്ടോ? കർളി ഗേൾസ് മെത്തേഡ് എന്നാണു പൂർണ നാമം. ചുരുണ്ട മുടിയെ ഇത്തരത്തിലാണ് അടക്കത്തിലും ഒതുക്കത്തിലും വളർത്തേണ്ടത് എന്ന് പഠിപ്പിച്ചു തരുന്ന ഒരു രീതിയാണ് സി ജി എം. ലോറയിൻ മാസ്സയ് എന്ന ചുരുണ്ട മുടിക്കാരിയാണ് തന്റെ പുസ്തകത്തിലൂടെ ഇത്തരമൊരു രീതി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. കോയിൽ , കർളി, വേവി എന്നിങ്ങനെ വ്യത്യസ്തമായ ചുരുണ്ട മുടിക്കാർക്ക് ഈ മാർഗ്ഗം ഉപയോഗിച്ച് തങ്ങളുടെ മുടി സുന്ദരവും ആകർഷകവുമാക്കാം. മുടിയുടെ പ്രകൃതി ദത്തമായ ആകർഷണീയത നിലനിർത്തിക്കൊണ്ടു തന്നെ ഉള്ള സംരക്ഷണമാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. പാരാബെൻ, സൾഫേറ്റ് എന്നിവ പോലെയുള്ള മുടിക്ക് ഹാനികരമായ കെമിക്കലുകൾ പാടെ ഉപേക്ഷിച്ചുകൊണ്ടുള്ള വസ്തുക്കൾ മുടിക്ക് വേണ്ടി ഉപയോഗിക്കുകയാണ് ഇതിന്റെ ആദ്യ പടി. മുടി ഷാമ്പൂ ചെയ്തു കണ്ടീഷണർ ഉപയോഗിക്കുക എന്നതാണ് ചുരുണ്ട മുടിയുടെ അടിസ്ഥാനം. ഷാമ്പൂവിനേക്കാൾ ചുരുണ്ട മുടിയുടെ പ്രാണൻ കിടക്കുന്നത് കണ്ടീഷനറിലാണ്. 

 

സി ജി എം മെത്തേഡ് എങ്ങനെ ചെയ്യാം എന്ന് നോക്കാം. വിവിധ ഘട്ടങ്ങളാണ് ഈ രീതിയിൽ ഉള്ളത്. ക്ലെൻസിംഗിംഗ്, കണ്ടീഷനിംഗ്, സ്റ്റൈലിംഗ് എന്നിങ്ങനെ വിവിധ രീതികൾ ചെയ്യാനുണ്ട്. 

 

സ്റ്റെപ്പ് 1:

മുടിയ്ക്ക് ഇണങ്ങുന്ന ഏതെങ്കിലും എണ്ണ ഉപയോഗിച്ച് മുടി നന്നായി ചെട കളഞ്ഞു അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഇരിക്കാം. 

 

സ്റ്റെപ്പ് 2:

ചുരുണ്ട മുടിയ്ക്ക് കേടില്ലാത്ത ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം

 

സ്റ്റെപ്പ് 3:

സൾഫേറ്റ് ഫ്രീ ആയ കർളി ഫ്രണ്ട്ലി ആയ ഏതെങ്കിലും കണ്ടീഷണർ ഉപയോഗിച്ച് മുടി ചെട കളഞ്ഞു കണ്ടീഷനിംഗ് ചെയ്യാം. ഇതിൽ തന്നെ കണ്ടീഷണർ മുടിയിൽ പുരട്ടി ഇരുപത് മിനിറ്റോളം ഇരുന്ന ശേഷം കഴുകുന്ന ഡീപ് കണ്ടീഷനിംഗ് രീതി ആഴ്ചയിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. അല്ലാത്തപ്പോൾ സാധാരണ രീതിയിൽ കണ്ടീഷണർ ഉപയോഗിക്കാം. 

 

സ്റ്റെപ്പ് 4:

നല്ല ബ്രാൻഡ് നോക്കി ക്രീം, ജെൽ പോലെയുള്ള സ്‌റ്റെയ്‌ലിംഗ് വസ്തുക്കൾ ഉപയോഗിച്ച് മുടി നന്നായി സ്റ്റൈൽ ചെയ്യുകയാണ് അടുത്ത പടി.

 

സ്റ്റെപ്പ് 5:

മൈക്രോ ഫൈബർ ടവൽ ഉപയോഗിച്ച് നന്നായി സ്ക്രഞ്ച് ചെയ്യുക( ഉപയോഗിക്കാത്ത ടീ ഷർട്ടും ഇതിനു നല്ലതാണ്) . -മുടി മുകളിലേയ്ക്ക് അതെ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കാം. 

 

സ്റ്റെപ്പ് 6:

കൂടുതൽ ഭംഗിയുള്ള ചുരുളിച്ചയുണ്ടാകാൻ ഡിഫ്‌യുസർ ഉപയോഗിച്ച് ചൂട് ആക്കാതെ സാധാരണ താപനിലയിൽ മുടിയിൽ കാറ്റ് കൊടുക്കാം.അത്തരത്തിൽ ഉണ്ടാക്കുമ്പോൾ കൂടുതൽ ഉള്ളു തോന്നിക്കുകയും ചെയ്യും. 

 

ലോകത്തിൽ മുഴുവൻ തന്നെ ചുരുണ്ട മുടിക്കാരായ സുന്ദരിമാർ ഈ രീതി പിന്തുടരുന്നുണ്ട്. വില കൊടുത്ത് ഇത്തരം മുടിയെ സംരക്ഷിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു പകരം വീടുകളിൽ നിന്ന് ലഭിക്കുന്ന നിരവധി വസ്തുക്കളും ചുരുണ്ട മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാം. ഓട്ട്സ്, വെണ്ടയ്ക്ക, വിവിധ തരം പഴങ്ങൾ, അരിപ്പൊടി എന്നിവ അവയിൽ കുറച്ചു വസ്തുക്കൾ മാത്രം. സാധാരണ നനഞ്ഞ മുടി ചീകാൻ പാടില്ലെന്ന് വീട്ടിലെ കാരണവന്മാർ പറയും, എന്നാൽ ചുരുണ്ട മുടി നനഞ്ഞിരിക്കുമ്പോൾ തന്നെ ചീകി സ്റ്റൈൽ ചെയ്തിട്ടാൽ ഉണങ്ങുമ്പോൾ മനോഹരമായി കിടക്കും. ഉണങ്ങിക്കഴിഞ്ഞ മുടി ചീകാനും പാടില്ല. സി ജി എമ്മിൽ പിന്തുടരുന്ന മറ്റൊരു പ്രധാന വിഷയം മുടി നിത്യേന കഴുകരുത് എന്നതാണ്.  ഷാമ്പൂ, ഡീപ് കണ്ടീഷങ്ങിങ് എന്നിവ ചെയ്ത് സ്റ്റൈൽ ചെയ്ത മുടി എല്ലാ ദിവസവും വെള്ളം ഉപയോഗിച്ച് സ്പ്രേ ചെയ്തു സ്റ്റൈൽ ചെയ്തിടാം. അങ്ങനെ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും ഇത് ശീലമായാൽ എളുപ്പമാണ്, ഒപ്പം ആത്മവിശ്വാസം പച്ചപിടിച്ച് കയറും.

 

Content Summary: Curly Girl Method for Curly Hair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com