ചർമത്തിലെ അരിമ്പാറകളും പാലുണ്ണികളും അലോസരപ്പെടുത്തുന്നുണ്ടോ? അകറ്റാനുള്ള വഴികൾ വീട്ടിലുണ്ട്

Mail This Article
ശരീരത്തിൽ ചെറിയ പരുക്കൻ മുഴകൾ ഉണ്ടാവാറുണ്ടോ? അലോസരപ്പെടുത്തുന്ന ഇത്തരം പരുക്കൻ മുഴകളെ പറയുന്ന പേരാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി. അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു. എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ഉണ്ടാകുന്ന നിരുപദ്രവകരമായ വളർച്ചയാണ് അരിമ്പാറ. ശരീരത്തിൽ എവിടെയും അവ ഉണ്ടാകാം. കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി കാണുന്നത്. അരിമ്പാറ ഒഴിവാക്കാനുള്ള വഴികൾ തേടി ഇനി അലയേണ്ട. ഇത് കളയാൻ ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
ആപ്പിൾ സിഡർ വിനാഗിരി
എച്ച്പിവിയോട് പോരാടാൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളാൽ സമ്പന്നമാണ് ആപ്പിൾ സിഡർ വിനാഗിരി. ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനാഗിരി ചേർത്ത് യോജിപ്പിക്കുക. ഒരു കോട്ടൺ പഞ്ഞി കൊണ്ട് ഈ മിശ്രിതം പ്രശ്ന ബാധിത പ്രദേശത്ത് പുരട്ടുക. ഇത് തുടർന്ന് ചെയ്താൽ മാറ്റം കാണാൻ സാധിക്കും.
വെളുത്തുള്ളി
ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വെളുത്തുള്ളിക്ക് ഉണ്ട്. വെളുത്തുള്ളി ഒരു കഷ്ണം എടുത്ത് അടുപ്പില്‍ ഇട്ട് ചൂടാക്കുക. തുടര്‍ന്ന് മുകള്‍ ഭാഗം മുറിച്ച് മാറ്റി അരിമ്പാറയുടെയോ പാലുണ്ണിയുടേയോ മുകളിൽ വെച്ച് കൊടുക്കുക. തൊലിപ്പുറത്ത് ആകാതെ സൂക്ഷിക്കണം.
ഇഞ്ചി
പച്ച ഇഞ്ചി ചെത്തിക്കൂര്‍പ്പിച്ച് ചുണ്ണാമ്പില്‍ മുക്കി അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ തേച്ചുകൊടുക്കുക. മുഖത്തെ അരിമ്പാറ കളയാന്‍ ഇത് ഉപയോഗിക്കരുത്. ഇത് കൂടാതെ കൈതച്ചക്ക ചതച്ച് അരിമ്പാറയുടെ മുകളിൽ വെക്കുന്നത് ഇതിനെ നിശ്ശേഷം നീക്കം ചെയ്യാൻ സഹായിക്കും.
തുളസി
മുഖത്തുള്ള അരിമ്പാറ പോക്കാന്‍ തുളസി നീര് അരിമ്പാറയുടെയും പാലുണ്ണിയുടെയും മുകളില്‍ പുരട്ടുക. നല്ല റിസൾട്ട് കിട്ടാൻ ഇത് കുറച്ചുകാലം ചെയ്യേണ്ടിവരും.
വൈറ്റമിൻ സി
രോഗപ്രതിരോധ സംവിധാനത്തിന് അത്യാവശ്യമായ വൈറ്റമിനാണിത്. മുറിവ് ഉണക്കുന്നതിനും ആരോഗ്യകരമായ ചർമ കോശങ്ങൾക്കും ഇത് സഹായിക്കുന്നു. നിങ്ങൾക്ക് ഒരു വിറ്റാമിൻ സി ടാബ്‌ലെറ്റ് ചതച്ച് വെള്ളത്തിൽ കലർത്താം. ഈ മിശ്രിതം അരിമ്പാറയിൽ പുരട്ടുക.
കറ്റാർ വാഴ
വേദന കുറയ്ക്കാൻ കറ്റാർ വാഴ ജെൽ നേരിട്ട് അരിമ്പാറയിൽ പുരട്ടുക. പൊള്ളൽ, സോറിയാസിസ് തുടങ്ങിയ ചർമ അവസ്ഥകൾക്കും ഇത് ആശ്വാസം നൽകും.
വേപ്പില
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം വേപ്പില ചര്‍മപ്രശ്‌നങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വേപ്പില കൊണ്ടുള്ള പേസ്റ്റ് സ്‌കിന്‍ ടാഗില്‍ നേരിട്ട് പുരട്ടുന്നത് കാലക്രമേണ അതിന്റെ വലിപ്പം കുറയ്ക്കാന്‍ സഹായിക്കും.