ADVERTISEMENT

നമ്മുടെ ലൈഫ്സ്റ്റൈൽ ഈസിയാക്കുന്നതിൽ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - എഐ) വഹിക്കുന്ന പങ്ക് പറയാതെ വയ്യ. മൊബൈൽ ഫോണുകളിലെ ഫേഷ്യൽ റെ‍‍ക്ക​ഗ്‌നിഷൻ, വോയ്സ്   അസിസ്റ്റന്റ് സംവിധാനങ്ങളിൽ മുതൽ സ്മാർട്ട് ഹോമുകളിലും സെൽഫ് ഡ്രൈവിങ് കാറുകളിലും വരെ നിർമിതബുദ്ധിയുടെ പ്രവർത്തനം കാണാം. വിദ്യാഭ്യാസം, കാർഷികം, ആരോ​ഗ്യം എന്നിങ്ങനെ പല മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുന്ന എഐ ഇപ്പോൾ സൗന്ദര്യസംരക്ഷണ രംഗത്തും സ്റ്റാറാണ്!

സ്കിൻ, ഹെയർ എന്നിവയുടെ പരിരക്ഷയുമായി ബന്ധപ്പെട്ട് നമുക്കുള്ള സംശയങ്ങൾ തീർക്കാനും ചർമത്തിനിണങ്ങുന്ന സൗന്ദര്യവർധക വസ്തുക്കൾ തിരഞ്ഞെടുക്കാനുമെല്ലാം എഐ സഹായം ലഭ്യമാണ്. 

ലോകോത്തര കോസ്മറ്റിക് ബ്രാൻഡുകൾ പലതും തങ്ങളുടെ പ്രോഡക്ടുകളുടെ മാർക്കറ്റിങ്ങിലും എഐയുടെ ഇത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിനായി തങ്ങളുടെ ആപ്പിലോ വെബ്സൈറ്റിലോ എത്തുന്ന യൂസർക്ക് മികച്ച എക്സ്പീരിയൻസ് ഒരുക്കാനും അവർക്ക് അതുവഴി സാധിക്കുന്നു. നിങ്ങളുടെ ചർമത്തിന്റെ പ്രത്യേകതകൾക്ക് അനുയോജ്യമായ സൗന്ദര്യവർധക വസ്തുക്കൾ നിർദേശിക്കാനായി, ചില ചോദ്യങ്ങൾ ചോദിക്കുകയാണ് പല കോസ്മറ്റിക് ​ബ്രാൻഡുകളുടെ വെബ്സൈറ്റുകളും ആദ്യം ചെയ്യുന്നത്. 

പ്രായം, ഡയറ്റ്, ജോലിയുടെ സ്വഭാവം, വെയിലേൽക്കുന്നതിന്റെ തോത്, ചർമത്തിന്റെ ഘടന, ​ചർമരോ​ഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള ചോദ്യങ്ങൾക്ക്     നിങ്ങൾ നൽകുന്ന ഉത്തരങ്ങളെ    നിർമിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത ശേഷം, തങ്ങളുടെ പ്രോഡക്ടുകളിൽ നിന്ന് ഉചിതമായവ നിർദേശിക്കുന്നതാണ് രീതി.

എഐ പറയും,സെലിബ്രിറ്റിയുടെ മേക്കപ്  പ്രോഡക്ടുകൾ

നിങ്ങളുടെ റിയൽ-ടൈം സെൽഫിയോ അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോയോ സ്കാൻ ചെയ്ത് ചർമത്തിന്റെ ആരോ​ഗ്യം വിലയിരുത്താൻ സാധിക്കുന്ന സാങ്കേതികവിദ്യയും നിലവിൽ ലഭ്യമാണ്. ഡാർക് സ്പോട്ടുകൾ, ചുളിവുകൾ, മറ്റ് ചർമപ്രശ്നങ്ങൾ തുടങ്ങിയവ എഐ സഹായത്തോടെ കണ്ടെത്തി. ചർമസംരക്ഷണത്തിന് ആവശ്യമായ വൈറ്റമിനുകൾ, ചികിത്സകൾ എന്നിവ നിർദേശിക്കുകയും ചെയ്യും. എങ്കിലും, ഒരു ഡോക്ടറുടെ സേവനത്തിന് പകരമായി കരുതാവുന്നതല്ല ഇവയൊന്നുമെന്നതും നാം തിരിച്ചറിയണം. 

എന്നാൽ, നമ്മുടെ ഭക്ഷണരീതികൾ, വെയിലേൽക്കൽ എന്നിങ്ങനെ പല ഘടകങ്ങൾക്കനുസരിച്ച്  ചർമത്തിലുണ്ടാകുന്ന മാറ്റങ്ങൾ  ട്രാക്ക് ചെയ്യാനും ചർമസംരക്ഷണം മെച്ചപ്പെടുത്താനുമുള്ള  ഒരു സ​ഹായി എന്ന രീതിയിൽ    ഇവയെ ഉപയോഗപ്പെടുത്താം.കൂടാതെ, നിങ്ങൾക്കൊരു സെലിബ്രിറ്റിയുടെ മേക്കപ് ഇഷ്ടപ്പെട്ടെങ്കിൽ അതു ഡീകോഡ് ചെയ്യാനും എഐ സ​ഹായിക്കും. ആ ലുക്ക് ഒരുക്കാൻ ഏതൊക്കെ പ്രോഡക്ടുകൾ, ഏതു രീതിയിലൊക്കെ അവർ ഉപയോഗിച്ചിട്ടുണ്ടെന്ന് എഐ കണ്ടെത്തി പറ‍ഞ്ഞുതരും.

കോസ്മറ്റിക് മേഖലയിലെ വിദ​ഗ്ധർക്കും മേക്കപ് ആർടിസ്റ്റുകൾക്കും      വ്യത്യസ്തമായ പ്രോഡക്ടുകളും പുതിയ ലുക്കുകളും പരീക്ഷിക്കാനും പ്രാക്ടീസ് ചെയ്യാനുമുള്ള ഡിജിറ്റൽ സൗകര്യവും എഐ ഒരുക്കുന്നു. 

അതുപോലെ, നിങ്ങളുടെ സ്കിൻ ടോണിനു ചേരുന്ന ഫൗണ്ടേഷൻ, ലിപ്സ്റ്റിക് തുടങ്ങിയവ വെർച്വലായി ട്രൈ ചെയ്തുനോക്കി ഇഷ്ടപ്പെടുന്നവ തിരഞ്ഞെടുക്കാനുള്ള സൗകര്യവും പല ​ബ്രാൻഡുകളുടെയും വെബ്സൈറ്റുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

ലൊസാഞ്ചലസ് ആസ്ഥാനമായുള്ള ലക്ഷ്വറി കോസ്മറ്റിക് ​ബ്രാൻഡ് സ്മാഷ്ബോക്സിന്റെ അംബാസഡർമാർ വരെ എഐ ജനറേറ്റഡ് ആണെന്നറിയുമ്പോൾ, ആരായാലും പറഞ്ഞും പോകും ‘കാലം പോകുന്നൊരു പോക്കേ...’ 

English Summary:

The Future of Skincare: AI-Driven Insights and Recommendations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com