രുചി വർധിപ്പിക്കാൻ മാത്രമല്ല; സൗന്ദര്യ സംരക്ഷണത്തിലും വെളുത്തുള്ളി താരമാണ്!
Mail This Article
കറിയിൽ വെളുത്തുള്ളി ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ നിങ്ങൾ എപ്പോഴെങ്കിലും വെളുത്തുള്ളി ഉപയോഗിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനിയും വൈകിയിട്ടില്ല. ചർമത്തിൽ മാജിക് തീർക്കാൻ കഴിവുള്ളതാണ് വെളുത്തുള്ളി. മുഖക്കുരു മാറ്റാനും ബ്ലാക് ഹെഡ്സ് ഇല്ലാതാക്കാനുമൊക്കെ വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളി കൊണ്ടുള്ള ഉപയോഗങ്ങളും അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നും നോക്കാം
മുഖക്കുരു പമ്പകടക്കും
മുഖക്കുരുവിനെതിരെ ഉള്ള മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി. ഇതിലെ ആൻഡി ഓക്സിഡന്റുകൾ ചർമത്തിലെ ഇൻഫെക്ഷനുകളെ ഇല്ലാതാക്കുകയും മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം. മാറ്റം കണ്ടറിയാൻ സാധിക്കും.
സ്ട്രെച്ച് മാർക്കിനോട് വിടപറയാം
ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ആണ് ഇതിന് സഹായിക്കുന്നത്. ചതച്ച വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിനോടൊപ്പം കലർത്തി ഈ മിശ്രിതം ചൂടാക്കുക. ഇത് സാധാരണ ഊഷ്മാവിൽ ചുടാറാൻ അനുവദിച്ച ശേഷം നിങ്ങളുടെ സ്ട്രെച്ച് മാർക്കുകളിൽ തടവാം. ഒരാഴ്ചയോളം ഇടയ്ക്കിടെ ഇത് ചെയ്യുന്നത് നല്ല മാറ്റമുണ്ടാക്കും.
ബ്ലാക്ക്‌ഹെഡ്സ്
മിക്കവരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ബ്ലാക് ഹെഡ്സ്. മൂക്കിനിരുവശമൊക്കെ ബ്ലാക് ഹെഡ്സ് കാണാറുണ്ട്. ചർമത്തിൽ എണ്ണമയം കൂടുന്നതിനനുസരിച്ച് ബ്ലാക് ഹെഡ്സും കൂടും. അതിനായി അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ഫേസ് മാസ്ക് ആയി മുഖത്തിടുക. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് നല്ല മാറ്റമുണ്ടാക്കും.
മുഖത്തെ പാട് മാറാൻ
മുഖത്തെ പാടുകളും കലകളും കുറയാനും വെളുത്തുള്ളി സഹായിക്കും. ഇതില്‍ ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാതുക്കളുണ്ട്. ഇതിനായി ചതച്ച വെളുത്തുള്ളിയോ രണ്ടായി മുറിച്ച വെളുത്തുള്ളിയോ മുഖത്തുരസിയാല്‍ മതിയാകും.
മുഖത്തെ ചുളിവ് മാറ്റാൻ
ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും മികച്ച പോംവഴിയാണ് വെളുത്തുള്ളി. ഇതിലെ അലിസിന്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നു. ഇതാണ് ചർമത്തിലെ ചുളിവുകള്‍ നീക്കാനും ഇലാസ്റ്റിസിറ്റി നല്‍കാനും സഹായിക്കുന്നത്.അൽപം വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് പത്തുമിനിറ്റോളം മുഖത്തു വച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം.