എല്ലാ പ്രായത്തിലുള്ളവരെയും ഒരുപോലെ അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. ചെറിയൊരു മുഖക്കുരു വന്നാൽ പോലും പലരും അസ്വസ്ഥരാകാറുണ്ട്. ഇനി ദിവസങ്ങൾക്കുള്ളിൽ അത് പോയാലും പാടുകൾ അങ്ങനെ തന്നെ നിലനിൽക്കും. അഴുക്കും മൃതകോശങ്ങളും ചർമത്തിൽ അടിഞ്ഞു കൂടുന്നതു മൂലം സുഷിരങ്ങള്‍ അടഞ്ഞു പോകും. ഇത് ചർമത്തിൽ അമിതമായി എണ്ണ ഉൽപ്പാദിപ്പിക്കുന്നതു കൊണ്ടാണ് മുഖക്കുരു ഉണ്ടാകുന്നത്. മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണവും മുഖക്കുരു ഉണ്ടാകാം. എന്നാൽ മുഖക്കുരു സൗന്ദര്യം നശിപ്പിച്ചെന്ന് ചിന്തിച്ച് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ തന്നെ പ്രയോഗിക്കാവുന്ന ഈ ടിപ്സ് പരീക്ഷിക്കാം.
∙ വാളൻ പുളി
അടുക്കളയിൽ സുലഭമായി കിട്ടുന്ന വാളൻപുളി മുഖക്കുരു ഇല്ലാതാക്കാൻ മികച്ച പോംവഴിയാണ്. പുളിയിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് മൃതകോശങ്ങളെയും മുഖത്തെ അഴുക്കിനെയും നീക്കം ചെയ്യും. പുളിയ്ക്കൊപ്പം തേനും നാരങ്ങാനീരും ചേർത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടുന്നത് നല്ലതാണ്. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.
Read More: അമ്മമാർക്കും വേണം സൗന്ദര്യ സംരക്ഷണം, ഇതാ ചില നുറുങ്ങുവഴികൾ
∙ നാരങ്ങയുടെ തൊലി
മുഖക്കുരു തടയാൻ നാരങ്ങയുടെ തൊലി ഉപയോഗിക്കുന്നത് നല്ലതാണ്. നാരങ്ങയുടെ തൊലിയെടുത്ത് അരച്ച് അതിലേക്ക് റോസ് വാട്ടർ ചേർത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 10 മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാം. പഴത്തൊലി മുഖക്കുരു ഉള്ള ഭാഗങ്ങളിൽ ഉരസുന്നതും നല്ലതാണ്.
∙ കറുവപ്പട്ടയും തേനും
കറുവപ്പട്ടയിലും തേനിലും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അര ടീസ്പൂൺ കറുവപ്പട്ട പൊടിച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ തേൻ യോജിപ്പിക്കുക. ശേഷം കിട്ടുന്ന മിശ്രിതം മുഖക്കുരുവുള്ള ഭാഗങ്ങളിൽ പുരട്ടാം. 30 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം.
Read More: പല്ലിന്റെ മഞ്ഞ നിറമോർത്ത് ഇനി ടെൻഷനടിക്കേണ്ട, പരീക്ഷിക്കാം ഈ 5 ടിപ്സ്
∙ ഐസ്
മുഖക്കുരു തടയാൻ ഏറ്റവും എളുപ്പവും മികച്ചതുമായ പോംവഴിയാണ് ഐസ്. മുഖക്കുരുവിന് മുകളിൽ ഐസ് ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. ഏകദേശം 3 മിനിറ്റോളം ഇങ്ങനെ മസാജ് ചെയ്യാം. ദിവസത്തിൽ രണ്ടു തവണ ഇത് ചെയ്യാവുന്നതാണ്.
∙ ഉരുളക്കിഴങ്ങ്
എളുപ്പത്തിൽ വീട്ടിൽ നിന്ന് ലഭിക്കുന്ന ഉരുളക്കിഴങ്ങ് മുഖക്കുരുവിനെ തടയാൻ മികച്ച പോംവഴിയാണ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം അത് അരച്ചെടുത്ത് മുഖക്കുരുവിൽ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് ഗുണപ്രദമാണ്.
Content Summary: 5 tips for getting rid of acne