ചർമത്തിന്റെ തിളക്കം നഷ്ടമായോ? വിഷമിക്കണ്ട; പരീക്ഷിക്കാം ചില ഓറഞ്ച് കൊണ്ട് ചില സൂപ്പർ ഫേസ്പാക്കുകൾ

Mail This Article
ചർമത്തിന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഓറഞ്ച്. ഈ ഓറഞ്ച് സീസൺ തീരുന്നതിന് മുൻപ് ചർമ സംരക്ഷണത്തിന്റെ ചില ഓറഞ്ച് ടിപ്പുകൾ ഒന്ന് പരീക്ഷിച്ചാലോ? ഓറഞ്ചില്‍ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യും. കൂടാതെ ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യാനും ഇത് മികച്ചതാണ്. ചര്‍മത്തിന് യുവത്വവും തിളക്കവും നല്‍കാനും ഓറഞ്ച് സഹായിക്കുന്നു. മുഖക്കുരു അകറ്റാനും ചർമത്തിലെ അധിക എണ്ണമയം നീക്കാനും എല്ലാം ഓറഞ്ച് നീരോ തൊലിയോ ചേർത്ത പാക്കുകൾ ഏറെ സഹായിക്കും. ആന്റി ബാക്ടീരിയൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിരിക്കുന്നു. പിഗ്‌മന്റേഷൻ പ്രശ്നങ്ങൾ, ചർമത്തിലെ പാടുകളും മറ്റും അകറ്റി നിർത്തൽ, തിളക്കം വർധിപ്പിക്കൽ, മുഖക്കുരുവിന്റെ പ്രശ്നങ്ങൾ അകറ്റൽ തുടങ്ങിയ പലവിധ ചർമകാര്യങ്ങൾക്ക് ഓറഞ്ച് ഉപയോഗിക്കാം. നല്ല ഫലം നൽകുന്ന ചില ഓറഞ്ച് ഫേസ്പാക്കുകൾ പരിചയപ്പെടാം.
ഗോതമ്പും ഓറഞ്ചും
ചർമത്തിലെ അഴുക്കുകൾ നീക്കി നല്ല തിളക്കം നൽകാൻ ഏറെ ഉത്തമമായ രണ്ട് ചേരുവകളാണ് ഓറഞ്ചും ഗോതമ്പും. അതിനായി ഇവ രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്യുക. അതിനുശേഷം മുഖത്ത് കട്ടിയില്‍ പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ മുഖം കഴുകുക. ഇത് എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് ഉപയോഗിക്കുന്നത് ചര്‍മത്തിനു നല്ലതാണ്.
ഓറഞ്ചും തൈരും
ഓറഞ്ച് നീരും ഒരു ടീസ്‌പൂൺ തൈരും ചർമത്തിൽ മാജിക്കുകൾ ചെയ്യാൻ കഴിവുള്ള ചേരുവകളാണ്. ഇതിനൊപ്പം അൽപം മുൾത്താണിമിട്ടി കൂടി ചേർത്താൽ ഫലം ഇരട്ടിയാകും. ഈ മൂന്ന് ചേരുവകളും നല്ലതുപോലെ മിക്‌സ് ചെയ്ത് എടുക്കുക. അതിനുശേഷം മുഖത്ത് പുരട്ടാവുന്നതാണ്. നല്ല കട്ടിയില്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. വരണ്ട ചര്‍മം ഉള്ളവരാണെങ്കില്‍ കുറച്ച് തേന്‍ ചേര്‍ക്കുന്നത് നല്ലതായിരിക്കും. 15 മിനിറ്റ് കഴിയുമ്പോള്‍ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഓറഞ്ചും മഞ്ഞളും
പണ്ടു കാലം മുതല്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ള ഒന്നാണിത്. പായ്ക്കിനായി ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മഞ്ഞൾപ്പൊടിയും തൈരും ചേർത്തു മുഖത്തപ പുരട്ടുക. ഇത് ചർമത്തിനു നിറം നൽകാൻ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഈ പാക്ക് മികച്ചതാണ്.
ഓറഞ്ചും മുള്ളങ്കി നീരും
ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും ഒരു സ്പൂണ്‍ വീതം ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേക്കുന്നത് ചര്‍മത്തിന്റെ മൃദുത്വം സംരക്ഷിക്കാന്‍ മികച്ചതാണ്. ദിവസവും ചെയ്താല്‍ മാത്രമേ ഈ കൂട്ടിന്റെ ഗുണം മുഖത്തിന് ലഭിക്കുകയുള്ളൂ.