ശംഖു പുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും... വേലിപ്പടർപ്പിലും മുറ്റത്തെ മരങ്ങളിലുമൊക്കെ പടർന്നു കയറുകയും നല്ല ഭംഗിയുള്ള വയലറ്റും വെള്ളയുമൊക്കെ നിറങ്ങളിലുള്ള പൂവുകൾ വിടർത്തി നിൽക്കുമ്പോൾ ആരെങ്കിലും അറിയുന്നുണ്ടോ ശകുന്തളയെ മാത്രമല്ല ഇതിന്റെ സൗന്ദര്യ വശങ്ങൾ കൂടി ഓർമ വരേണ്ടതുണ്ടെന്നു!
ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ശംഖുപുഷ്പത്തിനുണ്ടെന്നു നമുക്കറിയാം. കാലങ്ങളായി അതിനെക്കുറിച്ച് എല്ലാവരും പറഞ്ഞു കേൾക്കാറുമുണ്ട്. എന്നാൽ മുടിക്കും ചർമത്തിനും ശംഖു പുഷ്പം തരുന്ന അദ്‌ഭുതങ്ങൾ ചെറുതല്ല. ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർടീസ് അടങ്ങിയ ശംഖുപുഷ്പത്തിൽ പ്രായത്തിനെ പിടി വിടാതെ ചർമം യൗവ്വനത്തിൽ തന്നെ നിർത്താനുള്ള ശേഷിയുണ്ട്. പ്രായമാകുമ്പോൾ ചർമത്തിന്റെ ഇലാസ്തികത കുറയുന്ന പ്രതിഭാസത്തെ ഒരു പരിധിവരെ ഇത് തടഞ്ഞു നിർത്തും. ആന്റി ഇൻഫ്ളമേറ്ററിയായി പ്രവർത്തിക്കുന്നതുകൊണ്ടു ചർമത്തിനുണ്ടാകുന്ന റാഷസ്, മറ്റു ബുദ്ധിമുട്ടുകൾ ഒക്കെ കുറയ്ക്കാനും ശംഖു പുഷ്പം ഉപയോഗിക്കാം. മാത്രമല്ല ചർമത്തിന്റെ തിളക്കം ഇത് കൂട്ടുകയും ചെയ്യുന്നുണ്ട്.
ശംഖു പുഷ്പത്തിന്റെ ചില ഗുണങ്ങൾ
∙ മുഖത്തിന് പുതുജീവൻ കൊടുത്ത് തിളക്കം കൂട്ടാം.
∙ ചുറ്റുപാടിൽ നിന്നും ചർമത്തിന് ഏൽക്കുന്ന ഹാനികരമായ പ്രശ്നങ്ങളായ അൾട്രാ വയലറ്റ് രശ്മികൾ പോലെയുള്ളവയിൽ നിന്ന് ആശ്വാസം
∙ ചർമത്തിന്റെ ഓക്സീകരണത്തിനു സഹായിക്കുന്നു.
∙ കൊളാജന് ലെവൽ കൂട്ടുന്നതുകൊണ്ടു ചുളിവുകളും മറ്റും വീഴാതെ സൂക്ഷിക്കുന്നു.
∙ ചർമത്തിൽ മോയിസ്ചറൈസർ നിലനിർത്താൻ സഹായിക്കുന്നു.
∙ ശംഖു പുഷ്പം ജെൽ
വെളുത്ത പൂക്കളേക്കാൾ നീല ശംഖു പുഷ്പത്തിനാണ് ഗുണങ്ങൾ കൂടുതൽ. പൂക്കൾ ഒരു പാത്രത്തിൽ എടുത്ത ശേഷം അതിലേയ്ക്ക് ആവശ്യത്തിന് റോസ് വാട്ടർ ഒഴിച്ച് വയ്ക്കാം. അഞ്ചു മണിക്കൂറിനു ശേഷം പൂക്കളുടെ നിറം റോസ് വാട്ടറിലേയ്ക്ക് പടർന്നത് കാണാം. ഈ വെള്ളത്തിലേക്ക് അല്പം കറ്റാർ വാഴ ജെല്ലും ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂളും ചേർക്കുക. നന്നായി മിക്സ് ചെയ്യുക. രാത്രിയിൽ മുഖം വൃത്തിയായി കഴുകിയ ശേഷം മുഖത്ത് തേച്ച് മസാജ് ചെയ്യാം. ഇത് മുഖത്തിന് തിളക്കം കൂട്ടാനും പ്രായം കുറയ്ക്കാനും സഹായിക്കും.
