പുറത്തിറങ്ങുമ്പോൾ, അല്ലെങ്കിൽ ഇഷ്ടപ്പെട്ടയാളോടൊപ്പം പുറത്തിറങ്ങുമ്പോൾ എല്ലാവരും നമ്മളെ നോക്കി കെള്ളാലോ എന്ന് പറയണമെന്നത് എല്ലാവരുടെയും ആഗ്രഹമായിരിക്കും. പ്രണയദിനത്തിലാണെങ്കിൽ കുറച്ചു കൂടുതൽ സ്വീകാര്യത കിട്ടിയാൽ ഗംഭീരമായിരിക്കുലേ...മേക്കപ്പിട്ട് ചുമ്മാ പുറത്തിറങ്ങിയാൽ ഭംഗി കൂടണമെന്നില്ല. മുഖം മിനുക്കൽ അത്ര സിമ്പിളല്ല. അതിനിതാ ചില പോംവഴികൾ.
അളവ് കൂടരുത്
മേക്കപ്പ് സിമ്പിൾ ആവുന്നതാണ് ഏറ്റവും നല്ലത്. കുറച്ചുകൂടുതൽ ഭംഗിയാവട്ടെ എന്നു കരുതി ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കുന്നത് നല്ലതല്ല. നിങ്ങളുടെ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് വേണം അത് തീരുമാനിക്കാൻ. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്.
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ
മുഖക്കുരു മറയ്ക്കാനായി ഫൗണ്ടേഷൻ ഉപയോഗിക്കാം. ഇതിനായി ഏതെങ്കിലും ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം. മുഖത്ത് എണ്ണമയം അമിതമാണെങ്കിൽ കോംപാക്റ്റ് പൗഡർ ഉപയോഗിക്കാം.
രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ
രാത്രി സമയത്ത് ഫൗണ്ടേഷൻ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ ഒരു വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ മാത്രം ഉപയോഗിക്കുക. മുഖത്തിന് കൂടുതൽ തിളക്കം തോന്നിക്കാൻ ഇത് സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം.
മിഴികൾ തിളങ്ങാൻ
കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കൺപീലികളെയും ശ്രദ്ധിക്കണം. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം. ഇത് കണ്ണിൻറെ സൗന്ദര്യം ഇരട്ടിപ്പിക്കും.
ചുണ്ടിന്
ചുണ്ടുകൾക്ക് എപ്പോഴും ഭംഗികൂടാനായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുമ്പ് ലിപ് ബാം പുരട്ടാം. പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കുന്നതും നല്ലതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക.
Content Summary: Makeup tips for Valaentines day