ADVERTISEMENT

കണ്ണാടി പൂങ്കാവിലിൽ നാണമെന്തേ, കള്ള നാണമെന്തേ... കണ്ണാടി പോലെയുള്ള കവിളുകളുടെ കാര്യം കവികളെല്ലാം എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഇതെങ്ങനെ ഈ കവിളിൽ കണ്ണാടി പോലെ മിനുപ്പും തുടുപ്പും വരുത്തുമെന്ന് മാത്രം ആർക്കും പറയാനറിയില്ല. സിനിമകളിലും മറ്റും കണ്ടിട്ടുള്ള താരങ്ങളുടെ കവിളുകളുടെ മിനുപ്പുകൾ കണ്ടു അവരുടെ സൗന്ദര്യ രഹസ്യം കണ്ടെത്താൻ നടന്നിരുന്ന കാലം പോയി, ഇപ്പോൾ എല്ലാവരും കൊറിയൻ സുന്ദരിമാരുടെ രഹസ്യങ്ങളുടെ പിന്നാലെയാണ്. കൊറിയൻ, ചൈനീസ് വെബ് സീരീസുകളും ബിടിഎസ് പോലെയുള്ള സംഗീത കൂട്ടായ്മകളും വൈദേശിക സൗന്ദര്യത്തിന്റെ കാരണങ്ങളിലേയ്ക്ക് ചിന്തിപ്പിക്കുന്നുണ്ട്. 

നല്ല തിളങ്ങുന്ന കണ്ണാടിക്കവിളുകൾ സ്വന്തമാക്കാൻ ഇതാ ചില ടിപ്‌സുകൾ. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാമെന്നതിനാൽ കയ്യിൽ നിന്ന് പണം ചിലവാകുമെന്ന ടെൻഷനും വേണ്ട. 

∙ തൈര് 

മുഖത്ത് പുരട്ടാൻ ഏറ്റവും നല്ലൊരു വസ്തു എല്ലാ അടുക്കളയിലും സുലഭമായി കിട്ടുന്ന ഒന്നാണ്, സംഭവം മറ്റൊന്നുമല്ല. തൈരാണ്‌. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും. എങ്ങനെയെന്ന് നോക്കാം.

1. തൈര് , മഞ്ഞൾപ്പൊടി, വിറ്റാമിൻ ഇ , തേൻ, എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. ഇരുപത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

2. തൈര് , കാപ്പിപ്പൊടി, തേൻ, എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് മാസ്ക് ആയി മുഖത്തിടാം. ഇത് ഇരുപത് മിനിട്ടിനു ശേഷം കഴുകാം.

3. തൈരിൽ അരിപ്പൊടി, ഗ്രീൻ ടീയുടെ പൊടി, തേൻ, എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീയുടെ പൊടി അതുമായി നന്നായി യോജിച്ചതിന് ശേഷം ഈ മാസ്ക് മുഖത്ത് തേയ്ക്കാം. മുഖത്തിനു വന്ന തിളക്കവും മിനുസവും നേരിട്ട് അനുഭവിച്ചറിഞ്ഞോളൂ. 

∙ കഞ്ഞിവെള്ളം

കഞ്ഞി വെള്ളം വളരെ നിസ്സാരമായി കാണുന്നവരാണ് നമ്മൾ. പനി വന്നാൽ ക്ഷീണത്തിനു ഇതിനേക്കാൾ നല്ലൊരു ഔഷധമില്ല. പക്ഷെ കക്ഷിയുടെ സൗന്ദര്യ സംരക്ഷത്തെക്കുറിച്ച് എത്ര പേർക്കറിയാം? കൊറിയൻ സുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ ഏറ്റവും മുന്നിലാണ് കഞ്ഞി വെള്ളം. മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കഞ്ഞി വെള്ളം. മുഖം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞി വെള്ളം കൊണ്ടുള്ള കൊറിയൻ സുന്ദരിമാരുടെ രഹസ്യകൂട്ടുകൾ ബെസ്റ്റാണ്. 

1. ടാനിന് നല്ലൊരു പരിഹാരമാണ് കഞ്ഞി വെള്ളം. കഞ്ഞിവെള്ളത്തിൽ ഒരു പഞ്ഞി മുക്കി മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ച ശേഷം പത്ത് മിനിട്ടു കഴിഞ്ഞു കഴുകി നോക്കൂ. ചർമ്മത്തിന് ഒരു കൂളിംഗ് ഫീൽ നൽകുന്നതിനാൽ ചൂട് കാലത്ത് ഈ കഞ്ഞി വെള്ളം മസാജ് വളരെ നല്ലതാണ്. 

2. മികച്ചൊരു ടോണർ ആണ് കഞ്ഞി വെള്ളം. ഇത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. കഞ്ഞി വെള്ളത്തിലേക്ക് ഒരൽപം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്ത് നിത്യവും ടോണർ ആയി സ്പ്രേ ചെയ്യാവുന്നതാണ്. 

3. കഞ്ഞി വെള്ളം ഐസ് ക്യൂബിൽ ഒഴിച്ച് കട്ടയാക്കി വച്ചിരുന്നാൽ അത്യാവശ്യത്തിനു എടുത്ത് ഉപയോഗിക്കാനാകും. എവിടെയെങ്കിലും പോയി വെയിൽ കൊണ്ട് കരിവാളിച്ചു വരുമ്പോൾ ഈ ക്യൂബ് മുഖത്ത് മെല്ലെ മസാജ് ചെയ്തു കൊടുത്താൽ മതിയാകും.  

4. കഞ്ഞി വെള്ളം, കറ്റാർ വാഴ ജെൽ, വിറ്റാമിൻ എ, അൽപ്പം ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിട്ടിനു ശേഷം മാസ്ക് കഴുകി കളയാം. 

5. കഞ്ഞി വെള്ളം, തേൻ, കടലമാവ് എന്നിവ നന്നായി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് മാസ്ക് ആയി ഇടാം. പത്തു മിനിട്ടിനു ശേഷം ഇത് കഴുകി കളയാം.

6. ഓട്സ് നന്നായി പൊടിച്ച ശേഷം പാലുമായി യോജിപ്പിക്കുക, ഇതിലേയ്ക്ക് കഞ്ഞി വെള്ളം കൂടി ഒഴിച്ച ശേഷം പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കാം. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകി കളയുക.

7. കഞ്ഞിവെള്ളത്തിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഒരു പത്ത് മിനിട്ടിനു ശേഷം കഴുകാം. 

Content Summary: Korean Secrets, Natural Tips To Get Glass Skin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com