∙ ശംഖു പുഷ്പം ടോണർ
ഒരു ജാറിൽ കുറച്ചു റോസ് വാട്ടറെടുത്ത് അതിൽ കുറച്ച് ശംഖു പുഷ്പം പൂവുകൾ ഇട്ടു വയ്ക്കുക. സൂര്യപ്രകാശം തട്ടാതെ നോക്കണം. ഇരുപത്തിനാലു മണിക്കൂർ കഴിയുമ്പോൾ ഇതിലെ നീല വെള്ളം മാത്രം എടുത്ത് കുറച്ച് ഗ്ലിസറിൻ കൂടി ചേർത്ത് നന്നായി കുലുക്കി സ്പ്രേ ചെയ്യാൻ പറ്റുന്ന കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം രാവിലെയും വൈകുന്നേരവും മുഖത്ത് സ്പ്രേ ചെയ്യാവുന്നതാണ്.
∙ ശംഖു പുഷ്പം മാസ്ക്
ശംഖു പുഷ്പം പൂക്കളിലേയ്ക്ക് ആവശ്യത്തിന് ജലമൊഴിച്ച് നിറം പടരാൻ അനുവദിക്കുക. കുറച്ചു നേരത്തിനു ശേഷം നീല നിറമുള്ള വെള്ളം മാറ്റി പകർത്തിയ ശേഷം ഇതിലേയ്ക്ക് വെള്ളത്തിന് ആനുപാതികമായി അരിപ്പൊടി ചേർക്കാം. ഒപ്പം, തേൻ, കറ്റാർവാഴ ജെൽ എന്നിവയും ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിറ്റിന് ശേഷം ശുദ്ധമായ ജലത്തിൽ കഴുകി കളയുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് ചർമത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.
∙ ശംഖു പുഷ്പം ഫെയ്‌സ് ക്രീം
ഒരു ജാറിൽ കുറച്ചു വെള്ളം എടുത്ത് പൂക്കൾ ഇട്ടു വയ്ക്കുക. അതിന്റെ നിറം പടർന്നു കഴിഞ്ഞാൽ ഈ ജലത്തിനൊപ്പം തന്നെ പൂക്കളും (അടിയിലുള്ള പച്ച ഞെട്ട് കളയുക) അരച്ച് പേസ്റ്റാക്കിയെടുക്കാം. തുടർന്ന് ഇത് നന്നായി അരിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർന്നു വയ്ക്കുക. ശംഖു പുഷ്പത്തിന്റെ ഈ ക്രീമി ആയ കൂട്ടിലേക്ക് അൽപ്പം കോൺഫ്ലോർ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് തിളപ്പിക്കാൻ വയ്ക്കുക. ശംഖു പുഷ്പം കൂട്ട് ഇതിൽ വച്ച് ഡബിൾ ബോയിൽ ചെയ്ത് എടുക്കാം. ചൂടാവുന്തോറും ഈ കൂട്ടിന്റെ രീതി തന്നെ മാറി വരുന്നത് കാണാനാകും.
മറ്റൊരു പാത്രത്തിൽ അൽപ്പം കറ്റാർവാഴ ജെൽ എടുത്ത് അതിൽ രണ്ടു വിറ്റാമിൻ ഇ കാപ്സ്യൂൾ, ആർഗൻ ഓയിൽ (ഓപ്‌ഷണൽ) എന്നിവ ചേർത്ത് നന്നായി ക്രീം പരുവത്തിൽ യോജിപ്പിച്ച് എടുക്കാം. അതിനു ശേഷം ഈ കൂട്ട് ശംഖു പുഷ്പം തയ്യാർ ചെയ്തു വച്ചിരിക്കുന്നതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് ഇളക്കി എടുക്കാം. കറ്റാർവാഴയുടെയും വിറ്റാമിൻ ഇ യുടെയും ശംഖു പുഷ്പത്തിന്റെയുമൊക്കെ ഗുണങ്ങളാൽ സമൃദ്ധമാണ് ഈ ക്രീം. ഇത് പതിവായി മുഖത്ത് ഉപയോഗിക്കാവുന്നതാണ്.
Cotent Summary: Homeremedies for glowing skin with Shankupushpam