മഴക്കാലത്ത് കാൽനഖ സംരക്ഷണത്തിന് കറ്റാർവാഴയും മഞ്ഞളും; ഉപ്പ് ചില്ലറക്കാരനല്ല!

Mail This Article
മഴക്കാലം ഇങ്ങെത്തി, കാലിൽ കുഴിനഖം ഉണ്ടെങ്കിൽ കൃത്യമായ പരിചരണം ഈ സമയത്ത് നൽകിയേ തീരു. നഖത്തിന് ചുറ്റുമുള്ള ചര്‍മത്തിലുണ്ടാകുന്ന നീര്‍വീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളില്‍ നനവ് ഉണ്ടാക്കുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും ഈ പ്രശ്നം ഉണ്ടാവാം.
നഖത്തിനു കൃത്യമായ ശ്രദ്ധ കൊടുത്താൽ ഈ പ്രശ്നം നമുക്ക് ഒഴിവാക്കാൻ സാധിക്കും. അതായത് നഖത്തിന്റെ അറ്റത്ത് അഴുക്ക് അടിഞ്ഞ് കൂടുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന കാരണം. കൃത്യമായി നഖം വെട്ടി വ്യത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. നഖത്തിൽ നിറവ്യത്യാസമോ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കുക കാരണം അത് കുഴിനഖം ആകാനുള്ള സാധ്യതയുണ്ട്. കുഴിനഖത്തിൽ നിന്നും രക്ഷനേടാനുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
കറ്റാർവാഴ മഞ്ഞൾ മിശ്രിതം
ആന്റി ബാക്ടീരിയിൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. അതുപോലെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. അതുകൊണ്ട് തന്നെ കുറച്ച് കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും മാത്രം മതി ഈ കൂട്ട് തയാറാക്കാൻ. ഇവ രണ്ടും നന്നായി യോജിപ്പിച്ച്, ഈ മിശ്രിതം കുഴി നഖമുള്ള ഭാഗത്ത് വച്ച് നന്നായി കെട്ടി വയ്ക്കുക. ശേഷം ഇത് കഴുകി കളഞ്ഞ് നന്നായി കാലുകൾ കഴുകി വൃത്തിയാക്കുക. ശേഷം വിരലുകൾ നന്നായി തുടച്ച് ഉണക്കാൻ മറക്കരുത്.

ഉപ്പ് ചില്ലറക്കാരനല്ല
കുഴിനഖം അകറ്റാൻ ഏറ്റവും മികച്ച മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തില്‍ കാല് മുങ്ങാൻ പാകത്തില്‍ ചൂടുവെള്ളം എടുക്കുക. അതില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്തശേഷം കാല്‍ മുക്കി വയ്ക്കുക. കാല്‍ പുറത്തെടുത്ത് വിരലുകളില്‍ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തില്‍ ഒരു കപ്പ് ഉപ്പ് ചേര്‍ത്ത് അരമണിക്കൂര്‍ കാല്‍ അതില്‍ മുക്കിവയ്ക്കുക. ദിവസവും ഇത് തുടരാവുന്നതാണ്.
വിനാഗിരി ഫലപ്രദമായ ഔഷധം
വിരലുകളെ ബാധിക്കുന്ന പൂപ്പല്‍ബാധയ്ക്ക് എതിരായ ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് ഇത്. ഇതിനായി ആപ്പിള്‍ സൈഡര്‍ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഉപയോഗിക്കാം. അരമണിക്കൂര്‍ നേരം വിനാഗിരി ലായനിയില്‍ കാലുകള്‍ മുക്കിവയ്ക്കുക. ശേഷം ഇതിൽ തുല്യ അളവില്‍ വെള്ളം ചേര്‍ത്ത് കുഴിനഖമുള്ള കാലുകള്‍ ദിവസത്തില്‍ മൂന്നു നേരം കഴുകുക. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കാം.
നാരങ്ങാനീര് ഉപയോഗിക്കാം
കുഴിനഖം തടയാൻ ഏറ്റവും മികച്ചതാണ് ചെറുനാരങ്ങയുടെ നീര്. കുഴിനഖമുള്ള ഭാഗത്ത് നാരങ്ങ നീര് പുരട്ടുന്നത് പൂപ്പൽ കുറയാൻ സഹായിക്കുന്നു. അതുപോലെ തന്നെ നഖത്തിന് ചുറ്റും വേപ്പണ്ണ പുരട്ടി മസാജ് ചെയ്യുന്നതും കുഴിനഖം മാറാൻ സഹായിക്കും. എല്ലാം ചെയ്തതിന് ശേഷം കാലുകൾ നല്ല രീതിയിൽ തോർത്തി ഉണക്കാൻ ഒരിക്കലും മറക്കരുത്.