പലരും മൂക്കുപൊത്തുന്നു, രൂക്ഷമായ ദുർഗന്ധം: വിയർപ്പ് മണം ആത്മവിശ്വാസം ഇല്ലാതാക്കിയോ? പരിഹാരമുണ്ട്

Mail This Article
വിയർപ്പിന്റെ ദുർഗന്ധം കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ ഏറെയും. എത്രവിലകൂടിയ പെർഫ്യൂം ഉപയോഗിച്ചാലും ഒരു പരിധിക്കപ്പുറം ശരീരത്തിന്റെ ദുർഗന്ധം അകറ്റിനിർത്താനാകില്ല. ചിലപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയിലേക്ക് ശരീര ദുർഗന്ധം മാറുന്നു. എല്ലാവര്‍ക്കും അവരുടേതായ മണമുണ്ട്. ചിലര്‍ക്കത് ആരും ശ്രദ്ധിക്കുന്ന തോതിലുണ്ടാകില്ല. എന്നാല്‍ ചിലരിൽ അത് രൂക്ഷമായിരിക്കും. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്‍മാരെയാണ് ഈ പ്രശ്നം കൂടുതല്‍ അലട്ടുന്നത്. ഈ ദുര്‍ഗന്ധത്തിന്റെ കാരണം കണ്ടു പിടിച്ചാല്‍ അതിനുള്ള പരിഹാരവും എളുപ്പമാകും.
അമിതമായ വിയര്‍പ്പ്
ശരീരം വിയർക്കുന്നതു തന്നെയാണ് ഒരു പ്രധാനകാരണം. വിയര്‍ക്കുമ്പോള്‍ ഈർപ്പം തങ്ങിനിന്ന് ബാക്ടീരിയ പെരുകുന്നതിനു കാരണമാകും. ഇതുമൂലം ദുർഗന്ധമുണ്ടാകും. അമിതമായി വിയർക്കുമ്പോൾ ദുർഗന്ധമുണ്ടാകും.
ഹോർമോൺ
സ്ത്രീകളെ അപേക്ഷിച്ച് പ്രായപൂർത്തിയാകുന്നതോടെ പുരുഷന്മാരിൽ വിയർപ്പുഗ്രന്ഥികൾ സജീവമാകും. ഹോർമോണുകളിൽ വ്യതിയാനം സംഭവിക്കും. ഈ കാലയളവിൽ പുരുഷൻമാർക്ക് ദുർഗന്ധം കൂടുതലായിരിക്കും.
ഭക്ഷണം
ശരീരത്തിലെ മാറ്റങ്ങൾക്ക് കഴിക്കുന്ന ഭക്ഷണത്തിനു വലിയ ബന്ധമുണ്ട്. വിയർപ്പിലൂടെയുണ്ടാകുന്ന ദുർഗന്ധത്തിന്റെ കാര്യത്തിലു അങ്ങനെയാണ്. വെളുത്തുള്ളി, എരിവുള്ള ഭക്ഷണം, സള്‍ഫര്‍ അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം വിയർപ്പിലൂടെയുള്ള ദുർഗന്ധത്തിനിടയാക്കും.
സമ്മർദം
മനസ്സിന്റെ ആരോഗ്യം ശരീരത്തെയും ബാധിക്കും. സമ്മർദം, ഉത്കണ്ഠ തുടങ്ങിയവയുണ്ടാകുമ്പോൾ നമ്മൾ കൂടുതൽ വിയർക്കും. തത്ഫലമായി ദുർഗന്ധമുണ്ടാവുകയും ചെയ്യുന്നു. ഇതുമാത്രമല്ല, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നും പരിശോധിക്കണം.
പരിഹാരം
വിയര്‍പ്പിലൂടെ ശരീരത്തിലുണ്ടാകുന്ന ബാക്ടീരിയയെ നീക്കം ചെയ്യാൻ എല്ലാ ദിവസവും വൃത്തിയായി കുളിക്കണം. വിയർപ്പുമണം കുറയ്ക്കുന്നതിനായി ഡിയോഡറന്റുകൾ ഉപയോഗിക്കാം. കക്ഷത്തിലൊക്കെയുള്ള അമിതരോമം വാക്സ് ചെയ്യുന്നതും ദുർഗന്ധം കുറയ്ക്കാൻ സഹായിക്കും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവുമാണ് ദുര്‍ഗന്ധത്തെ ഒഴിവാക്കാനുള്ള മറ്റൊരു പോംവഴി. വ്യായാമം വിയര്‍ക്കാനിടയാക്കുമെങ്കിലും അതുവഴി അമിത സമ്മർദം ഒഴിവാകും. വെളുത്തുള്ളി, മദ്യം, ജങ്ക് ഫുഡ് പോലുള്ളവ പരമാവധി ഒഴിവാക്കാം.