മുപ്പതിലേ മുഖം ചുളിഞ്ഞോ? പേടി വേണ്ട, ജാഗ്രത മതി: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Mail This Article
എക്കാലവും തിളക്കമാർന്ന ചർമം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ, മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചർമത്തിൽ ചുളിവുകൾ വീഴാൻ തുടങ്ങും. ചുളിവുകൾ വീഴുന്നത് വാർധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. അതുകൊണ്ടു തന്നെ ചർമത്തിൽ വീഴുന്ന ഇത്തരം ചുളിവുകൾ പലപ്പോഴും ആത്മവിശ്വാസം കെടുത്തും. എന്നാൽ ചർമം പെട്ടെന്നു ചുളിയുന്നതിനു കാരണം പ്രായമാകുന്നതു മാത്രമല്ലെന്ന് എത്രപേര്‍ക്കറിയാം. അതിനു മറ്റുപലകാരണങ്ങളുണ്ട്. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ചര്‍മത്തിൽ വീഴുന്ന ഇത്തരം ചുളിവുകൾ ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും.
മുഖം മസാജ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം
ചർമസംരക്ഷണം തന്നെയാണ് ആദ്യപടിയായി ചെയ്യേണ്ടത്. ശരിയായ രീതിയിൽ ചർമം സംരക്ഷിക്കാത്തത് ചർമത്തിൽ ചുളിവുകൾ വീഴുന്നതിനു കാരണമാകും. മുഖം മസാജു ചെയ്യുമ്പോഴും ക്രീമോ പൗഡറോ ഉപയോഗിക്കുമ്പോഴും കൈകളുടെ ദിശ താഴേക്കായിരുന്നാൽ മുഖത്ത് ചുളിവുകളുണ്ടാകാനിടയുണ്ട്. മസാജു ചെയ്യുമ്പോൾ എപ്പോഴും വിരലുകൾ മുകളിലേക്കോ വശങ്ങളിലേക്കോ മാത്രമേ ചലിപ്പിക്കാവൂ. ഉറങ്ങാൻ പോകും മുൻപ് ഏതെങ്കിലും നറിഷിങ് ക്രീം മുഖത്തും കഴുത്തിലും പുരട്ടണം. ഇങ്ങനെ നിത്യവും ചെയ്താൽ നല്ലമാറ്റം ഉണ്ടാകും. ചർമത്തിലെ ചുളിവുകൾ മാറുകമാത്രമല്ല, നല്ല തിളക്കവും ഉണ്ടാകും.
പഴങ്ങളുടെ നീര്
പാൽപ്പാടയിൽ നാരങ്ങാനീരു ചേർത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാല്‍ മുഖത്തെ ചുളിവുകളകലും. പഴച്ചാർ മുഖത്തു പുരട്ടുന്നത് ചർമത്തിലെ ചുളിവുകൾ അകറ്റാനും മൃദുത്വം നൽകാനും സഹായിക്കും. ആപ്പിളും നന്നായി പഴുത്ത പപ്പായയും ഈ രീതിയിൽ ഉപയോഗിക്കാം.
എണ്ണ തേയ്ക്കുക
നിത്യവും കുളിക്കുന്നതിനു മുൻപ് ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക. ചർമത്തിലെ ചുളിവുകളകലുകയും കൂടുതല്‍ മൃദുവാകുകയും ചെയ്യും. കുളി കഴിഞ്ഞാലുടന്‍ മുഖത്തും കഴുത്തിലും കൈകളിലും മോയ്സ്ചറൈസർ പുരട്ടണം. ചർമം എന്നെന്നും സുന്ദരമായി സൂക്ഷിക്കാൻ ദിവസവും കുളിക്കും മുൻപ് മഞ്ഞൾ, ചെറുപയർ, ചെത്തിപ്പൂവ് ഇവ ഉണക്കിപ്പൊടിച്ച് ശരീരത്ത് പുരട്ടിയാൽ മതി.
കൂടുതൽ വെയിലേൽക്കരുത്
ശരീരത്തിൽ പെട്ടെന്ന് തന്നെ വെയിലേൽക്കുന്ന ഭാഗമാണ് മുഖം. കൂടുതൽ സൂര്യപ്രകാശമേറ്റാൽ മുഖത്ത് പെട്ടെന്ന് ചുളിവുകൾ വീഴും. അതുകൊണ്ടു തന്നെ അധികം വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മികച്ച ഒരു സൺസ്ക്രീൻ ഉപയോഗിച്ച ശേഷം മാത്രം പുറത്തിറങ്ങാൻ ശ്രദ്ധിക്കണം.