ADVERTISEMENT

കുഞ്ഞുങ്ങളുടെ ചർമസംരക്ഷണ ഉത്പന്നങ്ങളോട് മുതിർന്നവർക്കും പ്രത്യേക മമതയുണ്ട്. അത് ബേബി പൗഡർ ആയാലും, ഓയിൽ ആയാലും കണ്മഷി ആയാൽ പോലും. കുഞ്ഞുവാവയുടെ മണമുള്ള സോപ്പും ക്രീമും ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്ന ധാരാളം ആളുകളും ഉണ്ട്. എന്നാൽ മുതിർന്ന ആളുകൾ ഇതൊക്കെ ഉപയോഗിക്കുന്നത് നല്ലതാണോ? സത്യത്തിൽ ഇക്കാര്യത്തിന് രണ്ട് വശങ്ങളുണ്ട്. അവ നമുക്കൊന്ന് കൃത്യമായി മനസിലാക്കാം.

പാർശ്വഫലങ്ങളില്ല എന്ന വിശ്വാസം

കുട്ടികൾക്കായുള്ള ഉൽപന്നങ്ങൾക്ക് പൊതുവേ പാർശ്വഫലങ്ങളില്ല എന്ന ഒരു വിശ്വാസമുണ്ട്. എന്നാൽ അങ്ങനെയല്ല, കുട്ടികളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോഴും അതിലെ ചേരുവകൾ മൂലം യാതൊരുവിധ അലർജിയും ശരീരത്തിലുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഉപയോഗം തുടങ്ങും മുൻപായി ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി പാച്ച് ടെസ്റ്റ് നടത്തുക.

അലർജിയും ഉദ്ദേശഫലവും

സാധാരണയായി കുഞ്ഞുങ്ങൾക്കായുള്ള സോപ്പ്, ക്രീം , മോയ്സ്ചറൈസർ തുടങ്ങിയ ഉൽപ്പന്നങ്ങൾ മുതിർന്നവർക്ക് ഹാനീകരമല്ലെങ്കിലും ചില പ്രത്യേക സന്ദർഭങ്ങളിൽ അലർജി പോലുള്ള അവസ്ഥകൾക്ക് കാരണമാകാറുണ്ട്. ഇനി അലർജികൾ ഒന്നും ഇല്ലെന്നിരിക്കട്ടെ എല്ലാ ബേബി പ്രോഡക്റ്റുകളും ഉദ്ദേശിക്കുന്ന ഫലം ചെയ്യണമെന്നില്ല. അതിലുള്ള പ്രധാനകാരണം, ഇവ വളരെ മൃദുവായ ഉത്പന്നങ്ങളാണെന്നതാണ്.

അഴുക്ക് പോവില്ല

ഇത് പ്രധാനമായും ബേബി സോപ്പ് ഉപയോഗിക്കുന്നവർ ആണ് ശ്രദ്ധിക്കേണ്ടത്. വിയർത്തിട്ടോ അല്ലെങ്കിൽ ചെളിയിലോ മണ്ണിലോ ഒക്കെ പണി എടുത്ത് വരുന്ന അവസ്ഥയിൽ മുതിർന്ന ഒരു വ്യക്തിക്ക് ശരീരം വൃത്തിയാക്കാൻ ബോഡി വാഷ് കൊണ്ടുള്ള കുളി നല്ല ഫലം നൽകില്ല. കാരണം ശിശുക്കളുടെ ശരീരം പൊതുവേ അഴുക്കും എണ്ണയും ഇല്ലാത്തവയാണ്. അതിനാൽ തന്നെ അവർക്കായുള്ള ഉൽപന്നങ്ങളും മൃദുസ്വഭാവമുള്ളവയായിരിക്കും. മുതിർന്നവരുടെ അഴുക്കേറിയ അവസ്ഥയിലുള്ള ശരീരം വൃത്തിയാക്കാൻ ഇത് പര്യാപ്തമാകില്ല.

ഗുണം ചെയ്യുന്നത് ആർക്ക്

കെമിക്കലുകൾ അധികം യോജിക്കാത്ത, വളരെ സെൻസിറ്റീവ് ആയ ചർമം ഉള്ള വ്യക്തികൾക്ക് ബേബി പ്രോഡക്റ്റ്സ് ഗുണം ചെയ്യും. "ഹൈപ്പോഅലോർജെനിക്" എന്ന ലേബലോടെയാണ് ബേബി പ്രോഡക്റ്റുകൾ വിപണിയിലെത്തുന്നത്. ഇതിനർഥം അലർജിക്ക് കാരണമാകുന്ന ചേരുവകൾ ചേർക്കാത്ത ഉൽപ്പന്നമെന്നാണ്. കുഞ്ഞുങ്ങളുടെ മൃദുവായ ചർമത്തെ സംരക്ഷിക്കുന്ന ഈ ഉൽപന്നങ്ങൾ വരണ്ടതോ , സെൻസിറ്റിവ് ആയതോ ആയ ചർമത്തെ സംരക്ഷിക്കുന്നു. സെൻസിറ്റിവ് ചർമം ഉള്ളവർക്ക് മുതിർന്നവർക്കായുള്ള ചർമ സംരക്ഷണ ഉൽപന്നങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് ഹാനികരമാണ്. ഇതിലൂടെ, ചർമം കൂടുതൽ വരളാനുളള സാധ്യത ഏറെയാണ്. കുഞ്ഞുങ്ങൾക്കായുള്ള ഉൽപന്നങ്ങൾ ഇത്തരം അവസ്ഥകൾ ഒഴിവാക്കുന്നു.

ഇക്കാര്യവും ശ്രദ്ധിക്കാം

പല ഓർഗാനിക് ബേബി ഉൽപന്നങ്ങളും മൾട്ടി പർപ്പസ് ആണ് എന്നതും ഗുണകരമാണ്. ഉദാഹരണമായി പറഞ്ഞാൽ ബേബി ഓയിൽ ചർമത്തെ മോയ്സ്ചറൈസ് ചെയ്യാനും നരച്ച മുടിക്കും മേക്കപ്പ് നീക്കം ചെയ്യാനും ഒക്കെ ഉപയോഗിക്കാം. ബേബി പ്രോഡക്ട് വാങ്ങുമ്പോൾ ആൽക്കഹോൾ ഫ്രീ, പാരബെൻ ഫ്രീ, കോമഡോജെനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക. കറ്റാർ വാഴ, ചമോമൈൽ, കുക്കുമ്പർ, ഗ്രീൻ ടീ അല്ലെങ്കിൽ ഓട്‌സ് പോലുള്ള ഘടകങ്ങൾ ഉൾപ്പെടുന്നവയും വാങ്ങിക്കാവുന്നതാണ്.

English Summary:

Why Baby Skin Care Products Are Popular Among Adults

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com