സൗന്ദര്യം കൂടാൻ തക്കാളി മാത്രം മതി; ചര്‍മം തിളങ്ങാൻ ഇതാ സിംപിൾ ഫേസ്പാക്ക്

Mail This Article
നമ്മൾ മലയാളികൾക്ക് സാമ്പാറിൽ തക്കാളിയില്ലാതെ പറ്റില്ല അല്ലേ? എന്നാൽ കറികൾക്ക് രുചി നൽകാൻ മാത്രമല്ല. ചർമത്തിനു തിളക്കം നൽകാനും തക്കാളി മികച്ചതാണ്. നിങ്ങളുടെ ചർമ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നത് നിർജ്ജീവ കോശങ്ങൾ രൂപപ്പെടുന്നതു പോലെയുള്ള പ്രശ്നങ്ങൾക്കു കാരണമാകും. ഇത് ഒഴിവാക്കാൻ തക്കാളി മികച്ചൊരു പരിഹാരമാണ്.നിങ്ങളുടെ ചർമത്തിനുള്ള ഏറ്റവും മികച്ച ഒരു എക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ ഉണ്ട്. കൂടാതെ ചർമത്തിലെ എണ്ണമയത്തിന്റെ ഉൽപാദനം സ്വാഭാവികമായ രീതിയിൽ കുറയ്ക്കുന്നതിന് തക്കാളി ഒരു പരിഹാരമായി പ്രവർത്തിക്കും. ഒപ്പം മുഖക്കുരു അകറ്റാനും ചർമം മിനുസമുള്ളതാക്കാനും തക്കാളി വളരെ മികച്ചതാണ്. തക്കാളി ഉപയോഗിച്ച് ചർമം മിനുക്കാൻ സഹായിക്കുന്ന 3 ഫേസ്പാക്കുകളെ പരിചയപ്പെടാം
തക്കാളിയും തേനും
തക്കാളി പോലെ തന്നെ ചർമത്തിൽ മാസ്മരികമായ മാറ്റം ഉണ്ടാക്കാൻകഴിയുന്ന ഒന്നാണ് തേൻ. ചർമത്തിലെ ചുളിവുകൾ അകറ്റാനും, നിറം നൽകാനുമൊക്കെ തേൻ സഹായിക്കും. അതുകൊണ്ടു തന്നെ തക്കാളിയും തേനും കൂടി ചേർത്തു മുഖത്ത് പുരട്ടുന്നത് ചർമത്തിനു മികച്ച പോംവഴിയാണ്. ഇതിനായി പഴുത്ത തക്കാളി നീരും ഒരു ടേബിൾ സ്പൂൺ തേനും കുറച്ച് തൈരും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മാറ്റം നിങ്ങൾക്ക് കണ്ടറിയാം.
തക്കാളിയും ഓട്സും
ചർമം തിളങ്ങാനും ബ്ലാക്ക്‌ഹെഡ്‌സിനു പരിഹാരം കാണാനും സഹായിക്കുന്ന മാര്‍ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും നല്ല ഫലം ചെയ്യുന്നതുമായ ഒന്നാണ് ഓട്‌സും തക്കാളിയും. ഒപ്പം അൽപം തൈരും കൂടി ചേർത്താൽ ഇരട്ടി ഫലം ലഭിക്കും. ഇതിനായി തക്കാളി പേസ്റ്റും ഒരു ടേബിൾസ്പൂൺ ഓട്സ് പൊടിച്ചതും അൽപം തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക.15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
തക്കാളിയും ചെറുപയർ പൊടിയും
മുഖത്തിനു നിറം വയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍. ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. പാക്ക് ഉണ്ടാക്കാനായി രണ്ട് സ്പൂൺ തക്കാളി പേസ്റ്റിലേക്ക് അൽപം ചെറുപയർ പൊടിയും ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ തേൻ എന്നിവ ചേർത്ത് യോജിപ്പിക്കുക. 20 മിനുട്ട് നേരം ഈ പാക്ക് ഇടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.